ജാഥകള്‍ പലതും കടന്നു പോയി; മലപ്പുറത്ത് പൂട്ടിപ്പോയ ഇഫ്‌ലു കാംപസിനെപ്പറ്റി ആരും ഒന്നും മിണ്ടിയില്ല

റസാഖ് മഞ്ചേരി

മലപ്പുറം: മലയാളികളെ രക്ഷിക്കാന്‍ വടക്കുനിന്ന് അനന്തപുരിയിലേക്ക് വഴിപാട് യാത്രകള്‍ പലതും കടന്നു പോയെങ്കിലും മലപ്പുറത്ത് പൂട്ടിപ്പോയ ഇഫ്‌ലു കാംപസിനെ പറ്റി ആരും ഒന്നും മിണ്ടിയില്ല. ഇടതും വലതും എന്നുവേണ്ട മൂക്ക് കീഴ്‌പ്പോട്ടുള്ളവര്‍ നയിക്കുന്ന മുഴുവന്‍ സംഘടനകളും മലപ്പുറത്ത് രണ്ടു ദിവസം താവളമടിച്ച് നാടും നഗരവും ഇളക്കിമറിച്ചു എന്നതു നേര്. എന്നാല്‍, മലപ്പുറത്തിന്റെ കൈവെള്ളയില്‍ വച്ചുതന്ന ശേഷം മോദി സര്‍ക്കാര്‍ തിരിച്ചെടുത്ത ഇന്ത്യന്‍ ആന്റ് ഫോറിന്‍ ലാംഗ്വേജസ് യൂനിവേഴ്‌സിറ്റിയുടെ റീജ്യനല്‍ സെന്ററിനെ കുറിച്ച് ഒരക്ഷരവും ഉരിയാടാന്‍ ആരും തയ്യാറാവാതിരുന്നത് ഏറെ ചര്‍ച്ചയായിട്ടുണ്ട്.
കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ നയിച്ച ജനരക്ഷാ യാത്രയും പിണറായി വിജയന്റെ കേരള മാര്‍ച്ചും ജില്ലയിലൂടെ കടന്നു പോയെങ്കിലും ഇഫ്‌ലുവിനെ കുറിച്ച് ഒരക്ഷരവും ഉരിയാടിയില്ല. മലപ്പുറത്തിന്റെ കാവല്‍മാലാഖമാരെന്ന് ഊറ്റംകൊള്ളുന്ന സമുദായപ്പാര്‍ട്ടിയും മൗനംദീക്ഷിച്ചുവെന്നതാണ് ഏറെ കൗതുകകരം. പി കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്ര ഇന്നലെ മലപ്പുറത്തു പര്യടനം നടത്തിയപ്പോഴും ഇഫ്‌ലു കാംപസിനെക്കുറിച്ച് ഒരക്ഷരവും പ്രതികരിച്ചില്ല. മാത്രമല്ല, സംഗതി അത്ര കാര്യമാക്കാനില്ല എന്ന നിലപാടാണു സ്വീകരിച്ചതും.
മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കവേ മലപ്പുറത്ത് വലിയ വികസനമുണ്ടായി എന്നു പറഞ്ഞ കുഞ്ഞാലിക്കുട്ടി ഇഫ്‌ലു കാംപസ് നഷ്ട്‌പ്പെട്ടതു സംബന്ധിച്ച ചോദ്യത്തോട് അത് പിന്നീട് ചര്‍ച്ച ചെയ്യാം എന്നാണു പ്രതികരിച്ചത്. പാണക്കാട്ടെ 75 ഏക്കര്‍ ഭൂമി സ്വകാര്യ വ്യവസായ കമ്പനികള്‍ക്കു നല്‍കാനുള്ള നീക്കം നടക്കുന്നതായി നേരത്തെ ആരോപണമുണ്ടായിരുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്താണ് മലപ്പുറത്ത് ഇഫ്‌ലു സ്ഥാപിക്കാന്‍ തീരുമാനിച്ചത്. കാംപസ് ആരംഭിക്കാനായി പാണക്കാട്ട് ഇന്‍കെല്ലിന്റെ അധീനതയിലുള്ള 75 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ വിട്ടുനല്‍കിയതായി പ്രഖ്യാപനമുണ്ടായി. 2013ല്‍ ധാരണാപത്രം ഒപ്പിട്ടു. ഫ്രഞ്ച്, ഇംഗ്ലീഷ് ഡിപ്ലോമ കോഴ്‌സുകള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍, വാടകക്കെട്ടിടത്തില്‍ ആരംഭിച്ച കോഴ്‌സുകള്‍ ഒരു വര്‍ഷത്തിനു ശേഷം നിര്‍ത്തലാക്കി. തുടങ്ങുമെന്നു പ്രഖ്യാപിച്ചിരുന്ന സ്പാനിഷ്, ജര്‍മന്‍, അറബിക് കോഴ്‌സുകള്‍ തുടങ്ങിയതുമില്ല.
കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നില്ല എന്ന കാരണം പറഞ്ഞാണ് ഇഫ്‌ലു വൈസ്ചാന്‍സലര്‍ ഡോ. സുനൈന മലപ്പുറത്തെ സെന്റര്‍ പൂട്ടാന്‍ ഉത്തരവിട്ടത്. പാണക്കാട്ടെ ഭൂമി ഇഫ്‌ലുവിനു നല്‍കുന്നതില്‍ റവന്യൂ വകുപ്പ് തടസ്സവാദങ്ങള്‍ ഉന്നയിച്ചിരുന്നതും ശ്രദ്ധേയം. വിദ്യാഭ്യാസമന്ത്രി അടക്കമുള്ളവര്‍ കേന്ദ്ര മാനവശേഷി മന്ത്രാലയവുമായി ബന്ധപ്പെട്ടുവെന്നു വരുത്തിത്തീര്‍ത്തതല്ലാതെ കാംപസ് പുനസ്ഥാപിക്കാന്‍ കാര്യമായ ഇടപെടലുകള്‍ നടത്തിയില്ല. സംഘപരിവാര സംഘടനകള്‍ മലപ്പുറം സെന്ററിനെതിരേ കുപ്രചാരണം നടത്തിയപ്പോള്‍ അതിനെ ഫലപ്രദമായി പ്രതിരോധിക്കാ ന്‍ പോലും രാഷ്ട്രീയപാര്‍ട്ടികള്‍ മുന്നോട്ടു വന്നതുമില്ല. ഇതിനിടെ കഴിഞ്ഞ ജനുവരി 27ാം തിയ്യതി ഈ ഭൂമി തിരിച്ചെടുത്തുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭാ യോഗത്തില്‍ പുതിയ പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു.
മലപ്പുറം കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിനു വേണ്ടി 25 ഏക്കര്‍ ഭൂമിയും വനിതാ കോളജിനു വേണ്ടി അഞ്ച് ഏക്കര്‍ ഭൂമിയുമാണു തിരിച്ചെടുത്തിരിക്കുന്നത്. ബാക്കിയുള്ളതില്‍ 30 ഏക്കര്‍ ഇഫ്‌ലുവിനു വേണ്ടി കരുതിവയ്ക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യപിച്ചു. 15 ഏക്കര്‍ എന്തു ചെയ്യുമെന്ന കാര്യം അവ്യക്തവും. ഇതോടെ സംസ്ഥാനത്തിന്റെ സ്വപ്‌നമായിരുന്ന ഇഫ്‌ലു തിരിച്ചുവരുന്നതിനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it