ജാതി വിവേചനം: ദലിത് വൃക്ക വേണ്ടെന്ന് സ്വീകര്‍ത്താക്കള്‍; വായ്പ തിരിച്ചടയ്ക്കാന്‍ ദലിത് യുവാവിന് വൃക്ക വില്‍ക്കാനായില്ല

ആഗ്ര: ദലിതര്‍ക്കെതിരായ പീഡനം രാജ്യത്ത് മുഖ്യ ചര്‍ച്ചയായിരിക്കെ ഉത്തരേന്ത്യയില്‍ നിന്നു മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത. പഠനാവശ്യാര്‍ഥമെടുത്ത വായ്പ തിരിച്ചടയ്ക്കുന്നതിന് ഗത്യന്തരമില്ലാതെ വൃക്ക വില്‍ക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ജാതി തടസ്സമായി. ദലിതന്റെ വൃക്ക വേണ്ടെന്നായിരുന്നു ആശുപത്രി അധികൃതരുടെയും സ്വീകര്‍ത്താക്കളുടെയും പ്രതികരണം.
ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഐഐടി രണ്ടാം വര്‍ഷ വിദ്യാര്‍ഥി മഹേഷ് വാല്‍മീകിക്കാണ് ഈ ദുരനുഭവം. 2.7 ലക്ഷം രൂപ വായ്പ തിരിച്ചടയ്ക്കാന്‍ പലവഴികളും ആലോചിച്ച ശേഷമാണ് നിത്യരോഗിയായ താന്‍ വൃക്ക വില്‍ക്കാന്‍ തീരുമാനിച്ചതെന്ന് മഹേഷ് മാധ്യമങ്ങളോട് പറഞ്ഞു. സ്വീകര്‍ത്താക്കളെ കിട്ടാതെ വന്നതോടെ സുഹൃത്തുക്കളുടെ നിര്‍ദേശപ്രകാരം കരിഞ്ചന്തക്കാരെ സമീപിച്ചെങ്കിലും പലരും ജാതി ചോദിച്ച് തിരിച്ചയക്കുകയായിരുന്നു. വാരണാസിയിലെയും സ്വദേശമായ രാജസ്ഥാനിലെ അല്‍വാറിലെയും അഞ്ച് ആശുപത്രികളെ മഹേഷ് സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ദലിതന്റെ വൃക്ക വേണ്ടെന്നാണ് ആവശ്യക്കാര്‍ പറയുന്നതെന്ന് ആശുപത്രി അധികൃതര്‍ മഹേഷിനെ അറിയിച്ചു. നിരാശനായ വിദ്യാര്‍ഥി അല്‍വാറിലെത്തി കുടുംബം ചെയ്തുവന്നിരുന്ന പ്രതിമാസം 4000 രൂപ കിട്ടുന്ന തൂപ്പു ജോലി ചെയ്യുകയായിരുന്നു. മഹേഷിന്റെ അച്ഛന്‍ അസുഖ ബാധിതനായതിനാല്‍ അമ്മ വീട്ടു ജോലി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്.
മഹേഷിന്റെ സുഹൃത്തുക്കള്‍ മാഗ്‌സസെ പുരസ്‌കാര ജേതാവും സാമൂഹിക പ്രവര്‍ത്തകനുമായ സന്ദീപ് പാണ്ഡെയെ സംഭവം ധരിപ്പിച്ചതിനെ തുടര്‍ന്നാണ് വായ്പ തിരിച്ചടയ്ക്കാനുള്ള വഴിയൊരുങ്ങിയത്. വായ്പ തിരിച്ചടയ്ക്കാന്‍ മഹേഷിനെ സഹായിക്കണമെന്ന പാണ്ഡെയുടെ അഭ്യര്‍ഥന ബനാറസ് സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥി സംഘടന ഏറ്റെടുക്കുകയായിരുന്നു.
പഠിക്കാന്‍ മിടുക്കനായിരുന്ന മഹേഷ് 85 ശതമാനം മാര്‍ക്കോടെയാണ് പത്താം ക്ലാസ് പാസായത്. തുടര്‍ പഠനത്തിന് പാര്‍ട്‌ടൈം ജോലി ചെയ്തു പണം കണ്ടെത്താനുള്ള ശ്രമം അസുഖം കാരണം പ്രതിസന്ധിയിലായി. ഇതുകാരണം 12ാം ക്ലാസില്‍ 70 ശതമാനം മാര്‍ക്കേ നേടാനായുള്ളൂ. ബനാറസിലെ ഐഐടി പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയാണ് മഹേഷ് സീറ്റ് കരസ്ഥമാക്കിയത്.
Next Story

RELATED STORIES

Share it