wayanad local

ജലസേചന സൗകര്യങ്ങളില്ല: ജില്ലയില്‍ പുഞ്ചകൃഷി അപ്രത്യക്ഷമാവുന്നു

മാനന്തവാടി: ജില്ലയില്‍ പുഞ്ചകൃഷി അപ്രത്യക്ഷമാവുന്നു. കൃഷിക്കാരോടുള്ള സര്‍ക്കാരിന്റെ നിലപാടും കൃഷിയിറക്കാനുള്ള ചെലവു വര്‍ധിച്ചതും കാലാവസ്ഥാ വ്യതിയാനങ്ങളുമാണ് കര്‍ഷകരെ നെല്‍കൃഷിയില്‍ നിന്നകറ്റുന്നത്. 10,500 ഹെക്റ്റര്‍ വയലില്‍ നഞ്ചകൃഷി ചെയ്തിരുന്ന 2009-10 സീസണില്‍ 2,896 ഹെക്റ്റര്‍ സ്ഥലത്ത് പുഞ്ചകൃഷിയും ചെയ്തിരുന്നതായാണ് കൃഷിവകുപ്പിന്റെ കണക്കുകള്‍.
എന്നാല്‍, ഓരോ വര്‍ഷം കഴിയുന്തോറും പുഞ്ചകൃഷിയുടെ വിസ്തീര്‍ണം ഗണ്യമായി കുറഞ്ഞുവരുന്നതായി കണക്കാക്കുന്നു. ഏറ്റവും ഒടുവില്‍ 2015ല്‍ ആയിരത്തില്‍ താഴെ ഹെക്റ്ററില്‍ മാത്രമാണ് ജില്ലയില്‍ പുഞ്ചകൃഷി നടന്നത്. നഞ്ചകൃഷി വിളവെടുപ്പ് കഴിയുന്ന ഡിസംബറോടെയാണ് പുഞ്ചകൃഷിയാരംഭിക്കുക. ഏപ്രില്‍ അവസാനത്തിലും മെയ് മാസത്തിലുമായി കൊയ്ത്തും നടത്തും. മുന്‍വര്‍ഷങ്ങളില്‍ ശക്തമായി പെയ്ത വേനല്‍ മഴയില്‍ വിളവെടുപ്പിന് പാകമായ ഏക്കറോളം നെല്‍പ്പാടങ്ങള്‍ വെള്ളത്തിനടിയിലായിരുന്നു. പുല്‍പ്പള്ളി, വെള്ളമുണ്ട, കക്കടവ് മേഖലകളിലായിരുന്നു വേനല്‍മഴ കര്‍ഷകരെ കണ്ണീര്‍ കുടിപ്പിച്ചത്.
ഇതിനു മതിയായ നഷ്ടപരിഹാരം ലഭിക്കാത്തതിനെ തുടര്‍ന്ന് ഈ ഭാഗങ്ങളില്‍ ഈ വര്‍ഷം നാമമാത്രമായി മാത്രമേ കൃഷി നടത്തിയിട്ടുള്ളൂ. ജില്ലയിലെ വയലുകള്‍ ഒരുകാലത്ത് നീര്‍ക്കെട്ടുകളാല്‍ സമൃദ്ധമായിരുന്നു. ഈ അവസരങ്ങളില്‍ മഴയെയും പുഴയെയും ജലസേചന പദ്ധതികളെയും ആശ്രയിക്കാതെ തന്നെ കര്‍ഷകര്‍ പുഞ്ചകൃഷി നടത്തിയിരുന്നു. പിന്നീട് വയലുകളിലെ ജലനിരപ്പ് ഗണ്യമായി താഴാന്‍ തുടങ്ങിയതോടെ പുഴകളെയും ജലസേചന പദ്ധതികളെയും ആശ്രയിച്ച് കര്‍ഷകര്‍ കൃഷി ചെയ്തു. ഇതിന് ചെലവു വര്‍ധിക്കുകയും ആനുപാതികമായി വരുമാനം ലഭിക്കാതെയും വന്നതോടെയാണ് പുഞ്ചകൃഷി ഒഴിവാക്കാന്‍ തുടങ്ങിയത്.
നഞ്ചകൃഷിയില്‍ പാടശേഖരസമിതികളുടെയും കുടുംബശ്രീ പോലുള്ളവരുടെയും സാന്നിധ്യം കാരണം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ നേരിയ വര്‍ധന വരുത്താന്‍ കഴിഞ്ഞെങ്കിലും പ്രോല്‍സാഹനത്തിന് യാതൊരു പദ്ധതികളുമില്ല. കാരാപ്പുഴ, ബാണാസുര പദ്ധതികളിലൂടെ ജലസേചനം ലക്ഷ്യമിട്ട വയലുകളെല്ലാം ഇപ്പോള്‍ കവുങ്ങിന്‍തോട്ടങ്ങളും വാഴകൃഷികളുമായി രൂപാന്തരപ്പെട്ടു.
പുഴകളില്‍ നിര്‍മിക്കുന്ന തടയണകള്‍ക്കും ആയുസ്സ് കുറവായതോടെ ഇതിനെ ആശ്രയിച്ച് കൃഷിയിറക്കാനും കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. നിലവില്‍ പുഴകളോട് ചേര്‍ന്ന വയലുകളില്‍ നല്ലൊരു ഭാഗം ഇഷ്ടികക്കളങ്ങളായും മാറിക്കഴിഞ്ഞു. ഉല്‍പാദനച്ചെലവിനനുസരിച്ച് വില ലഭിക്കാത്തതും കൃഷിയോടുള്ള വിരക്തിക്ക് കാരണമാക്കിയിട്ടുണ്ട്. നെല്‍കൃഷി പ്രോല്‍സാഹനത്തിനായി സര്‍ക്കാര്‍ ഇപ്പോഴും നല്‍കിവരുന്നത് ഏക്കറിന് 400 രൂപ മാത്രമാണ്. നെല്ല് സംഭരണത്തിലെ അപാകതകളും തൊഴിലാളികളുടെ ലഭ്യതക്കുറവുമെല്ലാം ചുരുക്കം ചില പാരമ്പര്യ കര്‍ഷകരൊഴിച്ച് ജില്ലയിലെ ഭൂരിഭാഗം കര്‍ഷകരെയും പുഞ്ചകൃഷിയില്‍ നിന്നു മാറ്റിനിര്‍ത്തുകയാണ്.
Next Story

RELATED STORIES

Share it