Kollam Local

ജില്ലയിലെ കോണ്‍ഗ്രസില്‍ കലഹം തുടരുന്നു; നേതൃയോഗത്തില്‍ നേതാക്കള്‍ക്ക് എതിരേ വിമര്‍ശനം

കൊല്ലം:ജില്ലയിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ കുണ്ടറയിലെ തോറ്റ സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നേതൃത്വത്തിനും അണികള്‍ക്കുമെതിരെ പൊട്ടിത്തെറിച്ചു.
സ്ഥാനാര്‍ഥിയായല്ല വന്നിരുന്നതെങ്കില്‍ വെറുതെവിടില്ലെന്ന് മണ്ഡലം ഭാരവാഹിയുടെ സാന്നിധ്യത്തില്‍ ചിലര്‍ ആക്രോശിച്ചതായി ഉണ്ണിത്താന്‍ പരാതിപ്പെട്ടു. ഇത്തരം ആളുകളുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കൂട്ടത്തോല്‍വി ഉണ്ടായില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളു എന്നായിരുന്നു ഉണ്ണിത്താന്റെ പ്രതികരണം. രാജീവ്ഗാന്ധി അനുസ്മരണത്തിനുശേഷമാണ് നേതൃയോഗം ചേര്‍ന്നത്.
രാജ്‌മോഹന്‍ ഉണ്ണിത്താന്റെ സ്വരം കടുത്തതോടെ ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് യോഗം പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു. ഇക്കാര്യങ്ങളെല്ലാം നാളെ ചേരുന്ന കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ അവതരിപ്പിക്കാമെന്ന് പറഞ്ഞ് കൊടിക്കുന്നില്‍ തടിയൂരുകയായിരുന്നു. 11 നിയമസഭാ മണ്ഡലങ്ങളിലും കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നത് അപ്രതീക്ഷിതവും അവിചാരിതവുമാണ്.
ജില്ലയില്‍ അഞ്ച് സീറ്റിലെങ്കിലും ജയിക്കുവാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. തിരെഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഒരു ഘട്ടത്തിലും ഇത്ര കനത്ത പരാജയം യുഡിഎഫിനുണ്ടാകുമെന്ന് കരുതിയിരുന്നില്ല. ബി—ജെപിയുടേയും ആര്‍എസ്എസിന്റെയും ഭയാനകമായ തിരെഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ന്യൂനപക്ഷ സമുദായങ്ങളെ ഭയപ്പെടുത്തി. ഇടതുമുന്നണിക്ക് മാത്രമേ ബിജെപിയെ തടയാന്‍ കഴിയൂ എന്ന എല്‍—ഡിഎഫിന്റെ പ്രചരണവും യു—ഡിഎഫിന് വിനയായി. മദ്യ മുതലാളിമാര്‍ ബാറുകള്‍ പൂട്ടിയതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫിന് പിന്തുണ നല്‍കുകയും പണം വാരിക്കോരി നല്‍കുകയും ചെയ്തു.
ജില്ലയില്‍ മിക്ക മണ്ഡലങ്ങളിലും ബിജെപിയും സി—പി—എമ്മും തമ്മില്‍ വോട്ടു കച്ചവടം നടന്നതും യുഡിഎഫ് വിജയത്തെ ബാധിച്ചു. പത്തനാപുരം മണ്ഡലത്തില്‍ 20000 ലധികം വോട്ടുകളുള്ള ബി—ജെപി നേടിയത് പതിനായിരം വോട്ടുകള്‍ മാത്രമാണ്. ബാക്കി വോട്ടുകള്‍ ഇടതുമുന്നണിക്ക് മിറച്ച് കൊടുത്തതിന് തെളിവാണിത്. ചവയിലും സമാനമായ സാഹചര്യമാണ് ഉണ്ടായത്.
