thrissur local

ജലനിധി പദ്ധതിയുടെ ഭാഗമായി ട്രയല്‍ പമ്പിങ്‌നടത്തി; പൈപ്പുകള്‍ പൊട്ടി റോഡിലൂടെ വെള്ളമൊഴുകി

മാള: ജലനിധി പദ്ധതിയുടെ ഭാഗമായി ട്രയല്‍ പമ്പിങ് നടത്തിയപ്പോള്‍ പൈപ്പ് തലങ്ങും വിലങ്ങും പൊട്ടി റോഡിലൂടെ വെള്ളമൊഴുകി. കുഴൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ജലനിധി പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച പൈപ്പിലൂടെ വെള്ളം കടത്തി വിട്ട് കാര്യക്ഷമത പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് പൈപ്പ് പൊട്ടിയത്. കഴിഞ്ഞ ദിവസമാണ് ട്രയല്‍ നടത്തിയപ്പോള്‍ കുഴൂര്‍ വിളക്കുംകാല്‍ ജങ്ഷനിലെ പൈപ്പ് പൊട്ടി റോഡിലാകെ വെള്ളം നിറഞ്ഞത്.
കുഴൂരിലെ ജലനിധിക്കായി നിലവിലെ വാട്ടര്‍ അതോറിറ്റിയുടെ പഴയ പൈപ്പിലൂടെയാണ് പുതുതായി സ്ഥാപിച്ച പൈപ്പിലേക്ക് വെള്ളമെത്തിക്കുന്നത്. ഇതരത്തില്‍ ചെയ്തപ്പോഴാണ് പഴയ പൈപ്പ് പലയിടത്തും പൊട്ടുന്നത് കൂടാതെ പുതുതായി സ്ഥാപിച്ച പൈപ്പും പൊട്ടിയത്. ഗുണനിലവാരം തീരെ കുറഞ്ഞ പൈപ്പാണ് സ്ഥാപിച്ചിരിക്കുന്നത്. അതിനലാണ് പ്രഷര്‍ കുറച്ച് വെള്ളം വിട്ടപ്പോള്‍ തന്നെ പൈപ്പ് പലയിടത്തും പൊട്ടിയത്.മുന്‍പ് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി റോഡാകെ പൊട്ടിപൊളിഞ്ഞ അവസ്ഥയിലാണ്. അതിന്റെ കൂടെയാണിപ്പോള്‍ ജലനിധിക്കായി സ്ഥാപിച്ച പൈപ്പും പാടെ പൊട്ടിയത്. ജലനിധിക്കായി പൈപ്പ് സ്ഥാപിച്ചു തുടങ്ങിയ സമയം മുതല്‍ പൈപ്പിന്റെ ഗുണനിലവാരത്തെ കുറിച്ച് വലിയ തോതില്‍ ആക്ഷേപം ഉയര്‍ന്നു തുടങ്ങിയിരുന്നു.
ജലനിധി പദ്ധതിയുടെ പണികളെല്ലാം കഴിഞ്ഞിട്ടേ കൊടുങ്ങല്ലൂര്‍ പൊയ്യ പൂപ്പത്തി എരവത്തൂര്‍ അത്താണി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡിന്റെ ടാറിംഗ് പുനഃരാരംഭിക്കാന്‍ കഴിയൂ.
പൈപ്പുകളിങ്ങനെ പൊട്ടിയാല്‍ ടാറിംഗ് അനന്തമായി നീളും. മഴക്കാലമെത്തിയാല്‍ ടാറിംഗ് നടത്താനാവാത്ത അവസ്ഥയാവും. ടാറിഗിംന് മുന്നോടിയായുള്ള പണികള്‍ ചെയ്തു വരികയാണ്. ടാറിംഗ് അനന്തമായി തടസ്സപ്പെടുന്നതോടെ റോഡിലെ യാത്ര അതീവ ദുഷ്‌കരമാകും. കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ജലനിധി പദ്ധതി പൂര്‍ത്തിയായിട്ടില്ലെന്നത് കൂടാതെ ജനത്തെ ദുരിതത്തിലുമാക്കുകയാണ്. പരിഹാരം വേണമെന്നാണ് വ്യാപകമായുയരുന്ന ആവശ്യം.
Next Story

RELATED STORIES

Share it