thiruvananthapuram local

ജിയോളജിസ്റ്റും ഡോക്ടറും ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍

കഴക്കൂട്ടം: മണ്ണ് വില്‍പ്പനക്കാരനായ കൊല്ലം സ്വദേശിയെ കഴക്കൂട്ടത്ത് വിളിച്ച്‌വരുത്തി തട്ടികൊണ്ട് പോയി മര്‍ദ്ദിച്ച ശേഷം പണവും മൊബൈല്‍ഫോണും തട്ടിയെടുത്ത സംഭവത്തില്‍ ജിയോളജിസ്റ്റും ആയുര്‍വേദ ഡോക്ടറും ഉള്‍പ്പെടെ അഞ്ച് പേര്‍ പോലിസ് പിടിയില്‍.

നേരത്തെ കൊല്ലം ജില്ലയിലും ഇപ്പോള്‍ പത്തനംതിട്ട ജില്ലാ ജിയോളജിസ്റ്റുമായ പേരൂര്‍ക്കട ഇന്ദിര നഗര്‍ ചൂണ്ടിക്ക് ഹൗസില്‍ ശ്രീജിത്ത് (43), ഇയാളുടെ സുഹൃത്തും ആയുര്‍വേദ ഡോക്ടറുമായ വട്ടിയൂര്‍ക്കാവ് വാഴോട്ടുകോണം സ്വദേശി സജീവ് (42), ജിയോളജിസ്റ്റിന്റെ ബിനാമിയും കഴക്കൂട്ടത്ത് വാടകയ്ക്ക് താമസക്കാരനുമായ കൊല്ലം ചാത്തന്നൂര്‍ മീനാട് ഈസ്റ്റില്‍ തിരുവോണം വീട്ടില്‍ ശ്രീകുമാര്‍ (37), കഴക്കൂട്ടത്ത് ഓട്ടോ ഡ്രൈവര്‍മാരായ കുളത്തൂര്‍ സ്വദേശി അജികുമാര്‍ (43), വെട്ടുറോഡ്— സ്വദേശി ശിവകുമാര്‍ (38) എന്നിവരെയാണ് കഴക്കൂട്ടം പോലിസും ഷാഡോ പോലിസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
കൊല്ലം കിഴക്കേകല്ലട യമുനാ മന്ദിരത്തില്‍ സലിം എന്ന് വിളിക്കുന്ന സലിം കുമാറിനെ (45) ആണ് ഇവര്‍ കഴക്കൂട്ടത്ത് വിളിച്ചുവരുത്തിയ ശേഷം പണവും മൊബൈല്‍ ഫോണും കവര്‍ന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പോലിസ് പറയുന്നത് ഇങ്ങനെ: ഏറേ നാളായി ശ്രീജിത്തും സലിം കുമാറും നല്ല ബന്ധത്തിലായിരുന്നു. മണല്‍ വില്‍പ്പന നടത്തുന്നതിനും മറ്റും സലിം കുമാറിനെ ഇയാള്‍ വഴിവിട്ട് സഹായിച്ചിരുന്നു. അടുത്തിടെ ശ്രീജിത്ത് സലിം കുമാറിനോട് കൈക്കൂലി അമിതമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ തെറ്റുകയായിരുന്നു. തുടര്‍ന്ന് ശ്രീജിത്തിനെതിരേ സലിം കുമാര്‍ വിജിലന്‍സില്‍ പരാതി കൊടുത്തു. പിന്നീട് പത്തനംതിട്ട ജില്ലാ ജിയോളജിസ്റ്റായി ശ്രീജിത്തിന് സ്ഥലം മാറ്റമുണ്ടായി.
എന്നാല്‍, കഴിഞ്ഞ ഞായറാഴ്ച പുതുതായി കൊല്ലത്ത് ചാര്‍ജ്ജെടുത്ത ജിയോളജിസ്റ്റാണെന്ന് കരുതി അദ്ദേഹത്തിന്റെ ഔദ്യോഗിക നമ്പറില്‍ സലിം കുമാര്‍ വിളിക്കുകയും ശ്രീജിത്തിനെതിരെ അഴിമതി ആരോപണവും കൈക്കുലി വാങ്ങുന്നതുമൊക്കെ പറഞ്ഞു. എന്നാല്‍ പത്തനംതിട്ടയില്‍ സ്ഥലം മാറിയെങ്കിലും ശ്രീജിത്ത് തന്നെയായിരുന്നു ഔദ്യോഗിക നമ്പര്‍ ഉപയോഗിച്ചിരുന്നത്.
സലിം കുമാര്‍ പറഞ്ഞതെല്ലാം കേട്ടശേഷം ഇനി ഈ നമ്പറില്‍ വിളിക്കരുതെന്ന് പറഞ്ഞ ശ്രീജിത്ത് സുഹൃത്തും ആയൂര്‍വേദ ഡോക്ടറുമായ സഞ്ജീവിന്റെ നമ്പര്‍ നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇൗ നമ്പറില്‍ വിളിച്ച സലിം കുമാറിനെ കൂഴട്ടത്ത് എത്താന്‍ പറഞ്ഞു. ഇതനുസരിച്ച് സലിം കുമാര്‍ അടങ്ങുന്ന നാലംഗ സംഘം കാറില്‍ കഴക്കൂട്ടം ജങ്ഷനിലെത്തിയ ശേഷം ശ്രീജിത്തിനെ ബന്ധപ്പെട്ടു. തുടര്‍ന്ന് അല്‍സാജ് ഹോട്ടലിന് മുന്നിലെത്താനും അവിടെ ഒരു ഓട്ടോ ഉണ്ടാകുമെന്നും സലിം കുമാര്‍ മാത്രം അതില്‍ കയറിവരാനും പറഞ്ഞു. ഇതനുസരിച്ചാണ് അജികുമാറിന്റെ ഓട്ടോയില്‍ സലിം കുമാര്‍ കയറിയെങ്കിലും ആളൊഴിഞ്ഞ സ്ഥ—ലത്താണ് എത്തിച്ചത്.
ഇവിടെ കാത്തുനിന്ന ശ്രീകുമാറും ശിവകുമാറും ചേര്‍ന്ന് സലിം കുമാറിനെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം 22000 രൂപയും മൊബൈല്‍ഫോണും തട്ടിയെടുക്കുകയായിരുന്നു.
കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ പി അനില്‍കുമാര്‍, സിഐ ബാബുരാജ്, എസ്‌ഐ സുനില്‍ അടങ്ങുന്ന പോലിസ് സംഘവും ഷാഡോ പോലിസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it