ജര്‍മനിയില്‍ എഎഫ്ഡി സമ്മേളന വേദിക്കു സമീപം പ്രതിഷേധം; 400ലധികം ഇടതുപക്ഷ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ബെര്‍ലിന്‍: ജര്‍മനിയിലെ സ്റ്റട്ട്ഗര്‍ട്ടില്‍ മുസ്‌ലിംവിരുദ്ധ, കുടിയേറ്റവിരുദ്ധ നിലപാട് സ്വീകരിക്കുന്ന തീവ്ര വലതു പാര്‍ട്ടി ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനിയുടെ (എഎഫ്ഡി) സമ്മേളനവേദിക്കു സമീപം പ്രതിഷേധിച്ച 400ലധികം ഇടതുപക്ഷ പ്രവര്‍ത്തകര്‍ അറസ്റ്റില്‍.
എഎഫ്ഡി പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലേക്കുള്ള കവാടത്തിനു മുന്നില്‍ ഇടതുകക്ഷി പ്രവര്‍ത്തകര്‍ തടസ്സം സൃഷ്ടിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് പ്രതിഷേധക്കാരും എഎഫ്ഡി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പോലിസിന്റെ സഹായത്തോടെ എഎഫ്ഡി പ്രവര്‍ത്തകരെ പോലിസ് സമ്മേളനവേദിക്കകത്തെത്തിക്കുകയും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കുകയുമായിരുന്നു.
2400ഓളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. നാത്‌സി പ്രചാരണങ്ങള്‍ക്ക് സ്ഥാനമില്ലെന്ന മുദ്രാവാക്യം എഎഫ്ഡിക്കെതിരേ പ്രതിഷേധക്കാര്‍ മുഴക്കി. മൂന്നു വര്‍ഷം മുമ്പ് ആരംഭിച്ച എഎഫ്ഡി കഴിഞ്ഞ വര്‍ഷത്തോടെയാണ് കുടിയേറ്റവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കാനാരംഭിച്ചത്. പകുതിയോളം സംസ്ഥാനങ്ങളില്‍ ഭൂരിപക്ഷമുള്ള എഎഫ്ഡിയുടെ പ്രാതിനിധ്യം ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് തൊട്ടുപിറകിലാണ്.
ഇസ്‌ലാം ജര്‍മന്‍ ഭരണഘടനക്കെതിരാണെന്നു പാര്‍ട്ടി പ്രചാരണം നടത്തിയിരുന്നു. രാജ്യത്തെത്തിയ കുടിയേറ്റക്കാരെ തിരിച്ചയക്കണമെന്ന നിലപാടും എഎഫ്ഡി സ്വീകരിച്ചിരുന്നു.
Next Story

RELATED STORIES

Share it