thrissur local

ജലസംരക്ഷണപദ്ധതികള്‍ പഠിക്കാന്‍ രാജസ്ഥാന്‍ സംഘം കിലയിലെത്തി

 മുളംകുന്നത്തുകാവ്:കേരളത്തിലെ ജനസംരക്ഷണവുമായി ബന്ധപ്പെട്ട വികേന്ദ്രീകൃതാസൂത്രണപദ്ധതികള്‍ പഠിക്കുന്നതിനു രാജസ്ഥാനില്‍നിന്നുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന പതിമൂന്നംഗസംഘം കിലയിലെത്തി. വര്‍ഷത്തില്‍ 50 മുതല്‍ 80 സെന്റിമീറ്റര്‍ വരെ മാത്രം മഴ ലഭിക്കുന്ന രാജസ്ഥാനില്‍ ജലസംരക്ഷണം പ്രധാനപ്പെട്ട ഒന്നാണ്.
യൂറോപ്യന്‍ യൂണിയന്റെ സാമ്പത്തികസഹായത്തോടെ ബൃഹത്തായ ജലസംരക്ഷണ പദ്ധതിയാണ് രാജസ്ഥാന്‍ രൂപം നല്‍കിയിട്ടുള്ളത്. ഓരോ ഗ്രാമപ്പഞ്ചായത്തിലും ജലസംരക്ഷണവുമായി ബന്ധപ്പെട്ട വികേന്ദ്രീകൃത പദ്ധതികള്‍ നടപ്പിലാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.ജില്ലാപരിഷത്ത് പ്രസിഡന്റ്, മുന്ന് പഞ്ചായത്ത് സമിതി പ്രസിഡന്റുമാര്‍(ബ്ലോക്ക് പഞ്ചായത്ത്), നാലു ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരടങ്ങുന്ന പ്രതിനിധിസംഘത്തില്‍ നാലുപേര്‍ വനിതകളാണ്.
വികേന്ദ്രീകൃതാസൂത്രണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമെന്ന നിലയിലാണ് പ്രതിനിധിസംഘത്തെ രാജസ്ഥാന്‍ സര്‍ക്കാര്‍ കേരളത്തിലേക്കയച്ചത്.
ഒരാഴ്ച്ചത്തെ സന്ദര്‍ശനത്തിനു കിലയിലെത്തിയ സംഘത്തെ കില ഡയറക്ടറും സംഘവും ചേര്‍ന്ന് സ്വീകരിച്ചു. കേരളത്തിലെ വികേന്ദ്രീകൃതാസൂത്രണത്തെക്കുറിച്ച് ഡോ.പീറ്റര്‍ എം രാജും ധനവികേന്ദ്രീകരണത്തെപ്പറ്റി ഡോ.സണ്ണിജോര്‍ജും പ്രാദേശികസര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളെസംബന്ധിച്ച് പ്രഫ. ടിരാഘവനും പങ്കാളിത്ത ആസൂത്രണത്തെക്കുറിച്ച് ഡോ.ജെ.ബി.രാജനും നീര്‍ത്തടാഷ്ഠിതപദ്ധതി പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഡോ.വി ബിന്ദുവും ക്ലാസ്സെടുത്തു. കില അസി.ഡയറക്ടര്‍ കെ.ബാബു,എക്സ്റ്റഷന്‍ ഫാക്കല്‍റ്റി പിവി രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
തെക്കുംകര ഗ്രാമപ്പഞ്ചായത്ത്,അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്, ആലപ്പുഴ ജില്ലാപഞ്ചായത്ത് എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശിച്ച് അവിടങ്ങളിലെ വികേന്ദ്രീകൃതാസൂണപദ്ധതികള്‍ നേരില്‍ കണ്ട് വിലയിരുത്തും.
വിശദമായ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കാന്‍ രാജസ്ഥാന്‍ ഗ്രാമപഞ്ചായത്ത്-ഗ്രാമവികസനവകുപ്പുമന്ത്രി സുരേന്ദ്രകുമാര്‍ ഗോയല്‍ 14 നു തിരുവനന്തപുരത്തെത്തി ഈ സംഘത്തോടൊപ്പം ചേരുന്നതാണ്.
Next Story

RELATED STORIES

Share it