ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി മഅ്ദനി വീണ്ടും സുപ്രിംകോടതിയില്‍

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അബ്ദുന്നാസിര്‍ മഅ്ദനി ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി വീണ്ടും സുപ്രിംകോടതിയെ സമീപിച്ചു. കേസിന്റെ വിചാരണ കര്‍ണാടക സര്‍ക്കാര്‍ മനപ്പൂര്‍വം വൈകിപ്പിക്കുന്നതിനാല്‍ ജാമ്യവ്യവസ്ഥകളില്‍ ഇളവു വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിന്റെ വിചാരണ വേഗം തീര്‍ക്കുന്നതിന് തനിക്കെതിരായ ഒമ്പതു കേസുകളും ഒന്നിപ്പിക്കുന്നതിന് നിയമപരമായ തടസ്സമൊന്നും ഇല്ലെന്നും മഅ്ദനി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. 874ല്‍ 850 സാക്ഷികളും പൊതുസാക്ഷികളാണ്. ശേഷിക്കുന്ന 24 പേരുടെയും വിചാരണ പൂര്‍ത്തിയായിക്കഴിഞ്ഞു. വിചാരണ ഒന്നിച്ചു നടത്തണമെന്ന തന്റെ ആവശ്യം കര്‍ണാടക സര്‍ക്കാര്‍ എതിര്‍ക്കുന്നതിനു പിന്നില്‍ ദുരുദ്ദേശ്യമുണ്ടെന്നും ഒരേ സംഭവത്തിലെ വിവിധ കേസുകളില്‍ പ്രതികളായവരെ പ്രത്യേകം വിചാരണ ചെയ്യുന്നതും സാക്ഷികളെ പ്രത്യേകം മൊഴിയെടുക്കുന്നതും കോടതിയുടെ സമയനഷ്ടത്തിനു കാരണമാവുമെന്നും മഅ്ദനി കോടതിയെ അറിയിച്ചു. ഒന്നിച്ചു വിചാരണചെയ്യാന്‍ നിയമപരമായ തടസ്സങ്ങളൊന്നുമില്ലെന്നു വ്യക്തമാണ്.
എന്നാല്‍, സാങ്കേതിക തടസ്സം ചൂണ്ടിക്കാട്ടി തന്നെ വീണ്ടും പീഡിപ്പിക്കാനാണ് കര്‍ണാടക സര്‍ക്കാര്‍ ശ്രമിക്കുന്നത്. മാതാവ് അര്‍ബുദം പിടിപെട്ട് ഗുരുതരമായി കഴിയുകയാണ്. പിതാവ് ഒരുഭാഗം തളര്‍ന്നു കിടക്കുകയാണ്. ബംഗളൂരു നഗരം വിട്ടുപോവരുതെന്ന ജാമ്യവ്യവസ്ഥയുള്ളതിനാല്‍ ഇരുവരെയും സന്ദര്‍ശിക്കാന്‍ കഴിയുന്നില്ല. ഇതിനാല്‍ വ്യവസ്ഥയില്‍ ഇളവു നല്‍കി മാതാപിതാക്കളെ കാണാന്‍ അനുവദിക്കണമെന്നും മഅ്ദനി ആവശ്യപ്പെട്ടിട്ടുണ്ട്. കേസുകളെല്ലാം ഒന്നിച്ചു പരിഗണിക്കണമെന്ന മഅ്ദനിയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ കഴിഞ്ഞമാസം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിച്ചിരുന്നു. ശിക്ഷയില്‍ ഇളവുനേടാനാണ് മഅ്ദനി അത്തരത്തില്‍ ഒരാവശ്യം ഉന്നയിക്കുന്നതെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.
കര്‍ണാടകയുടെ നിലപാട് അറിഞ്ഞ ജസ്റ്റിസുമാരായ ജെ ചെലമേശ്വറും എ എം സപ്രയും അടങ്ങുന്ന സുപ്രിംകോടതി ബെഞ്ച് മഅ്ദനിക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് മഅ്ദനി മുന്‍ ആവശ്യങ്ങള്‍ ആവര്‍ത്തിച്ച് സത്യവാങ്മൂലം സമര്‍പ്പിച്ചത്. കഴിഞ്ഞവര്‍ഷം നവംബറിലാണ് സുപ്രിംകോടതി മഅ്ദനിക്ക് വിചാരണ തീരുന്നതുവരെ ജാമ്യം നല്‍കിയത്. നാലുമാസത്തിനകം വിചാരണ തീര്‍ക്കാമെന്ന് അന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രിംകോടതിക്ക് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ഒരുവര്‍ഷം പിന്നിട്ടിട്ടും വാക്കു പാലിക്കപ്പെട്ടിട്ടില്ല.
Next Story

RELATED STORIES

Share it