ജാട്ട് പ്രക്ഷോഭം വീണ്ടും; നേരിടാന്‍ 48 കമ്പനി കേന്ദ്രസേന

ചണ്ഡിഗഡ്: ജാട്ട് സംവരണ പ്രക്ഷോഭം ഇന്ന് വീണ്ടും ആരംഭിക്കാനിരിക്കെ ഹരിയാനയില്‍ സുരക്ഷ ശക്തമാക്കി. സംസ്ഥാനത്ത് 48 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചു. പ്രക്ഷോഭം കണക്കിലെടുത്ത് സര്‍ക്കാര്‍ അതിജാഗ്രതയിലാണ്. കേന്ദ്രസേനയെക്കൂടാതെ പോലിസ് സേനയെയും വിവിധയിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്ന് ഹരിയാന അഡീഷനല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തരം) രാം നിവാസ് അറിയിച്ചു.
15 കമ്പനി സേനയെക്കൂടി അയച്ചുതരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരിയില്‍ ജാട്ടുകള്‍ നടത്തിയ പ്രക്ഷോഭത്തിനിടെ, ഡല്‍ഹിയിലേക്കുള്ള ജലവിതരണം തടസ്സപ്പെടുത്തിയിരുന്നു. ഇത് കണക്കിലെടുത്ത് സോനിപത് ജില്ലയിലെ വെസ്റ്റേണ്‍ യമുന കനാലിന്റെ കാവലിന് പോലിസിനെയും കേന്ദ്രസേനയെയും വിന്യസിച്ചു. ഫെബ്രുവരിയിലെന്നതുപോലെ ഇത്തവണയും പ്രക്ഷോഭകര്‍ ദേശീയപാതകളും റെയില്‍പാതകളും തടഞ്ഞേക്കുമെന്ന് അധികൃതര്‍ കരുതുന്നു. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പരമാവധി സൈനികരെ ഒരുക്കി.
സംസ്ഥാനത്തെ പോലിസുകാരുടെ അടിയന്തര സാഹചര്യത്തിലല്ലാത്ത അവധി റദ്ദാക്കിയിട്ടുണ്ട്. ഏഴ് പ്രശ്‌ന ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ചോ അതില്‍ കൂടുതലോ ആളുകള്‍ കൂടിനില്‍ക്കുന്നതിന് വിലക്കുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ ജില്ലകളില്‍ കേന്ദ്രസേന ഫഌഗ് മാര്‍ച്ച് നടത്തിവരുകയാണ്.
സാമൂഹിക മാധ്യമം വഴി പ്രകോപനപരമായ പ്രസ്താവനകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നതിനെതിരേ പോലിസ് ജാഗ്രത പാലിക്കുന്നുണ്ട്. സ്ഥിതിഗതികള്‍ നേരിടാന്‍ പോലിസ് സുസജ്ജമാണെന്ന് അഡീഷനല്‍ ഡിജിപി മുഹമ്മദ് അകില്‍ പറഞ്ഞു. ഖാപ്പ് പഞ്ചായത്തുകളും ആള്‍ ഇന്ത്യ ജാട്ട് ആരക്ഷന്‍ സംഘര്‍ഷ് സമിതി (എഐജെഎഎസ്എസ്) യുമാണ് പ്രക്ഷോഭത്തിന് ആഹ്വാനം നല്‍കിയത്. പ്രക്ഷോഭം സമാധാനപരമായിരിക്കുമെന്ന് ജാട്ട് സമുദായ നേതാക്കള്‍ പറഞ്ഞു. ജാട്ടുകള്‍ക്ക് സംവരണം നല്‍കണമെന്നതിനു പുറമെ ഫെബ്രുവരിയിലെ പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്നുമാണ് തങ്ങളുടെ ആവശ്യമെന്ന് എഐജെഎഎസ്എസ് ഹിസാര്‍ ജില്ലാ അധ്യക്ഷന്‍ രംഭാഗട്ട് മാലിക് പറഞ്ഞു.
Next Story

RELATED STORIES

Share it