ജര്‍മനി: കുത്തേറ്റ സ്ഥാനാര്‍ഥി കൊളോണ്‍ മേയര്‍

കൊളോണ്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വംശീയ യവാദിയായ അക്രമിയുടെ കുത്തേറ്റ സ്ഥാനാര്‍ഥി ഹെന്റീറ്റെ റേക്കര്‍ കൊളോണ്‍ നഗരത്തിന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. റേക്കര്‍ 52.7 ശതമാനം വോട്ടുകള്‍ നേടി. ശനിയാഴ്ചയാണ് കുടിയേറ്റത്തെ അനുകൂലിക്കുന്ന ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജലാ മെര്‍ക്കലിനെ പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി ഹെന്റീറ്റെ റേക്കര്‍ക്കു കുത്തേറ്റത്. കൊളോണില്‍ കര്‍ഷകരുടെ ആഴ്ചച്ചന്തയില്‍ തിരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ 44കാരനായ കൊളോണ്‍ സ്വദേശി റേക്കറെ കുത്തുകയുമായിരുന്നു. റേക്കറുടെ പരിക്ക് ഗുരുതരമാണെങ്കിലും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അഭയാര്‍ഥികളെ പിന്തുണച്ചുള്ള റേക്കറുടെ പരാമര്‍ശമാണ് പ്രകോപനത്തിന് ഇടയാക്കിയത്. അക്രമിക്കെതിരേ കൊലപാതകശ്രമത്തിന് കേസെടുത്തതായി പോലിസ് അറിയിച്ചു. അഭയാര്‍ഥികളെ ജര്‍മനി സ്വീകരിക്കുമെന്ന മെര്‍ക്കലിന്റെ നിലപാടിനോടുള്ള പ്രതിഷേധമായാണ് ഇയാള്‍ മേയര്‍ സ്ഥാനാര്‍ഥിയെ ആക്രമിച്ചത്. കൊളോണ്‍ സിറ്റി സോഷ്യല്‍ ഡിപാര്‍ട്ട്‌മെന്റിന്റെ മേധാവിയും അഭയാര്‍ഥികളുടെ ചുമതലയുള്ള ഉദ്യോഗസ്ഥയുമാണ് 58കാരിയായ റേക്കര്‍.
Next Story

RELATED STORIES

Share it