wayanad local

ജാന്‍സി ടീച്ചറുടെ വേര്‍പാട് താങ്ങാനാവാതെ സഹപ്രവര്‍ത്തകരും കുട്ടികളും

കല്‍പ്പറ്റ: ഭൗതികശാസ്ത്രം രസച്ചരടില്‍ കോര്‍ത്ത് സംഗീതം പോലെ ക്ലാസ് മുറികളെ ആസ്വാദ്യമാക്കാന്‍ ജാന്‍സി ടീച്ചര്‍ ഇനിയില്ല. മുട്ടില്‍ വയനാട് ഓര്‍ഫനേജ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിഎച്ച്എസ്ഇ വിഭാഗം മേധാവി ചോകയില്‍ ജാന്‍സി തോമസിന്റെ മരണം സഹപ്രവര്‍ത്തകര്‍ക്കും താങ്ങാനാവുന്നില്ല. ചികില്‍സയിലിരിക്കെയാണ് മരിച്ചത്.
കോട്ടയം മണിമല വയലില്‍ കളപ്പുരയില്‍ കുടുംബാംഗമായ ജാന്‍സി ടീച്ചര്‍ 1991ലാണ് ഇവിടെ ജോലിയില്‍ പ്രവേശിച്ചത്. 2012 മുതല്‍ വിഎച്ച്എസ്ഇ വിഭാഗം പ്രിന്‍സിപ്പല്‍ ആയി സേവനമനുഷ്ഠിച്ചുവരികയാണ്. സുല്‍ത്താന്‍ ബത്തേരി ശാന്തിനഗര്‍ കോളനിയില്‍ കുടുംബസമേതമാണ് താമസം.
2013ല്‍ മുട്ടില്‍ ഡബ്ല്യുഒവിഎച്ച് സ്‌കൂളില്‍ നടന്ന വടകര റീജ്യനല്‍ വൊക്കേഷനല്‍ എക്‌സ്‌പോയുടെ മുഖ്യസംഘാടകയായിരുന്നു. ഇതുവരെ നടന്ന എക്‌സ്‌പോകളില്‍ മികവുകൊണ്ട് ശ്രദ്ധേയമാണ് പരിപാടി.
സഹപ്രവര്‍ത്തകര്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും സ്‌നേഹസൗഹൃദത്തിന്റെ പാലം തീര്‍ത്ത ഈ അധ്യാപിക വ്യക്തിബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിലും വേറിട്ടുനിന്നു.
രോഗം ഭേദമായി അവരുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നതിനിടയിലാണ് മരണവാര്‍ത്തയെത്തിയത്. അധ്യാപികയുടെ വേര്‍പാടില്‍ അനുശോചിച്ച് ഡബ്ല്യുഎംഒ കാംപസിലെ സ്ഥാപനങ്ങള്‍ക്ക് മാനേജ്‌മെന്റ് ഇന്നലെ അവധി നല്‍കി. സുല്‍ത്താന്‍ ബത്തേരിയില്‍ മരിയ ബുക്‌സ് സ്റ്റാള്‍ നടത്തുന്ന ജോജി ലാല്‍ ആണ് ഭര്‍ത്താവ്. ഷാരോണും ഷോണും മക്കളാണ്. സംസ്‌കാരം ഇന്നു രാവിലെ ഒമ്പതിന് നടക്കും.
Next Story

RELATED STORIES

Share it