ജലനിരപ്പ് 141.72 അടിയിലെത്തി; മുല്ലപ്പെരിയാറില്‍ നാലു ഷട്ടറുകള്‍ തുറന്നു

തൊടുപുഴ: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നു സ്പില്‍വേയിലെ നാലു ഷട്ടറുകള്‍ അരയടി ഉയര്‍ത്തി വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് തുറന്നുവിട്ടു. സെക്കന്‍ഡില്‍ 800 ഘനയടി വെള്ളമാണ് ഒഴുക്കുന്നത്. ജലനിരപ്പ് 141.72 അടിയിലെത്തിയതോടെയാണ് ഷട്ടര്‍ തുറന്നത്.
മുല്ലപ്പെരിയാര്‍ ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ ജലനിരപ്പ് 142ല്‍ എത്തുന്ന മുറയ്ക്ക് ഏതു നിമിഷവും ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്നും പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ വി രതീശന്‍ അറിയിച്ചിരുന്നു. മഴ തുടരുന്ന സാഹചര്യത്തില്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയാണെങ്കില്‍ മുല്ലപ്പെരിയാറിലെ സ്പില്‍വേയിലെ ഷട്ടറുകള്‍ തുറന്നുവിടേണ്ടിവരുമെന്നു കാണിച്ച് തേനി ജില്ലാ കലക്ടര്‍ കത്ത് നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇടുക്കി കലക്ടറുടെ നടപടി.
ഇതിനിടെ അണക്കെട്ടിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി 19ന് ഉപസമിതിയുടെ നേതൃത്വത്തില്‍ അണക്കെട്ടില്‍ പരിശോധന നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. സെക്കന്‍ഡില്‍ 2262 ഘനയടിയാണ് വൃഷ്ടിപ്രദേശങ്ങളില്‍ നിന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്. 2106 ഘനയടി വെള്ളം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ലഭിച്ചിരുന്നു. കഴിഞ്ഞ 7ന് രാത്രി 8 മണിയോടെയാണ് കേരളത്തെ അറിയിക്കാതെ മുല്ലപ്പെരിയാറില്‍ നിന്നു പെരിയാര്‍ നദിയിലേക്ക് തമിഴ്‌നാട് അധികൃതര്‍ വെള്ളം തുറന്നുവിട്ടത്.
ഇത് സുപ്രിംകോടതിയുടെയും മേല്‍നോട്ട സമിതിയുടെയും നിര്‍ദേശങ്ങള്‍ക്ക് എതിരാണെന്നു കേരളം ആരോപിച്ചിരുന്നു. ഇതിനു തടയിടാനാണ് ഏതു നിമിഷവും ഷട്ടര്‍ ഉയര്‍ത്തുമെന്നു കാണിച്ച് ഇടുക്കി ജില്ലാ കലക്ടര്‍ക്ക് തമിഴ്‌നാട് കത്ത് നല്‍കിയിരുന്നത്. സുരക്ഷാ ക്രമീകരണങ്ങള്‍ അവലോകനം ചെയ്യാന്‍ ഇടുക്കി ജില്ലാ കലക്ടര്‍ ഇന്നു രാവിലെ 11ന് വണ്ടിപ്പെയാറില്‍ ഉദ്യോഗസ്ഥ-ജനപ്രതിനിധികളുടെ യോഗം വിളിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it