ജവഹര്‍ നവോദയ ഹോസ്റ്റല്‍; എച്ച്‌ഐവി ബാധിച്ച വിദ്യാര്‍ഥിനിയെ പുറത്താക്കി

കേന്ദ്രപാറ(ഒഡീഷ): എച്ച്‌ഐവി ബാധിച്ച ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്‌കൂള്‍ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി. മറ്റു വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും നിര്‍ബന്ധംമൂലമാണ് കുട്ടിയെ പുറത്താക്കിയതെന്ന് ബാലാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു.മാനവശേഷി വികസനമന്ത്രാലയത്തിനു കീഴിലുള്ള ജവഹര്‍ നവോദയ വിദ്യാലയത്തിലെ 13കാരിയായ വിദ്യാര്‍ഥിനിക്കാണ് ഈ ദുരനുഭവം. കുട്ടി എച്ച്‌ഐവി ബാധിതയാണെന്നത് രഹസ്യമായിരുന്നു. അത് പുറത്താക്കുക വഴി സ്വകാര്യത ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന് ബാലാവകാശ പ്രവര്‍ത്തകന്‍ ബിരാന്ദ പ്രസാദ് പാട്ടി പറഞ്ഞു.
എന്നാല്‍, കുട്ടിയോട് ഒരിക്കലും വിവേചനം കാണിച്ചിട്ടില്ലെന്ന് വിദ്യാലയം പ്രിന്‍സിപ്പല്‍ പാര്‍വതി പ്രധാന്‍ പറഞ്ഞു. രക്ഷിതാക്കളുടെ അഭ്യര്‍ഥനമാനിച്ച് കുട്ടിയെ വീട്ടില്‍ നിന്നു പഠിക്കാന്‍ അനുവദിക്കുകയായിരുന്നു. മാനുഷിക പരിഗണനയുടെ പേരിലാണ് തങ്ങളിതെല്ലാം ചെയ്തതെന്നും അവര്‍ പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കള്‍ എയ്ഡ്‌സ് ബാധിച്ച് നേരത്തേ മരിച്ചതാണ്. പഠനത്തില്‍ മിടുക്കിയായ വിദ്യാര്‍ഥിനിക്ക് ഇക്കൊല്ലം ഒമ്പതാം ക്ലാസിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. സ്‌കൂളിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബാലാവകാശ പ്രവര്‍ത്തകര്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it