palakkad local

ജില്ലയിലെ കൃഷി രീതി മാറ്റണമെന്ന മുന്നറിയിപ്പുമായി ജലസേചന വകുപ്പ്

പാലക്കാട്: കാലാവസ്ഥ പ്രവചനാതീതമായതോടെ ജില്ലയിലെ കൃഷിരീതി കാലത്തിനനുസരിച്ച് മാറ്റണമെന്ന മുന്നറിയിപ്പുമായി ജലസേചനവകുപ്പ് രംഗത്ത്. വേനല്‍ കനക്കുന്ന സാഹചര്യം കണക്കിലെടുത്ത് മൂപ്പു കുറവുള്ള വിത്തുകള്‍ ഉപയോഗിക്കുന്നതുള്‍പ്പെടെയുള്ള നവീന കൃഷിരീതീകള്‍ കര്‍ഷകര്‍ പരീക്ഷിക്കണമെന്നാണ് ജില്ലാ കൃഷിവകുപ്പ് ആവശ്യപ്പെടുന്നത്.
90 ദിവസം മൂപ്പുള്ള വിത്തുകളുപയോഗിക്കണമെന്ന് ജലസേചന വകുപ്പ് നിര്‍ദ്ദേശിക്കുമ്പോള്‍ വൈക്കോല്‍ കുറവാകുന്നതിനാല്‍ കര്‍ഷകര്‍ ഇതില്‍ നിന്നും പിന്തിരിയുകയാണ്. പകരം 110, 120 ദിവസം മൂപ്പുള്ള വിത്തുകളാണ് കര്‍ഷകര്‍ ഉപയോഗിക്കുന്നത്.
ഇതിനായി 120 ദിവസംവരെ വെള്ളം വിട്ടു കൊടുക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. പ്രധാന ജലസ്രോതസ്സായ മലമ്പുഴ അണക്കെട്ടിനെ ആശ്രയിച്ചാണ് ജില്ലയിലെ ബഹുഭൂരിപക്ഷം കര്‍ഷകരും കൃഷിയിറക്കിയിരിക്കുന്നത്. മീനമാസമായിട്ടും വേനല്‍മഴ ലഭിക്കാത്തതിനാല്‍ മലമ്പുഴ ഉള്‍പ്പെടെയുള്ള അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ന്ന അവസ്ഥയിലാണ്. കഷ്ടിച്ച് ഒരു മാസത്തേക്കുള്ള വിതരണത്തിനുള്ള വെള്ളം മാത്രമേ മലമ്പുഴയില്‍ അവശേഷിക്കുന്നുള്ളു എന്നാണ് അധികൃതര്‍ പറയുന്നത്. ഇതില്‍ കാര്‍ഷികാവശ്യത്തിനുള്ള വിതരണം സാധ്യമാകുമോ എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. ഇതോടെ കര്‍ഷകര്‍ ആശങ്കയിലായിരിക്കുകയാണ്. രണ്ടാംവിളയില്‍ കര്‍ഷകരെ സഹായിച്ചത് മലമ്പുഴയില്‍ നിന്നുള്ള ജലവിതരണമാണ്.
കാര്‍ഷികാവശ്യത്തിനു മാത്രം മലമ്പുഴ അണക്കെട്ടില്‍ നിന്നും കുറഞ്ഞത് വര്‍ഷത്തില്‍ 90 ദിവസമെങ്കിലും വെള്ളം നല്‍കുന്നുണ്ട്. പാലക്കാട്, ഒറ്റപ്പാലം, ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കുകളിലെ പാടശേഖരങ്ങളിലേക്കാണ് മലമ്പുഴയില്‍ നിന്നും വെള്ളം തുറന്നു വിടുന്നത്. 31 . 68 കിലോമീറ്റര്‍ വരുന്ന ഇടതുകനാലും 32 കിലോമീറ്റര്‍ വരുന്ന വലതുകര കനാലുമാണ് വയലുകള്‍ക്ക് ജീവജലമെത്തിക്കുന്നത്.
ഇത്തവണ ഒന്നാംവിള നടീലിനുപോലും മൂന്നുനാള്‍ മലമ്പുഴ ഡാം തുറക്കേണ്ടതായിവന്നു. നവംബറില്‍ ആരംഭിച്ച രണ്ടാംവിളകള്‍ക്കുവേണ്ടിയും വെള്ളം നിശ്ചിത ഇടവേളകളില്‍ തുറന്നു വിട്ടിരുന്നു. കൃഷി വകുപ്പ് നിര്‍ദ്ദേശിക്കുന്ന വിധം മൂപ്പ് കുറഞ്ഞ വിത്തുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ ജലദൗര്‍ലഭ്യത കാരണമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഏറെക്കുറെ പരിഹരിക്കപ്പെടും.
Next Story

RELATED STORIES

Share it