ജിജി തോംസണ്‍ വിരമിച്ചു; പി കെ മൊഹന്തി ചുമതലയേറ്റു

തിരുവനന്തപുരം: പി കെ മൊഹന്തി ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു. ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണ്‍ വിരമിച്ച ഒഴിവിലാണ് മൊഹന്തി നിയമിതനായത്. 28ന് ജിജി തോംസന്റെ കാലാവധി കഴിഞ്ഞു. ജിജി തോംസണ് ചീഫ് സെക്രട്ടറിയുടെ പദവി നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനടക്കം എതിര്‍പ്പുമായി രംഗത്ത് വന്നു. മന്ത്രിസഭായോഗത്തിലും പിന്തുണ ലഭിക്കാതായതോടെയാണ് പി കെ മൊഹന്തിയെ നിയമിക്കാന്‍ തീരുമാനിച്ചത്.
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റിന്റെ ഡയറക്ടറായിരുന്നു അഡീഷനല്‍ ചീഫ് സെക്രട്ടറിയായിരുന്ന പി കെ മൊഹന്തി. ചീഫ് സെക്രട്ടറിയായി ചുമതലയേറ്റെങ്കിലും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നടത്താന്‍ മൊഹന്തിക്ക് അവസരമുണ്ടാവില്ല. മേയ് ആദ്യവാരം തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൊഹന്തി ഏപ്രില്‍ 30ന് വിരമിക്കും.
പാമൊലിന്‍ കേസ് ചത്ത കുതിരയാണെന്ന് വിരമിക്കുന്നതിനു തൊട്ടുമുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജിജി തോംസണ്‍ പറഞ്ഞു. പാമൊലിന്‍ കേസില്‍ പ്രതികളായിരുന്ന മുന്‍ ചീഫ് സെക്രട്ടറി എസ് പത്മകുമാറിനേയും അഡീഷനല്‍ ചീഫ് സെക്രട്ടറി സക്കറിയാ മാത്യുവിനെയും പ്രതിസ്ഥാനത്ത് നിന്നൊഴിവാക്കിയ നടപടി തനിക്കും ബാധകമല്ലേയെന്ന് അദ്ദേഹം ചോദിച്ചു. സിവില്‍ സപ്ലൈസ് ഡയറക്ടറായിരുന്ന താന്‍ കാബിനറ്റ് തീരുമാനം അംഗീകരിച്ച് ഒപ്പിടുക മാത്രമാണു ചെയ്തതെന്നും ജിജി തോംസണ്‍ പറഞ്ഞു.
ഡിജിപി ജേക്കബ് തോമസിനെതിരേ കര്‍ശന നടപടിക്കു ശുപാര്‍ശ ചെയ്തത് കേന്ദ്ര നിര്‍ദേശ പ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ സ്വകാര്യ സ്ഥാപനത്തില്‍ ക്ലാസെടുക്കാന്‍ പോയതും പ്രതിഫലം പറ്റിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ അദ്ദേഹത്തിന്റെ മറുപടി തൃപ്തികരമായിരുന്നില്ല. എന്നാല്‍ അദ്ദേഹം പ്രതിഫലമായി വാങ്ങിയ തുക മടക്കി നല്‍കിയതിനെത്തുടര്‍ന്ന് ഇതു സംബന്ധിച്ച ഫയലിന്മേലുള്ള നടപടികള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രത്തോട് അനുമതി ആവശ്യപ്പെട്ടിരുന്നു. സര്‍വീസ് ചട്ടം ലംഘിച്ചതിനു നടപടിയെടുക്കാത്തതെന്തെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടി വന്നതിനെത്തുടര്‍ന്നാണ് നടപടിക്കു ശുപാര്‍ശ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു
Next Story

RELATED STORIES

Share it