ജറുസലേമില്‍ ഇസ്രായേല്‍ സുരക്ഷ ശക്തമാക്കി

ജറുസലേം: ഖുദ്‌സിലും തെല്‍അവീവിലും കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷങ്ങളില്‍ അഞ്ചു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍സുരക്ഷ ശക്തമാക്കാന്‍ ഇസ്രായേല്‍ മ്രന്തിസഭ തീരുമാനിച്ചു. ബസ് യാത്രക്കാരും ആക്രമിക്കപ്പെട്ടതിനാല്‍ ഖുദ്‌സിലെ ഗതാഗത സംവിധാനങ്ങള്‍ക്ക് സൈനിക കാവല്‍ ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ നിര്‍ദേശം നല്‍കി. അറബ് തെരുവുകളില്‍ പോലിസിനൊപ്പം സൈന്യത്തെ കൂടി വിന്യസിച്ചു. വെസ്റ്റ്ബാങ്കിലും സുരക്ഷാ നടപടികള്‍ കര്‍ക്കശമാക്കി. ഏറ്റുമുട്ടലുകളോ അക്രമത്തിനുള്ള പ്രേരണയോ ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. ഫലസ്തീനികളുടെ രോഷദിനമായി പ്രഖ്യാപിക്കപ്പെട്ട കഴിഞ്ഞ ദിവസം നാലു ഇസ്രായേലികള്‍ കൊല്ലപ്പെടുകയും 20ഓളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.രണ്ടു ഫലസ്തീന്‍ ആയുധധാരികള്‍ ബസ്സിനകത്തു നടത്തിയ ആക്രമണത്തില്‍ മൂന്ന് ഇസ്രായേലികളാണ് കൊല്ലപ്പെട്ടത്.

ആക്രമണം നടത്തിയവരില്‍ ഒരാളെ സൈന്യം വെടിവച്ചു കൊല്ലുകയും മറ്റേയാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. പടിഞ്ഞാറന്‍ ഖുദ്‌സിലെ ജൂതന്‍മാര്‍ താമസിക്കുന്ന തെരുവിലെ ബസ് സ്റ്റോപ്പിലാണ് രണ്ടാമത്തെ ആക്രമണം നടന്നത്. വാഹനം ഇടിപ്പിക്കാനുള്ള ശ്രമത്തിനു പിന്നാലെ കുത്തിപ്പരിക്കേല്‍പ്പിക്കലും നടന്നതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു. ആക്രമണം നടത്തിയ ആള്‍ അറസ്റ്റിലായി. അതേസമയം, വെസ്റ്റ്ബാങ്കിലെ ബത്‌ലഹേമില്‍ ഇസ്രായേല്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഫലസ്തീന്‍ യുവാവ് രക്തസാക്ഷിയാവുകയും രണ്ടു ഫലസ്തീനികള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഏറ്റുമുട്ടലിനിടെ മുതുകിന് വെടിയേറ്റാണ് യുവാവ് മരിച്ചത്. ഖുദ്‌സും മസ്ജിദുല്‍ അഖ്‌സയും സംരക്ഷിക്കുമെന്നു പ്രഖ്യാപിച്ച് വെസ്റ്റ്ബാങ്കില്‍ ഫലസ്തീനികള്‍ നടത്തിയ റാലിക്കു നേരെ ഇസ്രായേല്‍ വെടിയുതിര്‍ക്കുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. ഏറ്റുമുട്ടലില്‍ 50ല്‍ പരം ഫലസ്തീനികള്‍ക്കു പരിക്കേറ്റു. ഗസാ അതിര്‍ത്തിയിലും ഇസ്രായേല്‍ സൈന്യവുമായി ഏറ്റുമുട്ടലുണ്ടായി. ഇവിടെയും നിരവധി ഫലസ്തീന്‍ യുവാക്കള്‍ക്ക് പരിക്കേറ്റു.
Next Story

RELATED STORIES

Share it