ജലവണ്ടിയെത്തി; ലാത്തൂരിന് ആശ്വാസം

ജലവണ്ടിയെത്തി;  ലാത്തൂരിന് ആശ്വാസം
X
water war

മുംബൈ: അഞ്ചുലക്ഷം ലിറ്റര്‍ വെള്ളം നിറച്ച പ്രത്യേക തീവണ്ടി കൊടും വരള്‍ച്ച നേരിടുന്ന മറാത്തവാഡ മേഖലയിലെ ലാത്തൂരിലെത്തി. 350 കിലോമീറ്റര്‍ താണ്ടി 18 മണിക്കൂര്‍ നീണ്ട യാത്രയ്ക്കു ശേഷമാണ് വണ്ടി ലക്ഷ്യസ്ഥാനത്തെത്തിയത്. 10 വാഗണുകളില്‍ വെള്ളം നിറച്ച വണ്ടി പശ്ചിമ മഹാരാഷ്ട്രയിലെ മിറാജില്‍ നിന്നു തിങ്കളാഴ്ച രാവിലെ 11മണിക്കാണു പുറപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ അഞ്ചുമണിക്ക് ലാത്തൂരിലെത്തുകയും ചെയ്തു.
വെള്ളം സൂക്ഷിക്കാന്‍ ലാത്തൂര്‍ റെയില്‍വേ സ്‌റ്റേഷനടുത്ത് ജില്ലാ അധികൃതര്‍ വലിയ കിണര്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെനിന്നായിരിക്കും ലാത്തൂര്‍ നഗരത്തിലേക്കുള്ള ജലവിതരണം. രണ്ടാമത്തെ വണ്ടിയിലെ 50 വാഗണുകള്‍ വെള്ളിയാഴ്ചയോടെ ജലം നിറയ്ക്കാന്‍ തുടങ്ങുമെന്നാണു കരുതുന്നതെന്നു മധ്യ റെയില്‍വേ മുഖ്യ വക്താവ് നരേന്ദ്ര പാട്ടീല്‍ അറിയിച്ചു. റെയില്‍വേ മന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണം 50 ടാങ്ക് വാഗണുകള്‍ അടങ്ങിയ രണ്ടു ചരക്കുവണ്ടികള്‍ കോട്ട വര്‍ക്ക് ഷോപ്പിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആവശ്യാനുസരണം ഇവയുടെ യാത്ര തീരുമാനിക്കും. ഒരു വാഗണിന് 54,000 ലിറ്റര്‍ വെള്ളം നിറയ്ക്കാനുള്ള ശേഷിയുണ്ട്.
അതേസമയം, ലാത്തൂരിലെ ജലപ്രതിസന്ധിക്കു പരിഹാരം കണ്ടെത്താന്‍ യത്‌നിച്ചതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അഭിനന്ദിച്ചു. ലാത്തൂരിലേക്കു വെള്ളമയക്കുന്നതിന് അദ്ദേഹം മോദിയുടെ സഹായം തേടി. പ്രതിദിനം 10 ലക്ഷം വെള്ളം ലാത്തൂരിലേക്കയക്കാന്‍ ഡല്‍ഹി ജനത തയ്യാറാണെന്നു കെജ്‌രിവാള്‍ മോദിക്കയച്ച കത്തില്‍ അറിയിച്ചു. ലാത്തൂര്‍ ജല പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. ലാത്തൂരിലേക്കു തീവണ്ടി വഴി വെള്ളമെത്തിക്കാനാണു കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. അഭിനന്ദിക്കേണ്ട നടപടിയാണിത്- കെജ്‌രിവാള്‍ പറഞ്ഞു.
ഇന്ത്യയില്‍ ജലപ്രതിസന്ധിമൂലം ആരെങ്കിലും മരിച്ചാല്‍ ഇന്ത്യ മുഴുവന്‍ നാണക്കേട് അനുഭവിക്കേണ്ടി വരും. ലാത്തൂരിലെ ജനങ്ങളെ സഹായിക്കേണ്ടത് രാജ്യത്തെ എല്ലാവരുടെയും കടമയാണ്. ഡല്‍ഹിയിലും ജല ദൗര്‍ലഭ്യമുണ്ടെങ്കിലും ലാത്തൂരിലെ ജനങ്ങളെ സഹായിക്കേണ്ടത് ആവശ്യമാണ്. ഉചിതമെന്ന് കരുതുന്നുവെങ്കില്‍ ലാത്തൂരിനെ സഹായിക്കാന്‍ മറ്റു മുഖ്യമന്ത്രിമാരോട് അഭ്യര്‍ഥിക്കാമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it