ജാനകിയമ്മ വധം: പ്രതി അറസ്റ്റില്‍

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിക്കു സമീപം തോയമ്മലില്‍ വീട്ടമ്മയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി സ്വര്‍ണാഭരണവും പണവും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍. കാഞ്ഞങ്ങാട് ബല്ല പുതുവൈ സ്വദേശിയും നീലേശ്വരത്തു താമസക്കാരനുമായ മധു(34)വിനെയാണ് ഹൊസ്ദുര്‍ഗ് ഡിവൈഎസ്പി കെ ഹരിശ്ചന്ദ്ര നായികിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ കര്‍ണാടക ധര്‍മസ്ഥലയിലെ സത്രത്തില്‍വച്ചാണ് ഇയാള്‍ പിടിയിലായത്.
കവ്വായിയിലെ പരേതനായ രാമചന്ദ്രന്റെ ഭാര്യ ജാനകിയമ്മ (64) ബുധനാഴ്ച രാവിലെ 9.30നും 10നുമിടയിലാണ് കൊല്ലപ്പെട്ടത്. പറമ്പിലെ കാട് തെളിക്കുന്നതിനും തേങ്ങ പെറുക്കുന്നതിനുമായി ജാനകിയമ്മ മധുവിനോടു വരാന്‍ ആവശ്യപ്പെട്ടിരുന്നു. രാവിലെ 9.30നു ജോലിക്കെത്തിയ മധുവിന് ഭക്ഷണം വാങ്ങാന്‍ ജാനകിയമ്മ 100 രൂപ നല്‍കി. എന്നാല്‍ 500 രൂപ വേണമെന്നാവശ്യപ്പെട്ടു ബഹളംവച്ചതോടെ ജാനകിയമ്മ പണം തിരിച്ചുവാങ്ങി വീടിനകത്തെ അലമാരയില്‍ വയ്ക്കാന്‍ പോയപ്പോള്‍ പിറകേ ചെന്ന മധു വാക്കത്തി കൊണ്ട് ഇവരുടെ തലയ്ക്കു വെട്ടുകയായിരുന്നു. നിലത്തു കമഴ്ന്നടിച്ചുവീണ ജാനകിയമ്മ നിലവിളിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന ഷാളെടുത്ത് മുഖം മൂടി കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം പ്രതി അലമാരയിലെ പഴ്‌സില്‍ സൂക്ഷിച്ച 39.35 ഗ്രാം സ്വര്‍ണമാലയും 31.79 ഗ്രാമുള്ള നാലു വളകളും കൈയിലുണ്ടായിരുന്ന സ്വര്‍ണമോതിരവും നാല് ഇമിറ്റേഷന്‍ ഗോള്‍ഡ് വളകളും 1200 രൂപയും കവര്‍ന്നു മുങ്ങുകയായിരുന്നു.
ബുധനാഴ്ച കാഞ്ഞങ്ങാട്ടു തങ്ങിയ പ്രതി ആഭരണങ്ങള്‍ നിത്യാനന്ദാശ്രമത്തിലേ—ക്കുള്ള റോഡിനുസമീപം എ സി കണ്ണന്‍നായര്‍ സ്മാരക പാര്‍ക്കിന്റെ മതിലിനടിയില്‍ ഒളിപ്പിച്ചുവയ്ക്കുകയായിരുന്നു. മോതിരം വിറ്റുകിട്ടിയ 8,000 രൂപ കൊണ്ട് പിറ്റേദിവസം കണ്ണൂര്‍ പറശ്ശിനിക്കടവിലേക്കും അവിടെ നിന്നു ധര്‍മസ്ഥലയിലേക്കും പോവുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഇന്നു കസ്റ്റഡിയില്‍ വാങ്ങി സ്വര്‍ണം എവിടെ വിറ്റു എന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്നു ജില്ലാ പോലിസ് മേധാവി ഡോ. എ ശ്രീനിവാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഹൊസ്ദുര്‍ഗ് സിഐ യു പ്രേമന്‍, കോസ്റ്റല്‍ സിഐ സി കെ സുനില്‍കുമാര്‍, രഞ്ജിത് രവീന്ദ്രന്‍, നാരായണന്‍, കുഞ്ഞിരാമന്‍, വിജയന്‍, മധു, സുമേഷ്, ഷാജു, ദിനേശ്‌രാജ്, ശിവകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനു നേതൃത്വം നല്‍കിയത്.
Next Story

RELATED STORIES

Share it