Kottayam Local

ജലലഭ്യത ഉറപ്പു വരുത്തുന്ന ചെറുകിട പദ്ധതികള്‍ക്കു ധനസഹായം നല്‍കും

കോട്ടയം: നെല്‍കൃഷിക്ക് ആവശ്യമായ ജലലഭ്യത ഉറപ്പു വരുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചെറുകിട പദ്ധതികള്‍ക്ക് ധനസഹായം നല്‍കുമെന്ന് കലക്ടര്‍ യു വി ജോസ് അറിയിച്ചു. നെല്‍കൃഷിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കലക്ടറേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടേയും ജലസേചന-കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടേയും പാടശേഖര സമിതി ഭാരവാഹികളുടേയും യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്.
പാടശേഖരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന തോടുകളിലെ നീരൊഴുക്ക് പുന:സ്ഥാപിക്കുന്നതിനും തോടുകളില്‍ ജല ലഭ്യത നിലനിര്‍ത്തുന്നതിനുമുളള പദ്ധതികള്‍ക്ക് 50000 രൂപ വരെ ധനസഹായം നല്‍കും. ഇത്തരം പദ്ധതികള്‍ പാടശേഖര സമിതിയുമായി ചേര്‍ന്ന് തയ്യാറാക്കി ഡിസംബര്‍ അഞ്ചിനകം നല്‍കണം. ഡിസംബര്‍ ഒമ്പതിന് കലക്ടറേറ്റില്‍ ചേരുന്ന യോഗത്തില്‍ പദ്ധതി പരിശോധിച്ച് അംഗീകാരം നല്‍കും. നെല്‍കൃഷി ഊര്‍ജിതമാക്കുന്നതിനുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി കര്‍ഷകര്‍ക്ക് നല്‍കും. കൊയ്ത്ത് യന്ത്രങ്ങളുടെ എണ്ണം, പ്രവര്‍ത്തന ക്ഷമത, വെള്ളം പമ്പ് ചെയ്യുന്നതിനുളള സൗകര്യങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച റിപോര്‍ട്ടും കലക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കാര്‍ഷിക സര്‍വകലാശാലയിലെ വിദഗ്ധരുടെ സഹകരണം കൂടി ഉറപ്പു വരുത്തി നെല്‍കൃഷിയില്‍ മുന്നേറാനുള്ള തയ്യാറെടുപ്പിലാണു ജില്ലാ ഭരണകൂടം. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ. പി ആര്‍ സോന യോഗത്തില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it