kannur local

ജലഗതാഗത വകുപ്പിന്റെ നിര്‍ദേശം തിരിച്ചടിയായി; മൂലക്കീല്‍കടവ് പാലം നിര്‍മാണം വീണ്ടും അനശ്ചിതത്വത്തില്‍

പയ്യന്നൂര്‍: കാത്തിരിപ്പുകള്‍ക്കൊടുവില്‍ നിര്‍മാണാനുമതി ലഭിക്കാനിരിക്കെ മൂലക്കീല്‍കടവ് പാലം നിര്‍മാണം വീണ്ടും അനശ്ചിതത്വത്തില്‍. പാലത്തിന്റെ ഉയരവും നീളവും വര്‍ധിപ്പിക്കണമെന്ന ജലഗതാഗത വകുപ്പിന്റെ ആവശ്യമാണ് തിരിച്ചടിയാവുന്നത്. 2014ല്‍ 14 കോടി 20 ലക്ഷം രൂപ ചെലവില്‍ വിശദമായ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഭരണാനുമതിക്കായി കാത്തിരിക്കയാണ് രൂപരേഖ മാറ്റണമെന്നാവശ്യപ്പെട്ട് ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് പൊതുമരാമത്ത് വകുപ്പിനു കത്ത് നല്‍കിയത്. ഇത് പ്രകാരം പാലത്തിന്റെ 410 മീറ്ററും ഉയരം 10 മീറ്ററുമായി ഉയര്‍ത്തണം. ഉയരവും നീളവും അകലവും വര്‍ധിപ്പിക്കണാവശ്യത്തോടെ രൂപരേഖ മാറ്റി എസ്റ്റിമേറ്റ് പുതുക്കേണ്ടി വരും. ഇത് പാലം നിര്‍മാണം അനന്തമായി നീളാന്‍ കാരണമാക്കും. പാലക്കോട് പുഴക്ക് കുറുകെ നിര്‍മിച്ച മുട്ടം-പാലക്കോട് പാലത്തിനു എട്ടു മീറ്റര്‍ മാത്രമാണുള്ളത്. എന്നാല്‍ മൂലക്കീല്‍ കടവ് പാലത്തിന്റെ മാത്രം ഉയരവും വീതിയും വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം പാലം തന്നെ ഇല്ലാതാക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക.
2010ലെ ഡിസൈന്‍ അംഗീകരിച്ചുകൊണ്ടുള്ള ക്ലിയറന്‍സ് ആവശ്യപ്പെട്ട് പിഡബ്ലുഡി വിഭാഗം എന്‍ജിനീയര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ നിരുത്തരവാദിത്വ സമീപനമാണ് രാമന്തളി, മാടായി പഞ്ചായത്തുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിര്‍മാണം നീളാന്‍ കാരണമെന്ന വിമര്‍ശനം ശക്തമാണ്. ഏറെ കാത്തിരിപ്പിനൊടുവില്‍ 2008 ലാണ് പാലത്തിന്റെ നിര്‍മാണത്തിന് സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയത്.
സര്‍ക്കാറിന്റെ പ്രത്യേക ഉത്തരവിലൂടെ സര്‍വേ നടത്താന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍വേ പൂര്‍ത്തിയാക്കുകയും 510 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിക്കുകയും ചെയ്തു. എന്നാല്‍ നിര്‍മാണം തുടങ്ങാനായില്ല. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് പലതവണ എസ്റ്റിമേറ്റ് പുതുക്കിയെങ്കിലും ഭരണാനുമതി ലഭിക്കാതെ നിര്‍മാണം നീണ്ടു.
2009ല്‍ ബോറിങ്, മണ്ണ് പരിശോധന, ഭേദഗതി അംഗീകരിക്കല്‍ എന്നീ നടപടികള്‍ പൂര്‍ത്തിയാക്കി 2010ല്‍ രൂപരേഖ തയ്യാറാക്കി. എന്നല്‍ സമീപ റോഡുകളുടെ സ്ഥലം ലഭിക്കാതെ പാലം പണി തുടങ്ങേണ്ടെന്ന സര്‍ക്കാര്‍ നിര്‍ദേശം വീണ്ടും തിരിച്ചടിയായി. ഇതേ തുടര്‍ന്ന് ജനപ്രധിനികള്‍ ഉള്‍പ്പെടെ ഇടപെട്ട് സ്ഥലം ലഭ്യമാക്കി. ഇരുവശത്തും സ്ഥലം ലഭിച്ച് മൂന്നുവര്‍ഷം കഴിഞ്ഞിട്ടും പാലം നിര്‍മാണം തുടങ്ങാനായില്ല. ഉള്‍നാടന്‍ ജലഗതാഗത വകുപ്പിന്റെ ഇടപെടലാണ് തിരിച്ചടിയായത്. രാമന്തളി-മാടായി ഗ്രാമപഞ്ചായത്തുകളിലെ അ—വികസിതമായ നിരവധി പ്രദേശങ്ങളുടെ യാത്രാ ദുരിതത്തിനുള്ള പരിഹാരമാണ് സര്‍ക്കാര്‍ വകുപ്പുകളുടെ അനാസ്ഥ കാരണം ഇല്ലാതാവുന്നത്.
ഗതാഗത സൗകര്യത്തിനു പറമെ മല്‍സ്യബന്ധനം തുടങ്ങിയ മേഖലകള്‍ക്കും പാലം ഏറെ പ്രയോജനകരമാണ്. മലബാര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി രണ്ടുവര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി നാടിന് തുറന്നു കൊടുക്കാന്‍ ലക്ഷ്യമിട്ട പദ്ധതിയിയാണിത്. 2014ല്‍ മുഖ്യമന്ത്രി തന്നെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയോട് എസ്റ്റിമേറ്റ് അംഗീകരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. പ്രത്യേക ഉത്തരവിലൂടെ നല്‍കിയ സന്ദേശം കൂടിയാണ് ഇപ്പോള്‍ ജലരേഖയായി മാറിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പാലം പണി വീണ്ടും നീളുമെന്നും അതിനാല്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണെമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it