thrissur local

ജാതി മത വികാരങ്ങള്‍ ഉണര്‍ത്തി വോട്ടു ചോദിച്ചാല്‍ കര്‍ശന നടപടി

തൃശൂര്‍: തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചരണം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വരണാധികാരി കൂടിയായ ജില്ലാകലക്ടര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സമുദായങ്ങള്‍ തമ്മിലോ ജാതികള്‍ തമ്മിലോ സംഘര്‍ഷം ഉണ്ടാകുന്ന വിധത്തിലാകരുത് തിരഞ്ഞെടുപ്പു പ്രചാരണം.
ആരാധനാലയങ്ങള്‍ പ്രചാരണ വേദിയാക്കരുത്. ജാതി മത വികാരങ്ങള്‍ ഉണര്‍ത്തി വോട്ടു ചോദിക്കുന്നതും കുറ്റകരമാണ് വോട്ടര്‍മാരെ സ്വാധീനിക്കാനായി സമ്മാനങ്ങള്‍ വിതരണം ചെയ്യരുത്. മറ്റ് പാര്‍ട്ടികളെക്കുറിച്ചുള്ള വിമര്‍ശനം അവരുടെ നയപരിപാടികളെക്കുറിച്ചു മാത്രമേ പാടുള്ളു. വ്യക്തിപരമായുള്ള തേജോവധം പാടില്ല. തെളിവില്ലാത്ത ആരോപണങ്ങള്‍ അരുത്. പൊതുപ്രചാരണം അവസാനിച്ച ശേഷം മാധ്യമങ്ങളിലൂടെയുളള പ്രചാരണം പാടില്ല.
പൊതുസ്ഥലങ്ങള്‍ കയ്യേറിയോ ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവയിലോ പ്രചാരണത്തിനായി ഓഫിസുകള്‍ തുടങ്ങരുത് . പോളിങ് സ്‌റ്റേഷന്റെ 200 മീറ്റര്‍ പരിധിക്കപ്പുറത്തായിരിക്കണം ഓഫിസുകള്‍. പ്രചരണ സമയശേഷം മണ്ഡലത്തിന് പുറത്തുനിന്നെത്തിയ നേതാക്കള്‍ മണ്ഡലത്തില്‍ തങ്ങാന്‍ പാടില്ല. ജാഥ , പൊതുയോഗം എന്നിവ നടത്തുന്നതിന് പോലിസ് അധികാരിയില്‍ ന്നിന് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണ്. ഉച്ച ഭാഷിണി ഉപയോഗത്തിനും പോലിസ് അധികാരിയില്‍ നിന്ന് അനുമതി ആവശ്യമാണ് . രാത്രി 10 മുതല്‍ രാവിലെ 6 വരെ ഉച്ച ഭാഷിണി ഉപയോഗം പാടില്ല . ജാഥ, പൊതുയോഗം എന്നിവയ്ക്കും ഈ സമയപരിധി ബാധകമാണ്.
വോട്ടര്‍മാര്‍ക്ക് സ്ലിപ്പുകള്‍ നല്‍കുമ്പോള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കേണ്ടതും വോട്ടറുടെ പേര് , ക്രമനമ്പര്‍ , ബൂത്ത്‌നമ്പര്‍ , പോളിങ് സ്‌റ്റേഷന്റെ പേര് എന്നിവ മാത്രമേ രേഖപ്പെടുത്താവൂ . പോളിങ് ഏജന്റുമാര്‍ ആ മണ്ഡലത്തിലെ താമസക്കാരനും ബന്ധപ്പെട്ട പോളിങ് സ്റ്റേഷനിലെ വോട്ടറുമായിരിക്കണം .അദ്ദേഹത്തിന് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയുണ്ടായിരിക്കണം .
അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള എസ് എം എസ് അയക്കുന്നത് കുറ്റകരമാണ്. തിരഞ്ഞെടുപ്പുദിവസം പഞ്ചായത്തുകളില്‍ പോളിങ് സ്‌റ്റേഷന്റെ 200 മീറ്റര്‍ പരിധിയിലും നഗരപ്രദേശങ്ങളില്‍ 100 മീറ്റര്‍ പരിധിക്കുള്ളിലും വോട്ടഭ്യര്‍ത്ഥന പാടില്ല . വരണാധികാരി , സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊഴികെ മറ്റാര്‍ക്കും പോളിങ് സ്‌റ്റേഷനകത്ത് മൊബൈല്‍ ഉപയോഗിക്കാന്‍ അനുവാദമില്ല . വോട്ടിങ് ദിനത്തില്‍ വോട്ടര്‍മാരെ വാഹനങ്ങളില്‍ പോളിങ് സ്റ്റേഷനിലെത്തിക്കുന്നതും കുറ്റകരമാണ്.
Next Story

RELATED STORIES

Share it