wayanad local

ജാനു ഇഫക്റ്റ് ഏശിയില്ല: ബിജെപിക്ക് ജാനു നല്‍കിയത് 3,000 വോട്ട് മാത്രം

കല്‍പ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി സി കെ ജാനുവിനെ മല്‍സരിപ്പിച്ച ബിജെപിക്ക് ലഭിച്ചതു 3,000 വോട്ടുകള്‍ മാത്രം. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ മുന്നേറ്റത്തിന്റെ തോതനുസരിച്ചുള്ള ആവേശം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായില്ലെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.
24,583 വോട്ടുകളാണ് കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി-ബിഡിജെഎസ് സഖ്യത്തിന് ലഭിച്ചത്. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ 27,920 വോട്ടാണ് ജാനുവിന് നേടാന്‍ കഴിഞ്ഞത്. അധികമായി ലഭിച്ചത് 3,337 വോട്ടുകള്‍ മാത്രം.
ഇത്തവണ ബിജെപിയും ബിഡിജെഎസും കൂടാതെ ജാനുവിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ജനാധിപത്യ രാഷ്ട്രീയസഭയും ചേര്‍ന്നാണ് എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കിയത്.
രണ്ടു കേന്ദ്രമന്ത്രിമാരടക്കം പ്രചാരണത്തിനെത്തിയിട്ടും പ്രതീക്ഷിച്ചത്ര മുന്നേറ്റമുണ്ടാക്കാന്‍ സി കെ ജാനുവിന് കഴിഞ്ഞില്ലെന്നത് മുന്നണിക്ക് ക്ഷീണമായിരിക്കുകയാണ്. സുല്‍ത്താന്‍ ബത്തേരിയില്‍ ശക്തമായ ത്രികോണ മല്‍സരത്തിന്റെ പ്രതീതി ജനിപ്പിച്ചാണ് മുത്തങ്ങ സമരനായിക സി കെ ജാനു മല്‍സരരംഗത്തേക്ക് വന്നത്. ജാനുവിലുടെ മണ്ഡലം സംസ്ഥാന തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. ജാനുവിന്റെ വരവോടെ ആദിവാസി, ദലിത് വിഭാഗങ്ങളുടെ വോട്ട് എന്‍ഡിഎയിലേക്ക് കേന്ദ്രീകരിക്കുന്നതും ഹൈന്ദവ വോട്ടുകളുടെ ഏകോപനവും യുഡിഎഫിന് കനത്ത തിരിച്ചടിയാവുമെന്നുമായിരുന്നു വിലയിരുത്തല്‍.
എന്നാല്‍, 11,198 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഐ സി ബാലകൃഷ്ണന്‍ ഇവിടെ ജയിച്ചത്. സിറ്റിങ് എംഎല്‍എ ഐ സി ബാലകൃഷ്ണന്റെ ഭൂരിപക്ഷം മുന്‍വര്‍ഷത്തേക്കാള്‍ ഉയര്‍ന്നു. അതേസമയം, ജില്ലയിലൊട്ടാകെ 2011ല്‍ ബിജെപി തനിച്ച് മല്‍സരിച്ചപ്പോള്‍ ലഭിച്ചതിനേക്കാള്‍ ഇരട്ടിയിലധികം വോട്ട് എന്‍ഡിഎയിലൂടെ നേടാന്‍ കഴിഞ്ഞു.
Next Story

RELATED STORIES

Share it