kozhikode local

ജാവലിന്‍ കുത്തക വിടാതെ ഉത്തരേന്ത്യന്‍ താരങ്ങള്‍

കോഴിക്കോട്: ഇത്തവണയും ജാവലിന്‍ ത്രോയില്‍ റെക്കോര്‍ഡ് എറിഞ്ഞു തെറിപ്പിക്കാന്‍ ഉത്തരേന്ത്യന്‍ താരങ്ങള്‍ ആരേയും സമ്മതിച്ചില്ല. ജുനിയര്‍ വിഭാഗത്തിലായാലും, സീനിയര്‍ വിഭാഗത്തിലായാലും റെക്കോര്‍ഡുകളും, സ്വര്‍ണവും ഇവരുടെ കൈ വിട്ട് പോകാറില്ല. ആദ്യ ദിവസം രണ്ട് മീറ്റ് റെക്കോര്‍ഡുകള്‍ പിറവിയെടുത്ത കോഴിക്കോട് മെഡിക്കല്‍ കോളജ് മൈതാനത്തില്‍ സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ജാവ്‌ലിന്‍ ത്രോയില്‍ പുതിയ മീറ്റ് റെക്കോര്‍ഡ് എഴുതി ചേര്‍ത്ത് പഞ്ചാബിന്റെ അര്‍ഷ്ദീപ് സിംഗാണ് ഉത്തരേന്ത്യന്‍ കുത്തക ഇത്തവണയും കാത്തുസൂക്ഷിച്ചത്. 68.12 മീറ്റര്‍ ദൂരം എറിഞ്ഞ് അര്‍ഷ്ദീപ് സിംഗ് 2013ല്‍ ഉത്തര്‍പ്രദേശ് താരം അഭിഷേക് സിംഗ് സ്ഥാപിച്ച 67.98 മീറ്ററിന്റെ ദേശീയ റെക്കോര്‍ഡ് എറിഞ്ഞ് തകര്‍ക്കുകയായിരുന്നു. പഞ്ചാബിലെ ജലന്ധര്‍ സ്വദേശിയായ അര്‍ഷദ് ഫീല്‍ഡിലേക്കിറങ്ങിയിട്ട് അധികമൊന്നുമായിട്ടില്ലെങ്കിലും തുടക്കം മുതല്‍ എറിഞ്ഞ മത്സരങ്ങളിലെല്ലാം സ്വര്‍ണവും, വെള്ളിയും വീഴ്ത്തിയാണ് ഇത്തവണ ദേശീയ മത്സരങ്ങള്‍ക്കെത്തിയത്. കഴിഞ്ഞ ദേശീയ സ്‌കൂള്‍ ദേശീയ കായികമേളയില്‍ ജൂനിയര്‍ വിഭാഗത്തില്‍ മത്സരിച്ച അര്‍ഷ്ദീപ് സിംഗ് സ്വര്‍ണ നേട്ടങ്ങളുടെ പട്ടികയില്‍പെട്ടിരുന്നു. ജലന്ധറിലെ ഡിപ്‌സ് എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അര്‍ഷ്ദീപ് സീനിയര്‍ വിഭാഗത്തില്‍ മീറ്റ് റെക്കോര്‍ഡ് തീര്‍ത്തപ്പോള്‍ ഡല്‍ഹിയുടെ അഭിഷേക് ദ്രാല്‍ ആണ് വെള്ളിമെഡലുമായി രണ്ടാം സ്ഥാനത്തെത്തിയത്. 66.35 മീറ്റര്‍ എറിഞ്ഞ് മോശമില്ലാത്ത പ്രകടനം അഭിഷേഗ് ദ്രാല്‍ കാഴ്ചവെച്ചപ്പോള്‍, 63.10 മീറ്റര്‍ എറിഞ്ഞ് രാജസ്ഥാന്‍ സ്വദേശിയായ രവികുമാറാണ് മൂന്നാംസ്ഥാനത്തിനര്‍ഹനായത്.
ജൂനിയര്‍ വിഭാഗം ജാവലിന്‍ ത്രോയിലും മെഡലുകള്‍ തെക്കോട്ട് കൊടുക്കാന്‍ അവര്‍ തയ്യാറായില്ല. ഡല്‍ഹിയുടെ പേരിലായിരുന്ന 72.41 മീറ്റര്‍ റെക്കോര്‍ഡ് തിരുത്തിക്കുറിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും 66.46 മീറ്റര്‍ എറിഞ്ഞ് ഉത്തര്‍പ്രദേശിന്റെ രോഹിത് യാദവ് സുവര്‍ണ നേട്ടം കൊയ്തു. വിദ്യാഭാരതിയുടെ അവിനാഷ് യാദവ് 58.76 മീറ്റര്‍ എറിഞ്ഞ് രണ്ടാംസ്ഥാനത്തെത്തിയപ്പോള്‍ കേന്ദ്രീയ വിദ്യാലയത്തിന്റെ അമന്‍ ഗോസ്വാമി 54.10 മീറ്റര്‍ എറിഞ്ഞ് മൂന്നാംസ്ഥാനത്തിനും അര്‍ഹനായി.
Next Story

RELATED STORIES

Share it