ജാര്‍ഖണ്ഡില്‍ രണ്ട് മുസ്‌ലിം കാലിക്കച്ചവടക്കാരെ കെട്ടിത്തൂക്കി കൊന്നു

റാഞ്ചി: ജാര്‍ഖണ്ഡിലെ ലതേഹാര്‍ ജില്ലയില്‍ മുസ്‌ലിംകളായ രണ്ട് എരുമവ്യാപാരികളെ മര്‍ദ്ദിച്ചശേഷം മരക്കൊമ്പില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തി. എട്ട് എരുമകളുമായി ചന്തയിലേക്കു പോയ മുഹമ്മദ് മജ്‌ലൂം (35), ആസാദ് ഖാന്‍ എന്ന ഇബ്രാഹീം (15) എന്നിവരാണു മരിച്ചത്. റാഞ്ചിയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ ബലൂമത് വനത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണു സംഭവം.
കേസുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലിസ് അറസ്റ്റ് ചെയ്തു. മിഥിലേഷ് പ്രസാദ് സാഹു, പ്രമോദ് സാഹു, മനോജ്കുമാര്‍ സാഹു, മനോജ് സാഹു, ഔദേഷ് സാഹു എന്നിവരാണു പിടിയിലായത്. സംഘത്തിലെ മറ്റു മൂന്നുപേര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലിസ് സൂപ്രണ്ട് അനൂപ് ബിര്‍ധാരി പറഞ്ഞു. മരിച്ച ഇരുവരും ബന്ധുക്കളാണ്. അക്രമികള്‍ ഇവരെ മര്‍ദ്ദിച്ചവശരാക്കിയതിനുശേഷം കൈകള്‍ പിന്നില്‍ ചേര്‍ത്തുകെട്ടി വായില്‍ തുണിതിരുകിയാണ് മരത്തില്‍ കെട്ടിത്തൂക്കിയത്.
അങ്ങേയറ്റം വിദ്വേഷം പുലര്‍ത്തുന്നവരാണ് ഇതിനു പിന്നിലെന്ന് അക്രമത്തിന്റെ രീതി വെളിപ്പെടുത്തുന്നതായി പോലിസ് സൂപ്രണ്ടും ഹിന്ദുത്വരാണ് കൊലപാതകം നടത്തിയതെന്ന് ലതേഹാര്‍ എംഎല്‍എ പ്രകാശ് റാമും പറഞ്ഞു.
അതിനിടെ, കൊലപാതകം ജബ്ബാര്‍ ഗ്രാമത്തില്‍ പ്രതിഷേധത്തിനിടയാക്കി. നാട്ടുകാര്‍ ലതേഹാര്‍-ഛത്ര ദേശീയപാത ഉപരോധിച്ചു. കല്ലേറില്‍ എസ്ഡിഒ കമലേശ്വര്‍ നാരായണനും ആറു പോലിസുകാര്‍ക്കും പരിക്കേറ്റു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലിസ് ലാത്തിച്ചാര്‍ജും ആകാശത്തേക്ക് വെടിവയ്പും നടത്തി. ബലുമത് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. സമാധാനം പുനസ്ഥാപിക്കുന്നതിന് സമാധാനകമ്മിറ്റി യോഗം ചേര്‍ന്നു. ഗ്രാമത്തില്‍ പോലിസിനെ വിന്യസിച്ചു.
കാലിക്കച്ചവടക്കാര്‍ക്കു നേരെ ഇതിനുമുമ്പും ആക്രമണം നടന്നിരുന്നതായി ഗ്രാമീണര്‍ പറഞ്ഞു. നാലുമാസം മുമ്പ് ബലുമതിലെ ഗോമിയ ഗ്രാമത്തില്‍ ഒരു കാലിക്കച്ചവടക്കാരനെ കൊലപ്പെടുത്താന്‍ ശ്രമം നടന്നിരുന്നു.
Next Story

RELATED STORIES

Share it