ജാര്‍ഖണ്ഡിലെ കൊല; സംഘപരിവാര ഭീകരതക്കെതിരേ ഒന്നിക്കുക: കെ എം അഷ്‌റഫ്

കോഴിക്കോട്: ജാര്‍ഖണ്ഡിലെ ലാത്തേഹാര്‍ ജില്ലയില്‍ ചന്തയിലേക്ക് പോത്തുകളുമായി പോവുകയായിരുന്ന രണ്ട് കച്ചവടക്കാരെ തല്ലിക്കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയ സംഭവം പൈശാചികവും രാജ്യത്തിന് അപമാനകരവുമാണെന്നും ഇത്തരം വര്‍ഗീയ ഭീകരതയ്‌ക്കെതിരേ ജനാധിപത്യശക്തികള്‍ ഒന്നിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ്.
ദാദ്രി കൊലയുടെ ഞെട്ടലില്‍ നിന്നും രാജ്യം മുക്തമാവും മുമ്പാണ് 35 വയസ്സുള്ള മുഹമ്മദ് മജ്‌ലൂമിനെയും 15 വയസ്സുള്ള അസദുല്ല ഖാനെയും ഗോ രക്ഷാസമിതി നേതാവ് മിഥിലേഷ് പ്രസാദ് സാഹുവിന്റെ നേതൃത്വത്തിലുള്ള അക്രമിസംഘം ക്രൂരമായി കൊലപ്പെടുത്തിയത്.
പൈശാചികത്വം അരങ്ങ് തകര്‍ക്കുമ്പോഴും കേന്ദ്ര ഭരണത്തിലിരിക്കുന്നവരും ബിജെപിയുടെ രാഷ്ട്രീയ നേതൃത്വവും സ്വീകരിക്കുന്ന മൗനം കൂടുതല്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രോല്‍സാഹനമായി മാറുകയാണ്. ആഗ്രയിലെ പ്രകോപന പ്രസംഗത്തിന്റെ പേരില്‍ ബിജെപി നേതാക്കള്‍ക്കെതിരേ എടുത്ത കേസ് പിന്‍വലിച്ചില്ലെങ്കില്‍ ഇത്തവണ ഹോളിയാഘോഷത്തിന്റെ കോലം മാറുമെന്ന് കേന്ദ്ര മന്ത്രി രാം ശങ്കര്‍ കതേരിയ ഭീഷണിപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. നീതിന്യായ സംവിധാനത്തെ ഭീഷണിപ്പെടുത്തി വര്‍ഗീയ ഭീകര അജണ്ടകളുമായി മുന്നോട്ടുപോവുകയാണ് ബിജെപി.
കേരളത്തിലെ ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. ഈ പൈശാചികതയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധപ്രകടനങ്ങള്‍ നടത്താന്‍ സംസ്ഥാന പ്രസിഡന്റ് ആഹ്വാനം ചെയ്തു.
Next Story

RELATED STORIES

Share it