ജാട്ട് പ്രക്ഷോഭത്തിനു വീണ്ടും ആഹ്വാനം

ചണ്ഡീഗഡ്: ജാട്ട് സമുദായം സര്‍ക്കാര്‍ വിരുദ്ധസമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഹരിയാനയില്‍ കനത്ത സുരക്ഷ. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച സംവരണം ഹൈക്കോടതി റദ്ദാക്കുകയും സമുദായ നേതാക്കള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ചെയതതോടെയാണ് ജൂണ്‍ അഞ്ചിന് സമരം വീണ്ടും തുടങ്ങാന്‍ നേതാക്കള്‍ തീരുമാനിച്ചത്. ജാട്ടുകള്‍ക്ക് സ്വാധീനമുള്ള വിവിധ ജില്ലകളില്‍ അര്‍ധസൈനികരെ വിന്യസിച്ചു. സമരം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നേതാക്കളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിവരികയാണ്. അഖില ഭാരതീയ ജാട്ട് ആരക്ഷണ്‍ സമിതിയാണ് സമരം പ്രഖ്യാപിച്ചത്. നേരത്തെ സമരത്തിനിടെ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സമിതി അധ്യക്ഷന്‍ യശ്പാല്‍ മാലിക് അടക്കമുള്ളവര്‍ക്കെതിരേയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. പ്രക്ഷോഭത്തില്‍ പങ്കെടുക്കരുതെന്ന് സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണെന്നും സമുദായ പ്രതിനിധികള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങുമായി ചര്‍ച്ച നടത്തുമെന്നും മാലിക് അറിയിച്ചു. അക്രമങ്ങളുണ്ടായാല്‍ ശക്തമായി നേരിടുമെന്ന് ഹിസാര്‍ റേഞ്ച് ഐജി ഒ പി സിങ് പറഞ്ഞു. അതേസമയം, ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലെ ജാട്ട് നേതാക്കളുടെ നേതൃത്വത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ ന്യൂഡല്‍ഹിയിലെ വസതിക്കു മുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തി. ഹരിയാനയിലെ ഖട്ടാര്‍ സര്‍ക്കാരിനെതിരേ മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാര്‍ സംവരണം വേണമെന്നും ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it