ജാതിക്കെതിരേ കൂട്ടായ്മ വേണം

ജമല്‍ കാല്ലവേ

ശക്തിയുറ്റ ഏതൊരു സമൂഹവും അവരില്‍ത്തന്നെ പെട്ടതും ദുര്‍ബലമായി കാണപ്പെടുന്നതുമായ ഒരു ഉപവിഭാഗത്തെ കീഴ്‌പ്പെടുത്താറുണ്ട്. അത്തരം അടിമത്വത്തില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്ന വിഭാഗത്തിനെതിരേ മേലാളര്‍ വ്യാജ പ്രചാരണം നടത്തുന്നതും പതിവാണ്. മനുഷ്യകുലത്തിന്റെ ആദിയും ഒടുക്കവുമില്ലാത്ത കഥയാണിത്. മനുഷ്യരുടെ ഒരുമയെ ഹനിക്കുന്ന പ്രധാന ഘടകവും ഇതുതന്നെ. സ്വാതന്ത്ര്യവും സമത്വവും നീതിയും തേടുന്ന അധഃസ്ഥിതര്‍ക്കു മേല്‍ നാഗരികത, സമാധാനം തുടങ്ങിയ വ്യംഗ്യമായ പ്രയോഗങ്ങളുടെ പിന്‍ബലത്തില്‍ മേധാവിത്വം നേടിയെടുത്ത മനുഷ്യര്‍, അധികാരത്തിന്റെയും വിഭവങ്ങളുടെയും തുല്യവിതരണവും സഹവര്‍ത്തിത്വവും പാലിക്കാന്‍ തയ്യാറായിട്ടില്ല. അമേരിക്ക മുതല്‍ ദക്ഷണാഫ്രിക്ക വരെയും ഇന്ത്യ തൊട്ട് ഫലസ്തീന്‍ വരെയും പുഷ്ടിപ്രാപിക്കുന്ന അധീശശക്തികള്‍ കീഴാളവിഭാഗങ്ങളുടെ വളര്‍ച്ചയും ക്ഷേമവും നിഷേധിച്ചാണ് തങ്ങളുടെ സ്ഥാനമുറപ്പിക്കുന്നത്.
അമേരിക്കയില്‍ വംശീയതയും സാമ്പത്തിക അനീതിയുമാണ് വാഴുന്നത്. ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനത്തിന്റെ ജീര്‍ണാവശിഷ്ടങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ഗസയില്‍ അത് ഇസ്രായേലി അധിനിവേശരൂപത്തിലാണ്. ഇന്ത്യയില്‍ പൗരാണികമായ ജാതിക്കോയ്മയുടെ രൂപത്തിലും രുദ്രഭാവത്തില്‍ കാണപ്പെടുന്നു. ഇന്ത്യയിലെ 17 കോടിയോളം വരുന്ന ദലിതരും പത്തരക്കോടി വരുന്ന ഗോത്രവര്‍ഗക്കാരും നിന്ദ്യതയ്ക്കും വിവേചനത്തിനും ഇരയാവുന്നു. ലോകമെമ്പാടും അധികാരിവര്‍ഗം ബാലികമാരെയും വനിതകളെയും ലൈംഗിക-സാമ്പത്തിക ചൂഷണത്തിന് വിധേയരാക്കിയും വംശീയാധിപത്യം അടിച്ചേല്‍പ്പിച്ചും ഈ പീഡനത്തിന് നൈരന്തര്യവും വ്യാപ്തിയും നല്‍കുന്നു.
