thrissur local

ജലസ്രോതസ്സുകള്‍ വറ്റിവരണ്ടു; ജില്ലയില്‍ ശുദ്ധജലക്ഷാമം രൂക്ഷം

ചാവക്കാട്: കൊടും ചൂടില്‍ കിണറുകളും കുളങ്ങളും ജലസ്രോതസുകളും മിക്കവാറും വറ്റിക്കഴിഞ്ഞതോടെ ജില്ലയില്‍ ശുദ്ധജല ക്ഷാമം കടുത്തു. അസഹ്യമായ ചൂടും വേനലും കുടിവെള്ളമില്ലാത്ത അവസ്ഥയും ജനജീവിതം ദുരിതമാക്കുകയാണ്. ജില്ലയില്‍ ജലനിധി, വാട്ടര്‍ അതോറിറ്റി എന്നിവയുടെ കണക്ഷനുകളാണ് ജില്ലയില്‍ ബഹുഭൂരിപക്ഷം ആളുകളും ഉപയോഗിക്കുന്നത്. കണക്ഷനില്ലാത്തവര്‍ വേനല്‍ക്കാലത്ത് വെള്ളം ചുമന്നുകൊണ്ടു വരേണ്ട സ്ഥിതിയാണ്. ചിലരൊക്കെ കുഴല്‍കിണര്‍ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും താരതമ്യേന സാമ്പത്തികമില്ലാത്തവര്‍ താമസിക്കുന്ന ഇവിടങ്ങളില്‍ ഇതിന്റെ ഭാരിച്ച ചെലവ് താങ്ങാന്‍ കഴിയാത്തതും വെള്ളം കിട്ടുമോ എന്ന് ഉറപ്പില്ലാത്തതുമാണ് കുഴല്‍ക്കിണര്‍ കുഴിക്കാന്‍ തടസ്സമാവുന്നത്. കൂടാതെ പ്രകൃതിയുടെ പ്രത്യേകത കൊണ്ട് ആഴമുള്ള കിണറുകള്‍ കുഴിക്കാന്‍ കഴിയാത്തതും കുടിവെള്ള പ്രശ്‌നം കടുത്തതാക്കുന്നു. വാട്ടര്‍ അതോറിറ്റിയും മറ്റു ജലസേചന പദ്ധതികളും തോന്നുമ്പോള്‍ മാത്രം വെള്ളം നല്‍കുക എന്ന നയം സ്വീകരിച്ചതോടെ പലരും വെള്ളത്തിന് സ്വകാര്യ ഏജന്‍സികളെയാണ് ആശ്രയിക്കുന്നത്. ഇതിന് ഏജന്‍സികള്‍ ആവശ്യപ്പെടുന്ന ഭീമമായ തുക ലിറ്റര്‍ അടിസ്ഥാനത്തില്‍ നല്‍കണം. ഗുണമേന്മയില്ലാത്ത വെള്ളമാണ് പലപ്പോഴും കുടിവെള്ളമെന്ന പേരില്‍ എത്തിക്കുന്നത്. മലിനജലം ഉപയോഗിക്കുന്നതിലൂടെ മഞ്ഞപ്പിത്തം, വയറിളക്കം, തുടങ്ങിയ ജലജന്യ രോഗങ്ങളും സാധാരണമാകുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂജല വിനിയോഗം നടക്കുന്ന ജില്ലകളിലൊന്നാണ് തൃശൂരെന്ന് കേന്ദ്രീയ ഭൂജല ബോര്‍ഡും കേരള ഭൂജല വകുപ്പും ചേര്‍ന്നു നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ജില്ലയില്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്കും കൃഷിക്കും വേണ്ടിയാണ് ഭൂജലം പ്രധാനമായും വിനിയോഗിക്കുന്നത്. ഒരു വ്യക്തി പ്രതിദിനം 150 ലിറ്റര്‍ ജലം കുടിക്കുന്നതിനും മറ്റു ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. ജനസംഖ്യയുടെയും ആളോഹരി ഭൂജല ഉപയോഗത്തിന്റെയും അടിസ്ഥാനത്തിലാണ് ഇത് കണക്കാക്കപ്പെട്ടിട്ടുള്ളത്. കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള ജലത്തിന്റെ അളവ് കിണറുകളുടെ എണ്ണവും അവയുടെ വാര്‍ഷിക ഉപയോഗവുമായി ബന്ധപ്പെട്ട കണക്കുകളില്‍ നിന്നാണ് ലഭ്യമാക്കിയിട്ടുള്ളത്.
ഏറ്റവും പുതിയ കണക്ക് പ്രകാരം സംസ്ഥാനത്ത് കണ്ടെത്തിയ അര്‍ധ ഗുരുതരമായി ജലചൂഷണമുള്ള 23 ബ്ലോക്കുകളി ല്‍ മതിലകം, തളിക്കുളം എന്നീ ബ്ലോക്കുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 2011ല്‍ കണക്കാക്കപ്പെട്ട ഭൂജല സമ്പത്തിന്റെ വിശദാംശങ്ങള്‍ 2004ലെയും 2009ലെയും പഠനങ്ങളുടെ ഫലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഭൂജല സമ്പത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ വലിയ വ്യത്യാസം വന്നിട്ടില്ല. എന്നാല്‍, വരും നാളുകളില്‍ ജല സമ്പത്ത് കാര്യമായി കുറയാനിടയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേ സമയം സംസ്ഥാനത്തെ ഭൂജല സമ്പത്തിന്റെ വിനിയോഗം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണെന്നും അഭിപ്രായമുണ്ട്.
എന്നാല്‍, നഗരവല്‍ക്കരണവും കാലാവസ്ഥാ വ്യതിയാനവും ഭൂജല വിനിയോഗത്തില്‍ കാര്യമായ വര്‍ധനയുണ്ടാക്കിയേക്കുമെന്നും പുതിയ പശ്ചാത്തലത്തില്‍ ജലസംരക്ഷണ മാ ര്‍ഗങ്ങള്‍ അവലംബിച്ചില്ലെങ്കി ല്‍ വരും വര്‍ഷങ്ങളില്‍ ജില്ലയി ല്‍ കാര്യമായ ജലക്ഷാമം നേരിടേണ്ടി വരുമെന്നും ഭൂജല ബോ ര്‍ഡ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
Next Story

RELATED STORIES

Share it