ജാര്‍ഖണ്ഡ് കൊലപാതകങ്ങള്‍: കാലിക്കച്ചവടക്കാരെ കൊന്നെന്ന് പ്രതികളുടെ കുറ്റസമ്മതം

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ കാലിക്കച്ചവടക്കാരനെയും 12കാരനെയും കൊന്ന് കെട്ടിത്തൂക്കിയത് തങ്ങളെന്ന് പ്രതികളുടെ കുറ്റസമ്മതം. ഗോസംരക്ഷണമെന്ന സംഘപരിവാര അജണ്ടയുടെ ഭാഗമായാണ് കൊലനടത്തിയതെന്നും പ്രതികള്‍ വ്യക്തമാക്കി. മുഹമ്മദ് മജ്‌ലൂം(35), ഇംതിയാസ് ഖാന്‍(12) എന്നിവരാണ് റാഞ്ചിക്ക് സമീപം ലാത്ത്ഹാര്‍ ജില്ലയില്‍ കൊല്ലപ്പെട്ടത്.
വഴിയില്‍ വച്ച് ഇരുവരെയും തടഞ്ഞ സംഘം കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു. ഇരുവരുടെയും കൈകള്‍ പിറകില്‍ കെട്ടി വായില്‍ തുണികെട്ടിവച്ച നിലയിലായിരുന്നു. ഇതില്‍ മജ്‌ലൂമിനെ കൊലപ്പെടുത്തിയശേഷമാണു തൂക്കിയത്.
മനോജ്കുമാര്‍ സാഹു, മിതിലേഷ് പ്രസാദ് സാഹു (ബുണ്ടി), പ്രമോദ്കുമാര്‍ സാഹു, മനോജ് സാഹു, അവിദേശ് സാഹു എന്നിവരാണ് കേസില്‍ അറസ്റ്റിലായത്.
ഗോരക്ഷാസമിതി ഏല്‍പിച്ച ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് താന്‍ ചെയ്തതെന്ന് പ്രതിയായ മിതിലേഷ് സാഹു പറഞ്ഞു. അരുണ്‍ സാഹു, മനോജ് സാഹു, പ്രമോദ് സാഹു, സഹദേവ് സോണി എന്നിവര്‍ ചേര്‍ന്നാണ് മജ്‌ലൂമിനെയും ഇംതിയാസിനെയും തൂക്കിലേറ്റിയത്. മറ്റു നാലുപേര്‍ ഇവരില്‍നിന്നു തട്ടിയെടുത്ത കന്നുകാലികളെ കാട്ടിലേക്ക് കൊണ്ടുവിട്ടു. മാര്‍ച്ച് 18ന് പുലര്‍ച്ചെ മൂന്നരയ്ക്ക് അവിദേശ് സാഹു തന്നെ വിളിച്ച് ധാബറില്‍നിന്നു ബാലുമഥിലേക്ക് കന്നുകാലികളെ കടത്തുന്നവരെ താന്‍ കണ്ടെന്നറിയിച്ചതായി മനോജ് സാഹു പറഞ്ഞു. അവരെ പിന്തുടരാന്‍ താന്‍ നിര്‍ദേശിച്ചു. താന്‍ അരുണ്‍ സാഹുവിനെ വിവരമറിയിച്ചു. താന്‍ ആവശ്യപ്പെട്ടപ്രകാരം എല്ലാവരെയും വിളിച്ചുവരുത്തി. മെയിന്റോഡില്‍നിന്നു കന്നുകച്ചവടക്കാരെ പിടികൂടിയശേഷം മിതിലേഷ്, അവിദേശ്, വിശാല്‍, മനോജ് എന്നിവരോട് എട്ട് കന്നുകാലികളെ വനത്തിലേക്ക് തെളിക്കാന്‍ അരുണ്‍ സാഹു ആവശ്യപ്പെട്ടു. അവര്‍ കന്നുകാലികളെ തെളിച്ചുകൊണ്ടുപോയി മരത്തില്‍ കെട്ടിയിട്ടു.