ഈ പ്രവണതകള്‍ക്കെതിരേ മണ്‍മറഞ്ഞ സ്വാതന്ത്ര്യസമരഭടന്‍മാര്‍ക്ക് ഉണ്ടായിരുന്ന ഭൂഖണ്ഡാന്തര ഐക്യത്തിന്റെ തുടര്‍ച്ചയെന്നോണം അന്തര്‍ദേശീയതലത്തില്‍ ശക്തമായ ഒരു കൂട്ടായ്മയുണ്ടാവണമെന്നാണ് ഞാന്‍ പറയുന്നത്. എങ്കിലേ അനീതിയും അശ്ലീലമായ സാമൂഹിക അത്യാചാരങ്ങളും ഇല്ലായ്മ ചെയ്യാന്‍ കഴിയൂ. അമേരിക്കയിലെ കറുത്തവരുടെയും ദക്ഷിണാഫ്രിക്കയിലെയും ഫലസ്തീനിലെയും പതിതരുടെയും ദലിതരുടെയും സ്വന്തം നാടുകളില്‍ അടിമകളാക്കപ്പെട്ട സര്‍വരുടെയും ആശയതലത്തിലും സംവേദനതലത്തിലുമുള്ള നിരന്തരബന്ധവും വൈകാരിക ഐക്യവും സ്ഥാപിച്ചെടുക്കേണ്ടതുണ്ട്. ഇതു പുതിയൊരാശയമല്ല. ഒരിക്കല്‍ പ്രാവര്‍ത്തികമാക്കിയിരുന്ന ഒരാശയമാണിത്. ഒന്നിച്ചുനിന്ന് പടപൊരുതിയാലേ വിവിധ രംഗങ്ങളിലും വ്യത്യസ്ത രൂപങ്ങളിലും സഹജീവികളെ ചവിട്ടിമെതിച്ച് സമ്പൂര്‍ണ മേധാവിത്വം കരസ്ഥമാക്കിയ ശക്തികളില്‍നിന്നു മോചനം നേടാനാവൂ.
അമേരിക്കയില്‍ സാന്ദ്രാ ബ്ലാന്റും ഇന്ത്യയില്‍ രോഹിത് ചക്രവര്‍ത്തി വെമുലയും നരഹത്യക്കിരയാക്കപ്പെട്ട ഭീതിദമായ സംഭവങ്ങള്‍ എന്റെ മനസ്സിനെ പിടിച്ചുലയ്ക്കുന്നു. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ഗവേഷണവിദ്യാര്‍ഥിയായിരുന്ന രോഹിത് തന്റെ ജന്മദിനത്തിന് 13 ദിവസം ബാക്കിനില്‍ക്കെയാണ് ഇക്കഴിഞ്ഞ ജനുവരി 17ന് ജീവന്‍ വെടിയുന്നത്. രോഹിതിന്റെ ജീവത്യാഗവും അയാളുടെ ആത്മഹത്യാക്കുറിപ്പും അതിലടങ്ങിയ വിവാദപരമായ വിശദാംശങ്ങളും വമ്പിച്ച ദേശീയ ശ്രദ്ധ നേടുകയുണ്ടായി.
രോഹിതിന്റെയും അംബേദ്കര്‍ വിദ്യാര്‍ഥി അസോസിയേഷന്റെ മറ്റു നാലു പ്രവര്‍ത്തകരുടെയും നേര്‍ക്കുണ്ടായ വംശീയമായ അതിക്രമങ്ങള്‍ പുറത്തുവന്നത് മേല്‍ജാതിക്കാരല്ലാത്ത ഇന്ത്യക്കാര്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധത്തിന് വഴിയൊരുക്കുകയുണ്ടായി. രോഹിത് വെമുലയുടെ പ്രതിമാസ സ്റ്റൈപ്പന്റ് നിര്‍ത്തലാക്കി സാമ്പത്തികമായി വലയ്ക്കുകയാണ് സര്‍വകലാശാല ആദ്യം ചെയ്തത്. എബിവിപി എന്ന വലതുപക്ഷ വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ നേതാവായ നന്ദനം സുശീല്‍കുമാറിനെ ആക്രമിച്ചു എന്ന കുറ്റം ചാര്‍ത്തി അയാളെ പിന്നീട് സസ്‌പെന്‍ഡ് ചെയ്യുകയും തുടര്‍ന്ന് പുറത്താക്കുകയും ചെയ്തു. രണ്ടാഴ്ചയ്ക്കുശേഷം രോഹിത് വെമുലയെ മരിച്ചനിലയില്‍ കണ്ടെത്തി. തന്നെപ്പറ്റി സ്വയം അലക്ഷ്യതയും ശുന്യതയും അനുഭവപ്പെട്ടതിനാലാണ് ഈ രീതിയില്‍ വിടവാങ്ങുന്നതെന്ന് രോഹിതിന്റെ കുറിപ്പ് പറയുന്നു. നിരാശയാണ് മുഖ്യമായും കുറിപ്പില്‍ മുഴച്ചുകാണുന്നതെങ്കിലും അത് വെറുമൊരു ഹതാശാഭരിതമായ കുറിപ്പാണ് എന്നു ഞാന്‍ വിചാരിക്കുന്നില്ല. സമാശ്വസിപ്പിക്കാന്‍ കഴിയാത്തവിധം തീവ്രമായ മനോവേദനയുടെ ഒരു പ്രഖ്യാപനമോ ക്രോധമോ അല്ല അതില്‍ പ്രകടമായത്. മറിച്ച് രോഹിതിന്റെ മനസ്സ് ആനന്ദം കൂറിയിരുന്ന പ്രകൃതിയുടെയും ശാസ്ത്രത്തിന്റെയും സൗന്ദര്യദര്‍ശനത്തിനും അവബോധത്തിനും നിരക്കാത്ത അസുന്ദരമായ ഈ ലോകത്തിന്റെ വികടഗതിയിലുള്ള ഭഗ്നാശയാണതിലുള്ളത്.
ദുഃഖകരമായ ഈ സംഭവത്തിന് ജാതിയുമായി ബന്ധമേതുമില്ലെന്നു വാദിക്കുന്നവരുണ്ട്. രോഹിതിന്റെ കുറിപ്പില്‍ ജാതി പരാമര്‍ശമോ താന്‍ ദലിതനാണെന്നു സൂചിപ്പിച്ചിട്ടോ ഇല്ല. ഹിന്ദു വലതുപക്ഷത്തെപ്പറ്റിയോ ബ്രാഹ്്മണ്യത്തെക്കുറിച്ചോ അതില്‍ തെളിച്ച് എഴുതിയുമില്ല. അതേസമയം, എബിവിപി പ്രവര്‍ത്തകനായ കുമാര്‍ ഒബിസിക്കാരനാണെന്നും രോഹിതിനെതിരായ നീക്കങ്ങള്‍ ജാത്യാധിഷ്ഠിതമാണെന്ന വാദം ഇടതുപക്ഷ രാഷ്ട്രീയക്കാരുടെ കുപ്രചാരണമാണെന്നും ചിലര്‍ പറയുന്നുണ്ട്. ഇടതുപക്ഷ രാഷ്ട്രീയത്തില്‍ രോഹിത് നടത്തിയ അനാവശ്യ ഇടപെടലുകളാണ് ഈ ദാരുണാന്ത്യത്തിലേക്കു നയിച്ചതെന്നും അവര്‍ പറയുന്നു.
