wayanad local

ജില്ലയിലെ പെട്രോളിയം ഡീലര്‍മാര്‍ പ്രക്ഷോഭത്തിലേക്ക്

കല്‍പ്പറ്റ: ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് മറികടന്ന് ജില്ലയില്‍ പുതിയ പെട്രോളിയം ഔട്ട്‌ലെറ്റുകള്‍ക്ക് എന്‍ഒസി നല്‍കിയ അധികൃതരുടെ നടപടിക്കെതിരേ ജില്ലാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ സമരത്തിനൊരുങ്ങുന്നു.
ഇതിന്റെ ഭാഗമായി മാര്‍ച്ച് എട്ടിനു സംസ്ഥാന പ്രസിഡന്റ് അഡ്വ. തോമസ് വൈദ്യന്‍ കലക്ടറേറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തുമെന്നും ഒമ്പതു മുതല്‍ ജില്ലയിലെ മുഴുവന്‍ ഔട്ട്‌ലെറ്റുകളും അടച്ചുള്ള സമരത്തിന് നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൃഷി സ്ഥലങ്ങള്‍ നികത്തിയും കുന്നിടിച്ചും പാറപൊട്ടിച്ചും ചതുപ്പ് നിലങ്ങള്‍ നികത്തിയുമുള്ള പുതിയ ഔട്ട്‌ലറ്റുകള്‍ക്ക് അനുമതി നല്‍കരുതെന്നു ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കിയിരുന്നു.
പ്രത്യേക പാരിസ്ഥിതിക സാഹചര്യങ്ങള്‍ പരിഗണിച്ച് വയനാട്ടില്‍ പുതിയ പെട്രോളിയം ഔട്ട്‌ലെറ്റുകള്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് അഡ്വ. പി ചാത്തുക്കുട്ടി നല്‍കിയ പരാതിയിലാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍, മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇതിനകം തന്നെ ഏഴ് ഔട്ട്‌ലെറ്റുകള്‍ക്ക് അധികൃതര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതിനെതിരേ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നു ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുകയാണ്. പെട്രോളിയം ഔട്ട്‌ലെറ്റുകള്‍ക്ക് എന്‍ഒസി അനുവദിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഏകജാലക സംവിധാന നടപടികള്‍ പുരോഗമിക്കവേ ധൃതിപിടിച്ച് എന്‍ഒസി നല്‍കുന്ന ഉദ്യോഗസ്ഥരുടെ നടപടി സംശയാസ്പദമാണ്. വെള്ളമുണ്ട, കൈതക്കല്‍, വടുവന്‍ചാല്‍, പുല്‍പ്പള്ളി, ചുള്ളിയോട് എന്നിവിടങ്ങളിലെ ഔട്ട്‌ലെറ്റുകള്‍ക്കാണ് നിയമവിരുദ്ധമായി അനുമതി നല്‍കിയിരിക്കുന്നത്. ഇതില്‍ വടുവന്‍ചാലിലും പുല്‍പ്പള്ളിയിലും രണ്ടു വീതം ഔട്ട്‌ലെറ്റുകള്‍ക്കാണ് അനുമതി. സംസ്ഥാന കമ്മിറ്റി അംഗം കെ എം ഇബ്രാഹീം, വൈസ് പ്രസിഡന്റ് വായോളി മുഹമ്മദ്, ജില്ലാ സെക്രട്ടറി ഹിജാസ് മുഹമ്മദ്, ജോയിന്റ് സെക്രട്ടറി എം ഡി വര്‍ഗീസ് പങ്കെടുത്തു.
Next Story

RELATED STORIES

Share it