ജര്‍മനിയില്‍ ബയേണ്‍ മുന്നോട്ട്

മ്യൂണിക്ക്: ജര്‍മന്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് മുന്നോട്ട്. 16ാം റൗണ്ട് മല്‍സരത്തില്‍ ഇന്‍ഗോല്‍സ്റ്റഡ്റ്റിനെയാണ് 0-2ന് ബയേണ്‍ പരാജയപ്പെടുത്തിയത്. ലീഗിലെ 15ാം റൗണ്ടില്‍ സീസണിലെ ആദ്യ തോല്‍വിയേറ്റുവാങ്ങിയ ബയേണിന്റെ വിജയവഴിയിലേക്കുള്ള തിരിച്ചുവരവ് കൂടിയായി മാറി.
ബൊറൂസ്യ മൊകന്‍ഗ്ലാഡ്ബാച് 15ാം റൗണ്ടില്‍ ബയേണിനെ വീഴ്ത്തിയിരുന്നു. ഇന്‍ഗോല്‍സ്റ്റഡ്റ്റിനെതിരേ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി (65ാം മിനിറ്റ്), ഫിലിപ്പ് ലാം (75) എന്നിവരാണ് ബയേണിനു വേണ്ടി ഗോള്‍ നേടിയത്. ജയത്തോടെ രണ്ടാം സ്ഥാനക്കാരായ ബൊറൂസ്യ ഡോട്മുണ്ടുമായുള്ള പോയിന്റ് അകലം എട്ടാക്കി ഉയര്‍ത്താനും ബയേണിന് സാധിച്ചു. 16 മല്‍സരങ്ങളില്‍ നിന്ന് 43 പോയിന്റാണ് ബയേണിനുള്ളത്. ഒരു മല്‍സരം കുറച്ചു കളിച്ച ഡോട്മുണ്ട് 35 പോയിന്റുമായാണ് രണ്ടാംസ്ഥാനത്ത് തുടരുന്നത്.
അതേസമയം, കഴിഞ്ഞ സീസണിനു ശേഷം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിട്ട് ബയേര്‍ ലെവര്‍ക്യൂസനിലേക്ക് തട്ടകം മാറ്റിയ മെക്‌സിക്കോ സ്‌ട്രൈക്കര്‍ ജാവിയര്‍ ഹെര്‍ണാണ്ടസ് മികച്ച ഫോം തുടരുകയാണ്. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ഹെര്‍ണാണ്ടസിന്റെ ഹാട്രിക്കില്‍ ലെവര്‍ക്യൂസന്‍ 5-0ന് ബൊറൂസ്യയെ കെട്ടുകെട്ടിച്ചു. 63, 75, 76 മിനിറ്റുകളിലായിരുന്നു ഹെര്‍ണാണ്ടസിന്റെ ഗോളുകള്‍. ഹെര്‍ണാണ്ടസിനെ കൂടാതെ സ്റ്റിഫന്‍ കെയ്‌സ് ലിങ് ഇരട്ട ഗോളുകളുമായി ലെവര്‍ക്യൂസന്റെ ആധികാരിക വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി.
Next Story

RELATED STORIES

Share it