പുച്ഛം പ്രകടിപ്പിക്കുന്ന ഈ മൂന്നു വാചകങ്ങളും ഈ ദുരന്തത്തിന്റെ യഥാര്‍ഥ വസ്തുതകള്‍ തൊട്ടറിയാതെയാണ് ഉന്നയിക്കുന്നതെന്നതാണ് യാഥാര്‍ഥ്യം. ജാതിപരാമര്‍ശം വരികളില്‍ വേണമെന്നില്ല. വംശംപോലെ ജാതിയും ഇന്ത്യന്‍ സംസ്‌കാരത്തില്‍ നിലീനമാണ്. പറയാതെ തന്നെ രോഹിത് വെമുലയുടെ ജാതി ഏവര്‍ക്കുമറിയാം. വംശം പോലെ ജാതിയും ലജ്ജാവിഹീനമായി പിന്തുടരുന്ന ഒരു സമൂഹമാണിത്. ഇന്ത്യന്‍ സമൂഹത്തിന്റെ സാമൂഹിക-സാംസ്‌കാരിക വ്യത്യാസങ്ങളില്‍ നിത്യസാന്നിധ്യവുമാണ് അവ രണ്ടും. ജാതിയിലധിഷ്ഠിതമായ വിവേചനവും മേലാളമുഷ്‌ക്കും കാരണം 'തന്റെ ജന്മംതന്നെ വിനാശകരമായ ഒരബദ്ധമായിരുന്നു' എന്ന് രോഹിതിന്റെ വരികളില്‍ തെളിഞ്ഞുകാണാം. ഭരണകൂട ഭീകരത എന്ന് അതിനെ വിളിക്കാന്‍ ബിഎസ്പിയിലെ മായാവതിയെ പ്രേരിപ്പിച്ചതും ഇതുതന്നെ.
രണ്ടാമതായി, വെളുത്തവന്റെ അധീശത്വംപോലെയും ഉള്‍പ്പകപോലെയും വര്‍ണവിവേചനംപോലെയും ജാതി എപ്പോഴും പ്രകടമാണ്. അതിന് ഒരു മേല്‍ജാതി ഹിന്ദുവിന്റെ സാന്നിധ്യം വേണമെന്നില്ല. മേല്‍ജാതിയില്‍പ്പെട്ടവര്‍ സ്ഥലത്തില്ല എന്നതുകൊണ്ട് ബ്രാഹ്്മണമേധാവിത്വം അപ്രസക്തമാവുന്നില്ല. ഇന്ത്യന്‍ സമൂഹത്തിന്റെ ഘടനയിലും വ്യാപാരങ്ങളിലും ഉള്‍പ്പിരിവുകളിലുമൊക്കെ ഈ മീമാംസ സംവേദിച്ചറിയാന്‍ ദുഷ്‌കരമായത്രയും അന്തര്‍ലീനമായിരിക്കുന്നു. അഥവാ രോഹിതും കുമാറും കീഴ്ജാതിക്കാരാണെന്നത് ജാതിവിവേചനത്തിന്റെ ഗര്‍ഹണീയമായ പ്രഭാവത്തിന്റെ വ്യാപ്തിയാണ് വെളിപ്പെടുത്തുന്നത്.
രോഹിത് വെമുലയുടെ ആക്റ്റിവിസവും അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെയും  ഇനിയും മറക്കാറായിട്ടില്ലാത്ത ദലിത് പാന്തര്‍ മൂവ്‌മെന്റിന്റെയും ആക്റ്റിവിസങ്ങളായിരുന്നു. അവ ഇടതുപക്ഷ രാഷ്ട്രീയചിന്തകളായി കുറച്ചുകാണുന്നത് സത്യവിരുദ്ധമാണ്. അത്തരം പ്രസ്ഥാനങ്ങളുടെ പ്രചോദകങ്ങളെ തിരിച്ചറിയാതെ അലസമായുള്ള വിലയിരുത്തലാണത്. ശരീരത്തോടൊപ്പം ആത്മാവിനെയും കൊല്ലുന്നത് തടയുക എന്നതില്‍ കുറയാത്ത ഒന്നുമായിരുന്നില്ല മേല്‍പ്പറഞ്ഞ പ്രസ്ഥാനങ്ങളുടെയെല്ലാം ലക്ഷ്യം. രോഹിതിന്റെ ജീവപ്രചോദനം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അധികാരശ്രേണി പരിവര്‍ത്തിപ്പിക്കാനുള്ള സ്പഷ്ടമായ പ്രതിബദ്ധതയായിരുന്നു. അതുകൊണ്ടാണ് ആസന്നമായ അന്ത്യത്തെക്കുറിച്ചുള്ള കുറിപ്പെന്നതിലുപരി അയാളുടെ ആ ആത്മഹത്യാക്കുറിപ്പ് സംഗതമാവുന്നതും. തനിക്കുശേഷം തന്റെ പ്രിയപ്പെട്ടവരുടെ സാമ്പത്തികാവശ്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനെക്കുറിച്ച് വ്യാകുലപ്പെടുന്ന കത്ത് തന്റെ വേര്‍പാടില്‍ സങ്കടപ്പെടുന്നവരെ ആശ്വസിപ്പിക്കാനും ശ്രമിക്കുന്നു. അന്തസ്സുള്ള ഒരു മനുഷ്യന്റെ അന്ത്യനിമിഷങ്ങളിലെ ഉത്തരവാദിത്തബോധം ആ കുറിപ്പിലണ്ട്.
