ജിഎസ്ടി: കോണ്‍ഗ്രസ്സുമായി ജെയ്റ്റ്‌ലി ചര്‍ച്ച തുടങ്ങി

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി(ജിഎസ്ടി) ബില്ല് പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ പാസാക്കിയെടുക്കാന്‍ കോണ്‍ഗ്രസ്സുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച തുടങ്ങി. പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം അവസാനിക്കാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെയാണ് സുപ്രധാന ജിഎസ്ടി ബില്ല് പാസാക്കാനായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും പാര്‍ലമെന്ററികാര്യമന്ത്രി എം വെങ്കയ്യ നായിഡുവും കോണ്‍ഗ്രസ് നേതാക്കളെ കണ്ടത്.
അടുത്ത സാമ്പത്തികവര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ ഒന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വരുത്തണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ബില്ല് പാസാക്കാന്‍ പിന്തുണയ്ക്കണമെന്ന് രാജ്യസഭയിലെ കോണ്‍ഗ്രസ് സഭാനേതാക്കളായ ഗുലാംനബി ആസാദിനോടും ആനന്ദ് ശര്‍മയോടും കേന്ദ്രമന്ത്രിമാര്‍ ആവശ്യപ്പെട്ടു. ഇവര്‍ക്കൊപ്പം വിദേശകാര്യമന്ത്രി സുഷമ സ്വരാജും സഭയിലെ കോണ്‍ഗ്രസ് ചീഫ്‌വിപ്പ് ജ്യോതിരാദിത്യ സിന്ധ്യയും ചര്‍ച്ചയില്‍ പങ്കെടുത്തു. വെങ്കയ്യ നായിഡുവിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസ്സുമായി സമവായത്തിലെത്താന്‍ കേന്ദ്രസര്‍ക്കാരിനു കഴിഞ്ഞില്ലെന്നാണു റിപോര്‍ട്ട്. അതേസമയം, സമവായ ചര്‍ച്ചകള്‍ തുടരുമെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.
അതിനിടെ, പാകിസ്താന്‍ വിഷയത്തില്‍ സുഷമ സ്വരാജിന്റെ പ്രസ്താവനയും പാര്‍ലമെന്റില്‍ പ്രതിഷേധത്തിനു കാരണമായി. പരസ്പരവിശ്വാസം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാകിസ്താനുമായുള്ള ചര്‍ച്ച പുനരാരംഭിച്ചതെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. ചര്‍ച്ച മാത്രമാണ് സമാധാനത്തിനുള്ള പോംവഴിയെന്നും അത് തടസ്സപ്പെടില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുഷമ പറഞ്ഞു. പാകിസ്താനോടുള്ള നിലപാടില്‍ വെള്ളംചേര്‍ത്തെന്നാരോപിച്ച പ്രതിപക്ഷ ബഹളത്തിനിടെയാണ് സുഷമ പ്രസ്താവന പൂര്‍ത്തിയാക്കിയത്.
പഞ്ചാബില്‍ ഭരണകക്ഷിയായ ശിരോമണി അകാലിദള്‍ (എസ്എഡി) നേതാവിന്റെ ഉടമസ്ഥതയിലുള്ള ഫാംഹൗസില്‍ രണ്ടുപേര്‍ ക്രൂരമായി കൊല്ലപ്പെട്ട സംഭവവും രാജ്യസഭയെ ബഹളത്തില്‍ മുക്കി. പഞ്ചാബ് സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് ആവശ്യപ്പെട്ടു. ഉച്ചയ്ക്കു മുമ്പ് സഭ നിയന്ത്രിച്ച ഹാമിദ് അന്‍സാരിയും ഉച്ചയ്ക്കുശേഷം ഉപാധ്യക്ഷന്‍ പി ജെ കുര്യനും പലതവണ സഭ നിര്‍ത്തിവച്ചു.
Next Story

RELATED STORIES

Share it