ജാമ്യത്തുക നല്‍കാനാവാത്ത നിര്‍ധനരെ തടവിലിടരുതെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: ജാമ്യത്തുക കെട്ടിവയ്ക്കാനില്ലെന്ന കാരണംകൊണ്ടുമാത്രം നിര്‍ധനരെ തടവിലിടുന്നതിനോട് യോജിപ്പില്ലെന്ന് സുപ്രിംകോടതി. അത്തരക്കാരെ വിട്ടയക്കണം. തടവുകാരോടുള്ള പെരുമാറ്റങ്ങള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂറും ആര്‍ കെ അഗര്‍വാളും അടങ്ങുന്ന രണ്ടംഗ സുപ്രിംകോടതി ബെഞ്ചിന്റെ അഭിപ്രായപ്രകടനം. തടവുകാര്‍ എല്ലാവിധ മനുഷ്യാവകാശങ്ങള്‍ക്കും അര്‍ഹരാണ്. അവര്‍ക്കും അഭിമാനമുണ്ട്. തടവുകാരോട് മാന്യമായി പെരുമാറണം. മാനുഷിക അന്തസ്സിനു യോജിച്ച എല്ലാ അടിസ്ഥാന സൗകര്യങ്ങളും നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
2013 ഡിസംബര്‍ 31ന് പുറത്തുവിട്ട കണക്കുപ്രകാരം രാജ്യത്തെ ജയിലുകളില്‍ 67.6 ശതമാനവും വിചാരണത്തടവുകാരാണ്. ഒരു കാരണവശാലും ഇത് അംഗീകരിക്കാനാവില്ല. ഓരോ മൂന്നുമാസം കൂടുമ്പോഴും രാഷ്ട്രീയത്തടവുകാരെ നിരീക്ഷിക്കുന്ന സമിതി എല്ലാ ജില്ലാ ജയിലുകളിലെയും വിചാരണത്തടവുകാരെ സന്ദര്‍ശിക്കണം. പണമില്ലാത്തതിനാല്‍ ജാമ്യത്തുക അടയ്ക്കാനാവാതെ തടവില്‍ കഴിയുന്നവരുണ്ടെങ്കില്‍ അവരെ മോചിപ്പിക്കണം. രാഷ്ട്രീയത്തടവുകാര്‍ അവരുടെ മൊത്തം തടവുകാലയളവിന്റെ പകുതി അനുഭവിച്ചിട്ടുണ്ടെങ്കില്‍ വ്യക്തിഗത ജാമ്യത്തില്‍ വിട്ടയക്കണം. ശിക്ഷയുടെ പകുതി അനുഭവിച്ചിട്ടുണ്ടെങ്കില്‍ വിചാരണത്തടവുകാരെ വിട്ടയക്കാമെന്ന് ഇന്ത്യന്‍ ക്രിമിനല്‍ കുറ്റകൃത്യനിയമത്തില്‍ (436 എ) പറയുന്നുണ്ട്.
ദരിദ്രര്‍ക്ക് മതിയായ നിയമസഹായം ലഭിക്കാത്തതില്‍ ആശങ്ക അറിയിച്ച സുപ്രിംകോടതി, നിര്‍ധന തടവുകാര്‍ക്ക് സൗജന്യ നിയമസഹായത്തിന് അഭിഭാഷകരെ നിയോഗിക്കണമെന്ന് സംസ്ഥാന നിയമസഹായ അതോറിറ്റിയോട് നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it