ഞാന്‍ രോഹിത് വെമുലയുടെ ആത്മഹത്യയെയോ കുറിപ്പിനെയോ മഹത്ത്വവല്‍ക്കുകയല്ല. അതൊരു ഭീകരദുരന്തമായിരുന്നു. അതു സംഭവിക്കരുതായിരുന്നു. എന്നാല്‍, മരണം മുന്നില്‍ കാണുമ്പോഴും ഒരു മനുഷ്യന്‍ സ്വന്തം ജനതയുടെ നന്മയെക്കുറിച്ച് ഉല്‍ക്കണ്ഠപ്പെടുന്നതിലെ മഹിമ മാനിച്ചേ തീരൂ. ജാതി കാരണമുണ്ടായ ആ മരണം രോഹിതിനെ സ്വന്തം ജാതി പരാജയപ്പെടുത്തി എന്ന നിലയിലല്ല കാണേണ്ടത്. അതിലപ്പുറം ജാതിവ്യവസ്ഥയ്‌ക്കെതിരായ മൗലികമായ ഒരു കുറ്റപത്രമാണത്.
ഡോ. അംബേദ്കറുടെ വീക്ഷണങ്ങള്‍ നിരാകരിച്ചതിന് ഇന്ത്യന്‍ സമൂഹം നല്‍കിയ വിലയാണ് രോഹിതിന്റെ ആത്മഹത്യയിലേക്കു നയിച്ച സമകാലീന ഇന്ത്യന്‍ സാഹചര്യങ്ങള്‍. അംബേദ്കറുടെ വാക്കുകള്‍ ശ്രവിക്കാത്തുമൂലമാണ് റുട്ടാഹട്ടില്‍ ഒരു ദലിത് സ്ത്രീ കൂട്ടബലാല്‍സംഗത്തിനിരയാവുന്നത്. ബുദാനില്‍ 15 വയസ്സുകാരി പീഡിപ്പിക്കപ്പെട്ടതും അതുകൊണ്ടാണ്.
അമേരിക്കയിലെ സാമ്പത്തികവും വംശീയവുമായ അനീതിപോല തന്നെ കരാളവും രക്തപങ്കിലവുമാണ് ഇന്ത്യന്‍ സമൂഹത്തില്‍ ജാതിമേല്‍ക്കോയ്മ. അതുകൊണ്ടുതന്നെ സമുദ്രാതിര്‍ത്തികള്‍ക്കപ്പുറം മനസ്സുകളും കരങ്ങളും ഒത്തുചേര്‍ന്ന് ആഗോളതലത്തില്‍ പ്രബലപ്പെടുത്തുന്ന വിപുലമായ ഒരു ആഗോളകൂട്ടായ്മയിലൂടെ മാത്രമേ നമ്മെ തന്നെ കൊന്നുതിന്നുതീര്‍ക്കുന്ന ഈ അത്യാചാരം ഇല്ലാതാക്കാന്‍ കഴിയൂ.

(കൗണ്ടര്‍ പഞ്ച്)
പരിഭാഷ: മുഹമ്മദ് നാജി, കോഴിക്കോട്  ി
Next Story

RELATED STORIES

Share it