ജലലഭ്യത ഓര്‍മിപ്പിച്ച് ഇന്ന് അന്താരാഷ്ട്ര വനദിനം

ശരത്‌ലാല്‍ ചിറ്റടിമംഗലത്ത്

കൊച്ചി: ഇന്ന് മാര്‍ച്ച് 21, ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ ലോകം മുഴുവനും അന്താരാഷ്ട്ര വനദിനമായി ആചരിക്കുകയാണ് ഈ ദിവസം. കാടും ജലവും' എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്ര സംഘടന മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം. ശുദ്ധജലം ലഭ്യമാക്കുന്നതില്‍ കാടുകളുടെ പങ്കിനെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയും അതിലൂടെ 2030ഓടെ ലോകത്ത് സുസ്ഥിരവികസനം സാധ്യമാക്കുകയുമാണ് ലക്ഷ്യം വയ്ക്കുന്നത്.
1971 മുതലാണ് യൂറോപ്യന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് അഗ്രികള്‍ച്ചര്‍ ജനറല്‍ അസംബ്ലി ആദ്യമായി ലോക വനദിനം ആചരിച്ചത്. പിന്നീട് 2012 മുതല്‍ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും മാര്‍ച്ച് 21 അന്താരാഷ്ട്ര വനദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. ലോകത്തു ലഭ്യമായ ശുദ്ധജലത്തിന്റെ 75 ശതമാനവും വനപ്രദേശങ്ങളിലെ ജലാശയങ്ങളില്‍ നിന്നും ചതുപ്പുനിലങ്ങളില്‍ നിന്നുമാണു ലഭിക്കുന്നത്. വന്‍നഗരങ്ങളിലെ കുടിവെള്ള ലഭ്യതയുടെ മൂന്നിലൊരു ഭാഗവും സംരക്ഷിത വനപ്രദേശങ്ങളില്‍ നിന്നാണ്. അതോടൊപ്പം ലോകജനസംഖ്യയുടെ 80 ശതമാനവും ജലലഭ്യതയുടെ കാര്യത്തില്‍ കടുത്ത ഭീഷണി നേരിടുന്നതായി ഐക്യരാഷ്ട്ര സംഘടന അടുത്തിടെ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു.
ഐക്യരാഷ്ട്ര സംഘടനയുടെ ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍സ്(എഫ്എഒ) 2015ല്‍ 234ലധികം രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ആഗോള വനനശീകരണം കുറയുന്നതായി കണ്ടെത്തിയിരുന്നു.
ആഗോളതലത്തില്‍ 1990ല്‍ ഓരോ വര്‍ഷവും 8.5 മില്യന്‍ ഹെക്ടര്‍ വനനശീകരണം നടന്നിരുന്ന സ്ഥാനത്ത് 2010-15 വര്‍ഷത്തിനിടയില്‍ ഓരോ വര്‍ഷവും 6.60 മില്യണ്‍ ഹെക്ടര്‍ വനഭൂമിയാണു നശിപ്പിക്കപ്പെട്ടത്. ബ്രസീല്‍, ഇന്തോനീസ്യ, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ വനഭൂമി നശിപ്പിക്കപ്പെട്ടത്. 1990 മുതല്‍ 2015 വരെ കാലഘട്ടത്തിനിടയില്‍ ഏകദേശം 129 മില്യണ്‍ ഹെക്ടര്‍ വനഭൂമി ഇല്ലാതായി. ഭൂവിസ്തൃതിയില്‍ ദക്ഷിണാഫ്രിക്കയുടെ വലുപ്പം വരുമിത്.
കേരളത്തെ സംബന്ധിച്ചിടത്തോളം മൊത്തം ഭൂവിസ്തൃതിയുടെ 29.10 ശതമാനം വനഭൂമിയാണ്. 2014ലെ കേരള ഫോറസ്റ്റ് സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരം 11,309.4754 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണത്തിലാണ് കേരളത്തില്‍ വനഭൂമിയുള്ളത്.
Next Story

RELATED STORIES

Share it