ജലീലിനു തദ്ദേശ സ്വയംഭരണ വകുപ്പ്: മലപ്പുറത്തിന് നേട്ടം

മലപ്പുറം: സംസ്ഥാന മന്ത്രിസഭയില്‍ ജില്ലയില്‍നിന്നുള്ള ഏക പ്രതിനിധി കെ ടി ജലീലിനു തദ്ദേശ സ്വയംഭരണ വകുപ്പ് ലഭിച്ചതോടെ മലപ്പുറം ആഹ്ലാദത്തില്‍. ജലീലിന്റെ മന്ത്രിസ്ഥാനത്തിലൂടെ സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങളുള്ള മലപ്പുറത്തിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാവും.
കേരള മന്ത്രിസഭയില്‍ ലീഗ് മന്ത്രിമാര്‍ കൈകാര്യം ചെയ്യുന്ന പ്രധാന വകുപ്പ് തന്നെയാണ് ജലീലിനു ലഭിച്ചിട്ടുള്ളത്. റവന്യൂ വരുമാനത്തിന്റെ സിംഹഭാഗവും കൈകാര്യം ചെയ്യുന്ന പ്രധാന വകുപ്പുകളിലൊന്നാണ് തദ്ദേശ സ്വയംഭരണം. മുസ്‌ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റുമാരും നഗരസഭാ അധ്യക്ഷന്‍മാരും ജലീലിനു കീഴിലാവുന്നതോടെ സിപിഎമ്മിനൊപ്പം ജലീലിനും ഇത് വ്യക്തിഗതമായ നേട്ടമാവും. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണം മൂന്നായി വിഭജിച്ച് മൂന്നു മന്ത്രിമാരുടെ കീഴിലായിരുന്നു. നഗരവികസനം മഞ്ഞളാംകുഴി അലിയുടെയും ഗ്രാമവികസനം എം കെ മുനീറിന്റെയും ഒരു വകുപ്പ് കോണ്‍ഗ്രസിന്റെ കൈയിലുമായിരുന്നു. ഇതുമൂലം തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഏകോപനവും നഷ്ടമായിരുന്നു. തദ്ദേശ സ്വയംഭരണം ഇപ്പോള്‍ ഒരു മന്ത്രിക്കു കീഴിലെത്തിയിരിക്കുകയാണ്.
കഴിഞ്ഞ വിഎസ് മന്ത്രിസഭയില്‍ ജില്ലയില്‍ നിന്നുള്ള പാലോളി മുഹമ്മദ്കുട്ടിയാണ് വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. ജലീല്‍ സ്പീക്കറാവുമെന്നായിരുന്നു ലീഗിന്റെ ആദ്യ ധാരണ. ഇങ്ങനെയാണെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍നിന്നു മാറിനില്‍ക്കേണ്ടി വരുകയും ജലീലിനു തങ്ങളുടെ കോട്ടകളില്‍ വിള്ളലുണ്ടാക്കാന്‍ സാധിക്കാതെയാവുമെന്നുമായിരുന്നു ലീഗ് കരുതിയിരുന്നത്. എന്നാല്‍, പൊന്നാനിയില്‍നിന്നുള്ള പി ശ്രീരാമകൃഷ്ണനാണ് സ്പീക്കര്‍ സ്ഥാനത്തെത്തിയത്.
ജലീലിനു ടൂറിസം വകുപ്പെന്നായിരുന്നു ഇന്നലെ വരെ പറഞ്ഞുകേട്ടിരുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് ജലീലിനു തദ്ദേശസ്വയംഭരണവകുപ്പാണ് ലഭിക്കുകയെന്നറിഞ്ഞതോടെ ലീഗ് നേതൃത്വം ഞെട്ടി. ഇനി ലീഗ് ഭരിക്കുന്ന പഞ്ചായത്തുകളടക്കം പ്രധാന പരിപാടികള്‍ക്ക് വകുപ്പ് മന്ത്രിയെന്ന നിലയില്‍ ജലീലിനെ ക്ഷണിക്കേണ്ടിവരും.
Next Story

RELATED STORIES

Share it