palakkad local

ജില്ലയിലെ മലയാളം എച്ച്.എസ്.എ. റാങ്ക് ഹോള്‍ഡേഴ്‌സ് നിയമനടപടിയിലേക്ക്

ഒഴിവുകള്‍ ധാരളമുണ്ടെങ്കിലും യാതൊരു നിയമനവും നടത്താത്ത പി.എസ്.സിയുടേയും ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റേയും നടപടിക്കെതിരെ ഉദ്യോഗാര്‍ഥികള്‍ നിയമന നടപടികളിലേക്ക് നീങ്ങുന്നു. ജില്ലയിലെ എച്ച്.എസ്.എ. സോഷ്യല്‍ സ്റ്റഡീസ് റാങ്ക് ഹോള്‍ഡേഴ്‌സാണ് നിയമനടപടിയിലേക്ക് നീങ്ങുന്നത്. നിയമനങ്ങള്‍ കാലാഹരണപെടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കത്തിന് ഉദ്യോഗാര്‍ത്ഥികള്‍ തയ്യാറായിരിക്കുന്നത്. 2011ല്‍ പ്രാബല്യത്തില്‍ വന്ന സോഷ്യല്‍ സ്റ്റഡീസ് (മലയാളം) റാങ്ക്‌ഹോള്‍ഡേഴ്‌സാണ് ബന്ധപ്പട്ടവരുടെ അനാസ്ഥക്കെതിരെ നിയമനടപടിക്കൊരുങ്ങുന്നത്. തൊട്ടടുത്ത മലപ്പുറം ജില്ലയില്‍ പോലും 75 ശതമാനത്തോളം ഒഴിവുകളില്‍ ഇതേ തസ്തികയില്‍ നിയമനം നടന്നുകഴിഞ്ഞിട്ടും പാലക്കാട് ജില്ലയില്‍ ബന്ധപ്പെട്ടവര്‍ നിയമനം മന്ദഗതിയിലാക്കി ലിസ്റ്റ് ക്യാന്‍സലാവുന്ന സാഹചര്യത്തിലാണ് റാങ്ക് ഹോള്‍ഡേഴ്‌സ് ട്രൈബൂണലിനെ സമീപിച്ചത്. അതേസമയം റാങ്ക് ലിസ്റ്റില്‍ തിരിമറി നടത്തി നിയമനം നടത്തിയത് പിടിക്കപ്പെടുകയും ജീവനക്കാരെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. സി.പി.എം യുവജന നേതാവിനുവേണ്ടി നടത്തിയ തിരിമറി റദ്ദാക്കുകയും ജീവനക്കാരെ സസ്‌പെന്റ് ചെയ്യുകയും ചെയ്തതോടെ ലിസ്റ്റ് കാലാവധി കഴിയുകയായിരുന്നു. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ജില്ലയില്‍ പാലക്കാട്, ഒറ്റപ്പാലം, മണ്ണാര്‍ക്കാട് ഉപജില്ലകളിലായി 11, 7, 5 ക്രമത്തില്‍ മൊത്തം 23 യു.പി. സ്‌കൂളുകള്‍ ഹൈസ്‌കൂളായി അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്. ഇതിന്റെ ഫലമായി വന്ന 23 ഒഴിവുകള്‍ക്ക് പുറമെ അധ്യാപകര്‍ വിരമിച്ച ഒഴിവുകള്‍ കൂടി കൂട്ടുമ്പോള്‍ അന്‍പതിലധികം ഒഴിവുകളുള്ളതായി റാങ്ക് ഹോള്‍ഡേഴ്‌സ് പറയുന്നു. എന്നാല്‍ ജില്ലാ വിദ്യാഭ്യാസ അധികര്‍ പറയുന്നത് കേവലം 12 ഒഴിവുകളെ ഉള്ളൂ എന്നാണ് ബാക്കി ഒഴിവുകള്‍ നോഷണല്‍ (സാങ്കല്‍പികം) എന്നാണ്. ശമ്പളവും ആനുകല്യങ്ങളും നല്‍കുമ്പോള്‍ പോലും കൃത്യമായ കണക്ക് അധികൃതര്‍ക്ക് പക്കലില്ലെന്നതാണ് ഇത് കാണിക്കുന്നതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടികാട്ടുന്നു. പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോള്‍ തസ്തിക നഷ്ടപ്പെട്ട എയ്ഡഡ് അധ്യാപകരേയും ദിവസ വേതനക്കാരെയും ഗവ. സ്‌കൂളുകളില്‍ നിയമിക്കുന്നത് തടഞ്ഞുകൊണ്ട് 2005ല്‍ കോടതി ഉത്തരവും തുടര്‍ന്ന് സര്‍ക്കാര്‍ സര്‍ക്കുലറും നിലനില്‍ക്കെ പലയിടത്തും ഇത് ലംഘിക്കപ്പെടുന്നതായും ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടേയൊ സംഘടനകളുടേയൊ പിന്‍ബലമില്ലാത്ത തങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ആരും മുന്നോട്ട് വരാത്ത സാഹചര്യമാണ് നിലവില്ലുള്ളത്. ഇനിയും തങ്ങളുടെ പ്രശ്‌നത്തിന് പി.എസ്.സിയെങ്കിലും നടപടിയുണ്ടാക്കാത്ത പക്ഷം നിരാഹാര സമരമുള്‍പ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ട് പോവുമെന്ന് സോഷ്യല്‍ സ്റ്റഡീസ് (മലയാളം) റാങ്ക് ഹോള്‍ഡേഴ്‌സ് ഭാരവാഹികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it