wayanad local

ജാനുവിന്റെ ബിജെപി പ്രേമം ഇടതിന് ഗുണകരമാവുമെന്ന് വിലയിരുത്തല്‍

കല്‍പ്പറ്റ: എന്‍ഡിഎ സ്ഥാനാര്‍ഥിയായി ജനാധിപത്യ രാഷ്ട്രീയ സഭ അധ്യക്ഷ സി കെ ജാനു രംഗത്തെത്തിയത് ഇടതുമുന്നണിയെ തുണക്കുമെന്ന് വിലയിരുത്തല്‍. എന്‍ഡിഎ ഘടകകക്ഷികളുടെ വോട്ട് ജാനുവിന്റെ ചിഹ്‌നത്തില്‍ വീണാല്‍ യുഡിഎഫിന് തിരിച്ചടിയാവും.
യുഡിഎഫ് കോട്ടയെന്ന് പുകള്‍പെറ്റ സുല്‍ത്താന്‍ ബത്തേരിയില്‍ 1996ലും 2006ലും ഇടതുമുന്നണിക്കായിരുന്നു ജയം. സിപിഎം ജില്ലാ കമ്മിറ്റിയംഗം രുഗ്മിണി സുബ്രഹ്മണ്യനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും സിറ്റിങ് എംഎല്‍എയുമായ ഐ സി ബാലകൃഷ്ണനാണ് യുഡിഎഫിനുവേണ്ടി പടത്തട്ടില്‍. 2011ലെ തിരഞ്ഞെടുപ്പില്‍ 7583 വോട്ടിന്റെ ഭൂരിപക്ഷം നേടിയ ബാലകൃഷ്ണന്‍ ഇത്തവണയും ഭേദപ്പെട്ട വിജയം സ്വപ്‌നം കാണുന്നതിനിടെയാണ് ജാനുവിന്റെ വരവ്. സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റിയും അമ്പലവയല്‍, മീനങ്ങാടി, നെന്മേനി, നൂല്‍പ്പുഴ, പൂതാടി, മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളും അടങ്ങുന്നതാണ് സുല്‍ത്താന്‍ ബത്തേരി മണ്ഡലം. കഴിഞ്ഞ വയനാട് പാര്‍ലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായിരുന്നു മുന്‍തൂക്കം. ഇടതു മുന്നണി 63165 വോട്ട് നേടിയപ്പോള്‍ യുഡിഎഫിനു 54182 വോട്ടാണ് ലഭിച്ചത്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഒടുവില്‍ നടന്ന തിരഞ്ഞെടുപ്പിലും ഇടത് മുന്നേറ്റമാണ് കാണാനായത്. മു ന്‍സിപ്പാലിറ്റിയില്‍ യുഡിഎഫ് വീണു.
പഞ്ചായത്തുകളില്‍ മുള്ളന്‍കൊല്ലിയും അമ്പലവയലും ഒഴികെയുള്ളവ എല്‍ഡിഎഫിനു ഒപ്പം നിന്നു. മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിലും കോണ്‍ഗ്രസിലും ശൈഥില്യവും ഉണ്ടായി. മുന്‍സിപ്പല്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ തിരഞ്ഞടുപ്പുകളി ല്‍ കേരള കോണ്‍ഗ്രസ്-എം എ ല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കാണ് വോട്ട് ചെയ്തത്. കോണ്‍ഗ്രസ് പ്രദേശിക നേതാക്കള്‍ പരസ്പര വിശ്വാസം കളഞ്ഞുകുളിച്ചു. സാഹചര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും വോട്ടര്‍മാര്‍ കൈവിടില്ലെന്ന വിശ്വാസം ദൃഢമായിരുന്നു യുഡിഎഫില്‍ പൊതുവെ. അതിനാണിപ്പോള്‍ കോട്ടം തട്ടിയത്. ജാനു പ്രതിനിധാനം ചെയ്യുന്ന ജനാധിപത്യ രാഷ്ട്രീയ സഭയ്ക്ക് മണ്ഡലത്തില്‍ കാര്യമായ വേരോട്ടമില്ല.
ഗോത്രമഹാസഭ പ്രവര്‍ത്തകരില്‍ ഒരു വിഭാഗം ജാനുവിനെതിരെ തിരിഞ്ഞിട്ടുമുണ്ട്. രാഷ്ട്രീയ മഹാസഭയുടെ പേരില്‍ ജാനുവിനു കാര്യമായി വോട്ട് കിട്ടാനില്ല. എന്നാല്‍ ബിജെപിക്കും ബിഡിജെഎസിനും മണ്ഡലത്തില്‍ സ്വാധീനമുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് പാര്‍ലമെന്റ് മണ്ഡലം ബിജെപി സ്ഥാനാര്‍ഥി പി ആര്‍ രശ്മില്‍നാഥ് സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ 18918 വോട്ടാണ് നേടിയത്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നിയോജക മണ്ഡലം പരിധിയിലെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലായി കാല്‍ ലക്ഷത്തിലധികം വോട്ടുകള്‍ താമര അടയാളത്തില്‍ പതിഞ്ഞു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി ബിഡിജെഎസ് 15,000 പേര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കിയിട്ടുണ്ട്. ബിജെപി, ബിഡിജെഎസ് വോട്ടുകള്‍ മുഴുവനും ജാനുവിന് ലഭിക്കുന്നത് എല്‍ഡിഎഫിനു ഗുണവും യുഡിഎഫിനു ദോഷവുമാകും.
പാര്‍ട്ടി സ്ഥാനമാനങ്ങളും തിരഞ്ഞടുപ്പുകളില്‍ മത്സരിക്കുന്നതിനു സീറ്റും നല്‍കുന്നതില്‍ കോണ്‍ഗ്രസ് നിരന്തരം അവഗണിക്കുന്നുവെന്ന കുറുമ വിഭാഗത്തിന്റെ ആവലാതിയും മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്. ആദിവാസികളിലെ കുറിച്യ വിഭാഗക്കാരനാണ് സിറ്റിങ് എംഎല്‍എ ബാലകൃഷ്ണന്‍.
50ല്‍ ചുവടെ കുറിച്യ കുടുംബങ്ങള്‍ മാത്രമാണ് മണ്ഡലത്തില്‍. 30,000നടുത്താണ് കുറുമരുടെ അംഗബലം. കുറുമവിഭാഗക്കാരിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി രുഗ്മിണി. ഇതി ലെ ഒരു വിഭാഗത്തില്‍ കോ ണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂപപ്പെട്ട വികാരം രുക്മിണിക്ക് അനുകൂലമാകുമെന്നാണ് എല്‍ഡിഎഫ് നിഗമനം. കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുന്ന കേരള കോ ണ്‍ഗ്രസുകാരുടെ വോട്ടും ചുറ്റിക അരിവാള്‍ നക്ഷത്രത്തില്‍ പതിയുമെന്ന് കരുതുന്നവരും ഇടതുമുന്നണിയിലുണ്ട്.
Next Story

RELATED STORIES

Share it