thrissur local

ജലനിധി പദ്ധതി: പൈപ്പിടല്‍ ജോലികള്‍ ഇഴയുന്നതായി പരാതി

മാള: ആറ് ഗ്രാമപ്പഞ്ചായത്തുകളിലായി നടപ്പാക്കുന്ന ജലനിധി പദ്ധതിക്കായി പൈപ്പ് സ്ഥാപിക്കുന്ന പണി തുടങ്ങി രണ്ട് വര്‍ഷമായിട്ടും പൂര്‍ത്തിയാക്കാനായില്ലെന്ന് പരാതി. ഇതുമൂലം പുതുതായി ടാറിടുന്ന റോഡുകള്‍ പോലും പൈപ്പ് സ്ഥാപിക്കാനായി കുത്തിപ്പൊളിക്കുന്നതായി പരാതി. മാള ഗ്രാമപ്പഞ്ചായത്തിലെ ജലനിധി പദ്ധതിക്കായി മാള വലിയപറമ്പ് റോഡിലാണ് ഇപ്പോഴും പൈപ്പിടല്‍ തുടരുന്നത്.
ആശുപത്രിപ്പടിക്കും കോട്ടമുറി ജങ്ഷനുമിടയില്‍ കാവനാട്ടേക്ക് തിരിയുന്ന റോഡിന് കുറുകെയാണ് പൈപ്പിടല്‍ നടക്കുന്നത്. റോഡിന്റെ ഇരുവശവും പൊളിച്ച് പൈപ്പിട്ടതിനാല്‍ രണ്ട് വര്‍ഷത്തോളമായി റോഡ് യാത്ര ദുഷ്‌കരമാണ്.
മാള പോലിസ് സ്‌റ്റേഷന്‍ പരിസരത്ത് നിന്നും റോഡിന്റെ പണി തുടങ്ങിയ വേളയിലാണ് അവിടെ നിന്നും അര കിലോമീറ്ററോളം ദുരം മാത്രമുള്ളിടത്ത് പൈപ്പിടല്‍ ആരംഭിച്ചത്. ഇതുമൂലം റോഡരികിലെ മണ്ണ് നീക്കി വലിയ മെറ്റല്‍ വിരിക്കുന്ന പണി നിര്‍ത്തി വച്ചിരിക്കയാണ്. തിരക്ക് പിടിച്ച് ചെയ്യേണ്ട ജോലിയാണെങ്കിലും രണ്ടുപേര്‍ മാത്രമാണ് പണിക്കുള്ളത്.
അതിനാല്‍തന്നെ ഏറെ ദിനങ്ങളെടുത്താണ് റോഡ് പൊളിക്കല്‍ തന്നെ നടക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞെങ്കിലും ഇത്തരത്തില്‍ ഇനിയുമേറെ പൈപ്പിടല്‍ നടത്തേണ്ടതായുണ്ട്. മഴക്കാലം എത്തിയാലും പൈപ്പിടല്‍ പൂര്‍ത്തീകരിക്കാനാവാത്തത്ര ഇഴഞ്ഞാണ് പണി നീങ്ങുന്നത്.
Next Story

RELATED STORIES

Share it