യുഡിഎഫിലെ മുഖ്യ കക്ഷിയായ കോണ്‍ഗ്രസിന്റെ സംഘടനാപരമായ ദൗര്‍ബ്ബല്യങ്ങളും ഘടകകക്ഷികള്‍ക്ക് ജില്ലയില്‍ വേണ്ടത്ര അടിത്തറയില്ലാത്തതും തിരെഞ്ഞെടുപ്പില്‍ പോരായ്മയായി മാറിയതായും യോഗം വിലയിരുത്തി. സ്ഥാനാര്‍ഥികള്‍ക്കെതിരായി പ്രവര്‍ത്തിച്ചവര്‍ക്കെതിരേ കര്‍ശനമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലുണ്ടായ വമ്പന്‍ പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിനെതിരെ പരക്കെ വിമര്‍ശനം ഉയരുന്നു. സംഘടനാ സംവിധാനം പൂര്‍ണമായി നിലച്ചെന്നും ഡിസിസി അധ്യക്ഷനായ കൊടിക്കുന്നില്‍ സുരേഷ് പൂര്‍ണ പരാജയമായിരുന്നുവെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ആരോപിച്ചു. അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറക്കുന്നതിനു പകരം അത് ഗ്രൂപ്പ് പ്രവര്‍ത്തനത്തിന് ഉപയോഗിച്ചെന്ന പരാതി നേരത്തേ ഐഎന്‍ടിയുസി ഉയര്‍ത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രകടനത്തില്‍ കോണ്‍ഗ്രസിലെ പോരായ്മകളെ ഇല്ലാതാക്കാനാണ് കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് ഡിസിസി അധ്യക്ഷന്റെ ചുമതല നല്‍കിയത്.എന്നാല്‍ തോല്‍വിക്ക് കോണ്‍ഗ്രസിനെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നാണ് ആര്‍എസ്പി നേതാവും മുന്‍ മന്ത്രിയുമായ ഷിബുബേബി ജോണിന്റെ അഭിപ്രായം. അതേ സമയം ആര്‍എസ്പി പരമ്പരാഗത വോട്ടുകളില്‍ ഭിന്നത ഉണ്ടായതായി അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വിഭാഗത്തിന്റെ വോട്ടുകള്‍ കൂടുതലും ഇടതു പക്ഷത്തിനാണ് ലഭിച്ചത്. ബിജെപിയുടെ വര്‍ഗ്ഗീയ അജണ്ടക്ക് ബദലായി ഇടതു പക്ഷം മാത്രമാണെന്ന പ്രചരണമാണ് എല്‍ഡിഎഫ് നടത്തിയത്. പിന്നോക്ക സമുദായങ്ങള്‍ കോണ്‍ഗ്രസിനൊപ്പമില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു. ചാത്തന്നൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ശൂരനാട് രാജശേഖരന്റെ തോല്‍വിയില്‍ മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷ ബിന്ദുകൃഷ്ണക്കെതിരേ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥിക്കായി ബിന്ദുകൃഷ്ണ വോട്ടു മറിച്ചെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസിസി ഓഫിസിന് മുന്നില്‍ ബിന്ദുകൃഷ്ണയുടെ കോലവും കത്തിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന്‍ ചാത്തന്നൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോയതും കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി. ചാത്തന്നൂരില്‍ കോണ്‍ഗ്രസ് വോട്ടുകളാണ് എന്‍ഡിഎ സമാഹരിച്ചത്. ചാത്തന്നൂരില്‍ ബിജെപി സ്ഥാനാര്‍ഥി ബിബി ഗോപകുമാര്‍ രണ്ടാം സ്ഥാനത്ത് എത്തിയത് കോണ്‍ഗ്രസിന് തലവേദനയായിട്ടുണ്ട്. സാമുദായിക ധ്രുവീകരണം അടക്കം ഇതിന് പലകാരണങ്ങള്‍ ചൂണ്ടിക്കാണിക്കാമെങ്കിലും യുഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് പുറന്തള്ളിയത് തിരിച്ചടിയായി. ചരിത്രത്തിലാദ്യമായി ഇത്രയും വലിയ പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസിന് മൂന്നാം തവണയും എംഎല്‍എ ഇല്ലാതായി.
കൊട്ടാരക്കര, കുന്നത്തൂര്‍, കൊല്ലം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രവര്‍ത്തകരെ സജീവമാക്കാന്‍ നേതൃത്വം ശ്രമിച്ചില്ലെന്ന പരാതിയുമുണ്ട്.
Next Story

RELATED STORIES

Share it