wayanad local

ജലനിധി പദ്ധതിക്ക് വിട്ടുകൊടുത്ത സ്ഥലത്തേക്ക് വഴി നല്‍കുന്നില്ലെന്ന്; 500ഓളം കുടുംബങ്ങള്‍ ദുരിതത്തില്‍

മാനന്തവാടി: പൊതുജനം കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍ ജലനിധി പദ്ധതിക്കായി നല്‍കിയ സ്ഥലത്തേക്ക് വഴി നല്‍കുന്നില്ലെന്ന കാരണത്താല്‍ 500ഓളം കുടുംബങ്ങള്‍ ദുരിതത്തില്‍.
വെള്ളമുണ്ട പഞ്ചായത്തിലെ തരുവണ മഴുവന്നൂര്‍കുന്ന് കുടിവെള്ള പദ്ധതിയാണ് അനിശ്ചിതമായി നീളുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് മാനന്തവാടി കുടല്‍ക്കടവില്‍ നിന്നു വെള്ളമെത്തിച്ച് വിതരണം ചെയ്യാനായി കേരളാ വാട്ടര്‍ അതോറിറ്റിക്ക് സ്വകാര്യവ്യക്തി നല്‍കിയ സ്ഥലത്ത് ടാങ്ക് നിര്‍മിച്ചിരുന്നു. രണ്ടു വര്‍ഷം മുമ്പു വരെ ഇതുവഴി നിരവധി കുടുംബങ്ങള്‍ക്ക് വെള്ളം വിതരണം ചെയ്യുകയുമുണ്ടായി. കരിങ്ങാരി, കാപ്പുംകുന്ന്, കൊമ്മയാട് പ്രദേശങ്ങളിലെ 300ഓളം കുടുംബങ്ങള്‍ വാട്ടര്‍ അതോറിറ്റി കണക്ഷനെടുത്ത് ബില്ലടച്ച് കുടിവെള്ളം ഉപയോഗിക്കുകയും ചെയ്തു.
എന്നാല്‍, രണ്ടു വര്‍ഷം മുമ്പ് പഞ്ചായത്തില്‍ ജലനിധി പദ്ധതി വന്നപ്പോള്‍ വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് ഈ ടാങ്ക് ഏറ്റെടുക്കുകയും 600ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതിക്ക് രൂപം നല്‍കുകയും ചെയ്തു. കക്കടവ് പുഴയില്‍ കിണര്‍ കുഴിച്ച് മഴുവന്നൂരിലെ ടാങ്കില്‍ വെള്ളമെത്തിച്ച് കട്ടയാട്, തരുവണ, എട്ടേനാല്‍, കരിങ്ങാരി, ആറാംമൈല്‍, പീച്ചംകോട് പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
കിണര്‍ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. ടാങ്ക് പുനര്‍നിര്‍മിക്കാനായി വാഹനം ദേവസ്വം ബോര്‍ഡ് കൈവശം വച്ചിരിക്കുന്ന വഴിയിലൂടെയാണ് കടന്നുപോവേണ്ടത്. നേരത്തേയുണ്ടായിരുന്ന നടവഴിയിലൂടെ വാഹനം കടന്നുപോവാത്തതിനാലാണ് ഈ വഴിയിലൂടെ നിര്‍മാണ സാമഗ്രികള്‍ സ്ഥലത്തെത്തിക്കാന്‍ ശ്രമം നടത്തിയത്. എന്നാല്‍, പ്രാദേശികമായി ചില വ്യക്തികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാസങ്ങളായി നിര്‍മാണ പ്രവൃത്തികള്‍ നിലച്ചിരിക്കുകയാണ്.
കോഴിക്കോട് ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ഭൂമിയിലൂടെ നിര്‍മാണ സാധനങ്ങള്‍ കൊണ്ടുപോവാനുള്ള അനുമതിയും കാത്താണ് 500ഓളം കുടുംബങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്. ഇവര്‍ ഗുണഭോക്തൃ വിഹിതമായ അഞ്ചു ലക്ഷത്തിലധികം രൂപ ജലനിധിയില്‍ നിക്ഷേപിച്ചാണ് കാത്തിരിപ്പ്.
Next Story

RELATED STORIES

Share it