ജാട്ട് പ്രക്ഷോഭകാലത്തെ ക്രൂരതകള്‍ പോലിസ് മൂടിവച്ചു

ന്യൂഡല്‍ഹി: ഹരിയാനയിലെ ജാട്ട് പ്രക്ഷോഭ കാലത്ത് നടന്ന ക്രൂരമായ അതിക്രമങ്ങള്‍ പോലിസ് മറച്ചുവച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. ഫെബ്രുവരിയിലെ ജാട്ട് പ്രക്ഷോഭത്തില്‍ പോലിസിന്റെ വീഴ്ച സംബന്ധിച്ച്് അന്വേഷിക്കുന്ന ഉത്തര്‍പ്രദേശ്, നാഗാലാന്റ് മുന്‍ ഡിജിപി പ്രകാശ് സിങ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ക്രൂരമായ അക്രമങ്ങളും ബലാല്‍സംഗങ്ങളും കൊള്ളയടിയുമാണ് ഇക്കാലത്ത് നടന്നതെന്ന് പ്രകാശ് സിങ് പറയുന്നു. ഇത് പുറത്തുവരാതെ പോലിസ് മൂടിവച്ചു. സംവരണം ആവശ്യപ്പെട്ടാണ് ജാട്ടുകള്‍ ഫെബ്രുവരിയില്‍ പ്രക്ഷോഭം നടത്തിയത്. അവിടെ നടന്ന അതിക്രമങ്ങള്‍ വിശദീകരിക്കാന്‍ വാക്കുകളില്ലെന്ന് പ്രകാശ് സിങ് പറഞ്ഞു. സമ്പന്നരായ ജാട്ടുകള്‍ ഗ്രാമങ്ങളില്‍ച്ചെന്ന് വീടുകളും കടകളും വാഹനങ്ങളും കത്തിച്ചു. വീടുകളില്‍ നിന്നും വാഹനങ്ങളില്‍ നിന്നും സ്ത്രീകളെ പിടിച്ചിറക്കി ബലാല്‍സംഗം ചെയ്തു. പോലിസിലുള്ള വലിയൊരു വിഭാഗം ജാട്ടുകള്‍ അവര്‍ക്ക് സഹായം നല്‍കി. വിവേചനപരമായിരുന്നു പോലിസിന്റെയും സര്‍ക്കാരിന്റെയും നിലപാട്. അക്രമം നടക്കുന്ന സ്ഥലത്തേക്ക് പോലിസ് എത്താന്‍ ആറുമണിക്കൂര്‍ വരെ വൈകി. ചിലയിടത്ത് തീരെ എത്തിയില്ല. ഉദ്യോഗസ്ഥര്‍ അക്രമികള്‍ക്കനുകൂലമായ നിലപാട് സ്വീകരിച്ചു. ഇത്തരം ഭരണപരാജയം മുമ്പ് കണ്ടിട്ടില്ലെന്നും പ്രകാശ് സിങ് പറഞ്ഞു. ഇതു സംബന്ധിച്ച തയ്യാറാക്കിയ 414 പേജുള്ള വിശദമായ റിപോര്‍ട്ട് വൈകാതെ സര്‍ക്കാരിന് സമര്‍പ്പിക്കും.ഐഎഎസ് ഉദ്യോഗസ്ഥനായ വിജയ് വര്‍ധന്‍, കെ പി സിങ് എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍. പ്രക്ഷോഭം വ്യാപിച്ച എട്ടുജില്ലകളിലായി 80 ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഇതോടൊപ്പം കലാപം തടയാന്‍ വിവിധ സംവിധാനങ്ങളും ഒരുക്കി. ഇതെല്ലാം വെറുതെയായെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നു. 2200 വ്യക്തികളുടെ മൊഴികള്‍ റിപോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഞാന്‍ ജാട്ടാണ് എന്ന പ്ലക്കാഡുമായാണ് അക്രമികളെത്തിയതെന്ന് പ്രകാശ് സിങ് പറഞ്ഞു. മറ്റു ജാതിക്കാരുടെ വാഹനങ്ങള്‍ കടത്തിവിടാന്‍ അക്രമികള്‍ പണംവാങ്ങി. എതിര്‍ത്തവരുടെ വാഹനങ്ങള്‍ കത്തിച്ചു. സഹായം തേടി പോലിസ് സ്‌റ്റേഷനില്‍ വിളിച്ചവരോട് നിങ്ങള്‍ക്ക് അങ്ങനെ തന്നെ വേണമെന്ന് പോലിസ് ഓഫിസര്‍ അട്ടഹസിച്ചു. ബലാല്‍സംഗത്തിനിരയായവര്‍ പഞ്ചാബി വീട്ടില്‍ കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി അഭയം തേടിയതിന്റെ വിവരങ്ങളും റിപോര്‍ട്ടിലുണ്ട്.
Next Story

RELATED STORIES

Share it