ജാട്ട് സംവരണം: രണ്ടാംഘട്ട പ്രക്ഷോഭം തുടങ്ങി

ചണ്ഡീഗഡ്: സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ആവശ്യപ്പെട്ട് ജാട്ട് സമുദായക്കാര്‍ വീണ്ടും പ്രക്ഷോഭം ആരംഭിച്ചു. മൂന്ന് മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഹരിയാനയില്‍ ജാട്ടുകള്‍ പ്രക്ഷോഭം തുടങ്ങിയത്. ഫെബ്രുവരിയില്‍ നടന്ന അക്രമാസക്തമായ പ്രക്ഷോഭത്തില്‍ 30 പേര്‍ മരിച്ചിരുന്നു.
രണ്ടാംഘട്ട പ്രക്ഷോഭത്തിന്റെ തുടക്കം 15 ജില്ലകളില്‍ ചെറു യോഗങ്ങളിലായി നിയന്ത്രിച്ചു. സര്‍ക്കാര്‍ ഒരുക്കിയ വന്‍ പോലിസ് സന്നാഹത്തിന്റെ നടുവിലാണ് പ്രക്ഷോഭം. പ്രക്ഷോഭം ഇതുവരെ സമാധാനപരമാണെന്ന് ഹരിയാന പോലിസ് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അകില്‍ അറിയിച്ചു. പ്രക്ഷോഭം നേരിടാന്‍ കേന്ദ്ര-സംസ്ഥാന സേനകളില്‍ നിന്നായി 20,000ത്തോളം പോലിസുകാരെ വിന്യസിച്ചിട്ടുണ്ട്. ഖാപ്പ് പഞ്ചായത്തുകളും ചില ജാട്ട് വിഭാഗങ്ങളും സമരത്തില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. ആള്‍ ഇന്ത്യ ജാട്ട് അരക്ഷന്‍ സംഘര്‍ഷ് സമിതിയാണ് പ്രക്ഷോഭത്തിന് ആഹ്വാനം നല്‍കിയത്. റോഹ്തക്-പാനിപത് ഹൈവേയില്‍ പ്രക്ഷോഭകര്‍ ടെന്റ് നിര്‍മിച്ചിട്ടുണ്ട്. ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ജാട്ടുകള്‍ക്ക് സംവരണം നല്‍കണമെന്നാണ് ആവശ്യം.
ആദ്യഘട്ട പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്നും ജാട്ടുകള്‍ ആവശ്യപ്പെടുന്നുണ്ട്. പ്രക്ഷോഭത്തില്‍ മരിച്ചവര്‍ക്ക് രക്തസാക്ഷി പദവി നല്‍കണമെന്നും അവരുടെ അടുത്ത ബന്ധുക്കള്‍ക്ക് ജോലി നല്‍കണമെന്നുമാണ് മറ്റാവശ്യങ്ങള്‍. ജാട്ടുകള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലാണ് ഇപ്പോള്‍ പ്രക്ഷോഭം നടക്കുന്നത്. ചിലയിടങ്ങളില്‍ പ്രക്ഷോഭകര്‍ ജില്ലാ അധികൃതര്‍ക്കു നിവേദനം നല്‍കി. പ്രക്ഷോഭം നടക്കുന്ന ജില്ലകളിലെ പ്രശ്‌ന മേഖലകളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. സുരക്ഷാ സേന ഇവിടങ്ങളില്‍ ഫഌഗ് മാര്‍ച്ച് നടത്തി. അക്രമം തടയാന്‍ അധികൃതര്‍ എല്ലാ മുന്‍കരുതലും ഒരുക്കി. സ്ഥിതിഗതി നിരീക്ഷിക്കാന്‍ ചണ്ഡീഗഡില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു.
Next Story

RELATED STORIES

Share it