ജലീലിലൂടെ സിപിഎം എറിയുന്നത് ന്യൂനപക്ഷ മനസ്സുകളിലേക്കുള്ള ചൂണ്ട

സമീര്‍ കല്ലായി

മലപ്പുറം: കെ ടി ജലീലിന്റെ മന്ത്രിപദത്തിലൂടെ സിപിഎം ലക്ഷ്യമിടുന്നത് ന്യൂനപക്ഷ മനസ്സുകളിലേക്ക് പാലമിടല്‍. മലപ്പുറത്തുനിന്ന് പി ശ്രീരാമകൃഷ്ണനെ മറികടന്ന് ജലീല്‍ മന്ത്രിപദത്തിലെത്തിയതിന് പിന്നില്‍ മറ്റൊന്നുമല്ലെന്നു വിലയിരുത്ത ല്‍. അതേസമയം, ജലീലിന്റെ മന്ത്രിപദം പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുയര്‍ത്തരുതെന്ന് നിര്‍ബന്ധമുള്ളതുകൊണ്ടാണ് പാര്‍ലമെന്ററി രംഗത്ത് അത്രകണ്ട് പരിചിതനല്ലാതിരുന്നിട്ടും ശ്രീരാമകൃഷ്ണനെ സ്പീക്കര്‍ സ്ഥാനത്തേക്കു പരിഗണിച്ചതും.
2004ലെ മഞ്ചേരി ലോക്‌സഭാ തിരഞ്ഞെടുപ്പോടെയാണ് മുസ്‌ലിം ന്യൂനപക്ഷ മേഖലയിലും തങ്ങള്‍ക്കു കടന്നു കയറാനാവുമെന്ന് സിപിഎമ്മിനു ബോധ്യമാവുന്നത്. ഒരുലക്ഷം വോട്ടിന് ലീഗ് വിജയിച്ചിരുന്ന സീറ്റില്‍ അരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അന്ന് പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിച്ചിട്ടും ടി കെ ഹംസ വിജയശ്രീലാളിതനായത്. തൊട്ടുപിന്നാലെ 2006ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും സിപിഎം വിജയക്കൊടി നാട്ടി. ചരിത്രത്തില്‍ ആദ്യമായി മലപ്പുറം ജില്ലയില്‍ ഇടതിന് അഞ്ച് സീറ്റുകള്‍. രാഷ്ട്രീയ ചാണക്യന്‍ പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും എം കെ മുനീറുമൊക്കെ കടപുഴകിയ തിരഞ്ഞെടുപ്പ്.
2011ല്‍ മഞ്ഞളാംകുഴി അലിയുടെ തിരിച്ചുപോക്കോടെ സിപിഎം ന്യൂനപക്ഷ മനസ്സുകളിലേ—ക്കിട്ട പാലം ഒലിച്ചുപോയി. ടി കെ ഹംസയാകട്ടെ പ്രായാധിക്യത്താല്‍ അവശനുമാണ്. ഇനി മലപ്പുറത്തും മുസ്‌ലിം മേഖലകളിലും സിപിഎമ്മിന് ഒരു മുഖം വേണം. സമുദായ സംഘടനകളുമായി കൂട്ടിയോജിപ്പിക്കാന്‍ പറ്റിയ മുഖം. ജലീലിലൂടെ സിപിഎം ലക്ഷ്യമിടുന്നതും മറ്റൊന്നല്ല. പാര്‍ട്ടി അംഗമല്ലാതിരുന്നിട്ടും പിണറായി വിജയന്‍ നയിച്ച രണ്ട് കേരള യാത്രകളില്‍ ജലീല്‍ അംഗമായിരുന്നു.
പ്രസംഗ വൈഭവവും ലീഗ് പാരമ്പര്യവും ജലീലിന്റെ മുതല്‍ക്കൂട്ടാണ്. ഇത്തവണ മലപ്പുറത്ത് നാലു സീറ്റുകളില്‍ വിജയിക്കാന്‍ ഇടതിനായി. രണ്ട് സീറ്റുകളില്‍ നിസ്സാര വോട്ടുകള്‍ക്കാണ് തോറ്റത്. പെരിന്തല്‍മണ്ണയില്‍ മഞ്ഞളാംകുഴി അലിയടക്കം ഭാഗ്യത്തിനാണ് കടന്നുകൂടിയത്. ലീഗ് കോട്ടയായ തിരൂരങ്ങാടിയില്‍പോലും ഇടത് സ്വതന്ത്രന് മന്ത്രി പി കെ അബ്ദുറബ്ബിനെ വിറപ്പിക്കാനായി. ഇതാണ് സിപിഎമ്മിന് പ്രതീക്ഷയേകുന്നത്.
മുമ്പ് സ്വതന്ത്രന്‍മാരായ ടി കെ ഹംസയും ലോനപ്പന്‍ നമ്പാടനുമൊക്കെ തീര്‍ത്ത പാതയില്‍തന്നെയാണ് ജലീലും. മലപ്പുറത്ത് ലീഗിനെ എതിരിടണമെങ്കില്‍ ജലീലിനെപ്പോലെയുള്ളവരെ കൂടെ നിര്‍ത്തണം. അതിന് ന്യൂനപക്ഷ മനസ്സുകളിലേക്ക് കടന്നുകയറണം. പക്ഷേ, സിപിഎമ്മിന്റെ ഈ തന്ത്രങ്ങള്‍ എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയേണ്ട കാര്യം തന്നെയാണ്.
Next Story

RELATED STORIES

Share it