kozhikode local

ജലവിതരണം കാര്യക്ഷമമാക്കാന്‍ നിര്‍ദേശം

കോഴിക്കോട്: കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ടാങ്കര്‍ ലോറികള്‍ വഴിയുള്ള കുടിവെള്ള വിതരണം ആവശ്യമായ പ്രദേശങ്ങളില്‍ എത്രയും വേഗം അതിനുള്ള സംവിധാനമൊരുക്കാനാണ് ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന തഹസില്‍ദാര്‍മാര്‍, തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ യോഗത്തില്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയത്. തഹസില്‍ദാര്‍മാര്‍ വഴിയാണ് ഇതുമായി ബന്ധപ്പെട്ട ആവശ്യങ്ങളടങ്ങുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിന് താലൂക്ക് ഓഫിസില്‍ ഒരു ചാര്‍ജ് ഓഫീസറെ നിയമിക്കാനും തീരുമാനമായി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശപ്രകാരം കുടിവെള്ള വിതരണത്തി—ല്‍ ജനപ്രതിനിധികളെയോ രാഷ്ട്രീയ പ്രവര്‍ത്തകരെയോ പങ്കാളികളാ—ക്കാതെ ഉദ്യോഗസ്ഥര്‍ തന്നെ അതിന് നേതൃത്വം നല്‍കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
മാവൂര്‍, കോവൂര്‍ എന്നിവിടങ്ങളിലെ വാട്ടര്‍ അതോറിറ്റി ടാങ്കുകള്‍ക്കു പുറമെ കൂടുതല്‍ ജലസ്രോതസ്സുകള്‍ കണ്ടെത്തും. മറ്റിടങ്ങളില്‍ നിന്നെടുക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം വാട്ടര്‍ അതോറിറ്റി ലാബില്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ലോറികളില്‍ വിതരണം ചെയ്യാന്‍ പാടുള്ളൂ. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ടാങ്കുകളില്‍ നിന്നുള്ള വെള്ളവും വിതരണത്തിനായി ലഭ്യമാക്കും.
കുടിവെള്ളമെടുക്കാന്‍ പറ്റുന്ന ജലസ്രോതസ്സുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. കനാലുകള്‍ വഴിയുള്ള ജലവിതരണം കാര്യക്ഷമമാക്കാനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം ടി ജെനില്‍കുമാര്‍, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ ജെസി ഹെലന്‍ ഹമീദ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ എന്‍ ദേവീദാസ്, ഡെപ്യൂട്ടി കലക്ടര്‍ (എല്‍ആര്‍) മുഹമ്മദ് അസ്‌ലം, ഡെപ്യൂട്ടി കലക്ടര്‍ (എല്‍എ) സി വിജയന്‍, ഡെപ്യൂട്ടി കലക്ടര്‍ (ആര്‍ആര്‍) നിര്‍മല, ഹുസൂര്‍ ശിരസ്തദാര്‍ ജയന്‍ എം ചെറിയാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it