ജറുസലേമിലെ പഴയ നഗരത്തില്‍ ഫലസ്തീനികള്‍ക്ക് വിലക്ക്

വെസ്റ്റ്ബാങ്ക്: ജറുസലേമിലെ പഴയ നഗരത്തില്‍ പ്രവേശിക്കുന്നതിനു ഫലസ്തീനികള്‍ക്ക് ഇസ്രായേല്‍ അധിനിവേശസേന രണ്ടു ദിവസത്തേക്കു വിലക്കേര്‍പ്പെടുത്തി. മണിക്കൂറുകള്‍ക്കിടെ വ്യത്യസ്തയിടങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ മൂന്ന് ഇസ്രായേലികള്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണു നടപടി. ഇതുപ്രകാരം ഇസ്രായേലികള്‍, വിനോദ സഞ്ചാരികള്‍, തദ്ദേശവാസികള്‍, വ്യാപാരികള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കു മാത്രമായി പഴയ നഗരത്തിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തും. കൂടാതെ മസ്ജിദുല്‍ അഖ്‌സയില്‍ 50 വയസ്സിനു മുകളിലുള്ളവരെ മാത്രമേ പ്രവേശിപ്പിക്കൂ. എന്നാല്‍, സ്ത്രീകള്‍ക്കു പ്രായപരിധി നിശ്ചയിച്ചിട്ടില്ല. പ്രത്യേക കവാടത്തിലൂടെ മാത്രമേ ഫലസ്തീനികളെ അഖ്‌സ വളപ്പിലേക്കു പ്രവേശിപ്പിക്കൂ.

ശനിയാഴ്ച രാത്രി പഴയ നഗരത്തില്‍ ഫലസ്തീന്‍ യുവാവ് രണ്ട് ഇസ്രായേലികളെ വെടിവച്ചു കൊല്ലുകയും യുവതിയെയും കുഞ്ഞിനെയും കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. പശ്ചിമ ജറുസലേമിലുണ്ടായ മറ്റൊരു സംഭവത്തില്‍ വഴിപോക്കനായ ഇസ്രായേലിയെ ഫലസ്തീനി കുത്തിക്കൊലപ്പെടുത്തിയിരുന്നു. ആഴ്ചകളായി പഴയ നഗരത്തിലും മസ്ജിദുല്‍ അഖ്‌സയിലും ഇസ്രായേല്‍ സൈന്യവും ഫലസ്തീനികളും തമ്മിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മേഖലയില്‍ ഇസ്രായേല്‍ സൈന്യം റെയ്ഡുകളും അതിക്രമങ്ങളും പതിവാക്കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചകളിലെ ജൂത-മുസ്‌ലിം ആഘോഷങ്ങളും സംഘര്‍ഷങ്ങള്‍ക്കു എരിവേറ്റിയിട്ടുണ്ട്.
Next Story

RELATED STORIES

Share it