ഇംതിയാസിനെ അരുണ്‍ സാഹു തന്റെ ബൈക്കിലിരുത്തിയശേഷം കൈകള്‍ പിന്നിലേക്ക് കെട്ടിയെന്ന് പ്രമോദ്കുമാര്‍ സാഹു മൊഴിനല്‍കി. മനോജ് സാഹു മറ്റെയാളെ തന്റെ പാഷന്‍ ബൈക്കിലിരുത്തി അയാളുടെ കൈകള്‍ പിറകിലേക്കു ബന്ധിച്ചു. സഹദേവ് സോണിയാണ് ഇയാളെ പിടിച്ചുവച്ചത്. ശേഷം ഇരുവരെയും കൂട്ടി ഖപ്രയില്‍ബറിലെത്തി. പിന്നെ നാലുപേരും ചേര്‍ന്ന് രണ്ടാളെയും ക്രൂരമായി മര്‍ദ്ദിച്ചു.
ശേഷം 15 മിനിറ്റിനകം അരുണ്‍ അടുത്ത ഗ്രാമത്തില്‍ പോയി കയറുമായി തിരിച്ചുവന്നു. അറവുകാര്‍ക്ക് കന്നുകാലികളെ എത്തിച്ചുകൊടുക്കുന്നത് ഇവരാണെന്ന് ആക്രോശിച്ച് അയാള്‍ 32കാരനായ കച്ചവടക്കാരന്റെ (മുഹമ്മദ് മജ്‌ലൂം) കഴുത്തില്‍ കയറുമുറുക്കി. കൊലനടത്തിയശേഷം കഴുത്തില്‍ കുരുക്കിട്ട് മരത്തില്‍ കെട്ടിത്തൂക്കി. താനും സഹദേവും മനോജും മൃതദേഹം മുകളിലേക്ക് ഉയര്‍ത്തി. മരത്തില്‍ കയറി അരുണ്‍ മൃതദേഹം കെട്ടിത്തൂക്കി. കച്ചവടക്കാരന്‍ മരത്തില്‍ കെട്ടിത്തൂങ്ങി സ്വയം ജീവനൊടുക്കിയതാണെന്ന് ബോധ്യപ്പെടുത്താനായിരുന്നു ഇതെന്ന് പ്രമോദ്കുമാര്‍ സാഹു പറയുന്നു.
ശേഷം അരുണ്‍ സാഹു കച്ചവടക്കാരനൊപ്പമുണ്ടായിരുന്ന കുട്ടിയുടെ കഴുത്തില്‍ കുരുക്കിട്ടു. പിന്നീട് മരത്തില്‍ കയറി കയര്‍ മുകളിലേക്ക് വലിച്ചുകെട്ടി. ഇതിനുശേഷം താന്‍ ബൈക്കില്‍ മടങ്ങിയെന്ന പ്രമോദ്കുമാര്‍ സാഹു പറയുന്നു.
അഞ്ചുമാസം മുമ്പ്, ഒക്ടോബറില്‍ ഝാബര്‍ ഗ്രാമത്തില്‍ കുറച്ചാളുകള്‍ ഒരു യോഗം വിളിച്ചിരുന്നു. ആ യോഗത്തില്‍ വച്ച് പ്രദേശത്തെ ഗോരക്ഷാസമിതിയുടെ ചുമതല തന്നെ ഏല്‍പ്പിച്ചെന്ന് മിതിലേഷ് പ്രസാദ് സാഹു പറഞ്ഞു. കന്നുകാലിവ്യാപാരം നടത്തുന്നവരെ നേരിടേണ്ട ഉത്തരവാദിത്തം തനിക്കായിരുന്നു. അതാണ് ഞാന്‍ ചെയ്തത്. മാര്‍ച്ച് 18ന് വൈകുന്നേരം മനോജിനൊപ്പം സ്ഥലത്തെത്തിയപ്പോള്‍ കെട്ടിയിട്ട കന്നുകാലികള്‍ രണ്ടെണ്ണമൊഴികെ മറ്റുള്ളവയെല്ലാം കയറുപൊട്ടിച്ച് പോയിരുന്നു- മിതിലേഷ്പ്രസാദ് സാഹു പറഞ്ഞു. ബജ്‌രംഗ്ദള്‍ ബാലുമഥ് ബ്ലോക്ക് ഇന്‍ചാര്‍ജാണ് അരുണെന്ന് നാട്ടുകാര്‍ പറയുന്നു. ബജ്‌രംഗ്ദള്‍ പ്രഖണ്ഡ് പ്രമുഖ് എന്ന ബോര്‍ഡ് സംഭവം നടന്നതിന് പിന്നാലെ എടുത്തുമാറ്റിയെന്നും നാട്ടുകാര്‍ പറയുന്നു.
Next Story

RELATED STORIES

Share it