ജല്ലിക്കെട്ടിന് കേന്ദ്രം അനുമതി നല്‍കും

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ കാളയോട്ട മല്‍സരമായ ജല്ലിക്കെട്ടിന് കേന്ദ്രം അനുമതി നല്‍കും. മൃഗങ്ങള്‍ ക്രൂരതയ്ക്ക് ഇരയാവില്ലെന്ന് ഉറപ്പാക്കി ഇത്തരം ആചാരപരമായ മല്‍സരങ്ങള്‍ തുടരാന്‍ അനുവദിക്കുകയാണു ലക്ഷ്യമെന്ന് കേന്ദ്ര പരിസ്ഥിതിമന്ത്രി പ്രകാശ് ജാവ്‌ദേകര്‍ പറഞ്ഞു. ജല്ലിക്കെട്ടിനു പുറമെ മഹാരാഷ്ട്രയിലെ കാളയോട്ട മല്‍സരം, കര്‍ണാടകയിലെ കംബാല, പഞ്ചാബിലെ ചില പരമ്പരാഗത കാളയോട്ട മല്‍സരങ്ങള്‍ എന്നിവയ്ക്കുള്ള വിലക്കും ഒഴിവാക്കും. ഇത്തരം മല്‍സരങ്ങള്‍ സംസ്‌കാരത്തിന്റെ ഭാഗമായി നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്നവയാണെന്ന് ജാവ്‌ദേകര്‍ പറഞ്ഞു. അടുത്തവര്‍ഷം കുറഞ്ഞ കാലയളവിലേക്കാണ് ഇവ അനുവദിക്കുക.
മൃഗങ്ങള്‍ ക്രൂരതയ്ക്കിടയാവില്ലെന്ന് ഉറപ്പാക്കിയാവും അനുമതി. ജനുവരി ഒന്നിന് ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്രം പുറത്തിറക്കിയേക്കും. അറ്റോണി ജനറല്‍ മുകുള്‍ റോഹത്ഗിയുമായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ചര്‍ച്ച നടത്തും. തമിഴ്‌നാട്ടില്‍ പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി ജല്ലിക്കെട്ട് നടത്തിവരുന്നു. ജല്ലിക്കെട്ട് പോലുള്ള മല്‍സരങ്ങള്‍ സുപ്രിംകോടതി നിരോധിച്ചിരുന്നു. ഇത്തരം മല്‍സരങ്ങള്‍ക്കുള്ള വിലക്കു നീക്കാന്‍ നിയമഭേദഗതി അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജാവ്‌ദേകര്‍ നേരത്തെ സൂചന നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it