ജയില്‍ സൂപ്രണ്ടിന്റെ വിശദീകരണം കളവെന്ന് ജസ്റ്റിസ് ശിവരാജന്‍

കൊച്ചി: സോളാര്‍ കമ്മീഷന്‍ സിറ്റിങിനു നിശ്ചയിച്ച തിയ്യതിയില്‍ ബിജു രാധാകൃഷ്ണനെ ഹാജരാക്കാതിരുന്ന പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എ ജി സുരേഷിന് സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ജി ശിവരാജന്റെ രൂക്ഷവിമര്‍ശനം. ബിജു രാധാകൃഷ്ണനെ ഈ മാസം 12നു ഹാജരാക്കാതിരുന്നതു സംബന്ധിച്ചു നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.
ബിജുവിനെ ഹാജരാക്കാതിരുന്നത് മജിസ്‌ട്രേറ്റ് കോടതിയില്‍ ബിജുവിന്റെ കേസ് ഒത്തുതീര്‍പ്പിനു വച്ചിരുന്നതിനാലാണെന്ന സൂപ്രണ്ടിന്റെ വിശദീകരണം പരിഗണിച്ചപ്പോഴായിരുന്നു വിമര്‍ശനം. ബിജു രാധാകൃഷ്ണനെ 12നു ഹാജരാക്കില്ലെന്നു പറയാന്‍ കമ്മീഷന്റെ സെക്രട്ടറിയെ താന്‍ പലവട്ടം വിളിച്ചിട്ടും ഫോണ്‍ എടുത്തില്ലെന്നു സൂപ്രണ്ട് വിശദീകരണക്കുറിപ്പില്‍ പറഞ്ഞു. എന്നാല്‍ ഇതു പച്ചക്കള്ളമാണെന്നു കമ്മീഷന്‍ പറഞ്ഞു. സെക്രട്ടറിയുടെ ഫോ ണ്‍ പരിശോധിച്ചതില്‍നിന്ന് ഇങ്ങനെയൊരു കോള്‍ വന്നിട്ടില്ലെന്നു വ്യക്തമായി. കമ്മീഷന്‍ ഓഫിസിലെ ഫോണില്‍ വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ലെന്ന സൂപ്രണ്ടിന്റെ വിശദീകരണവും കള്ളമാണ്. അന്നിവിടെ അത്തരത്തില്‍ ഒരു ഫോണ്‍കോള്‍ വന്നിരുന്നില്ല. മാത്രമല്ല, ബിജുവിനെ ഹാജരാക്കുമോയെന്ന വിവരം ആരായാന്‍ 11ാം തിയ്യതി കമ്മീഷന്‍ ഓഫിസില്‍ നിന്നു വിളിച്ചപ്പോള്‍ പോലും ഹാജരാക്കില്ലെന്ന കാര്യം അറിയിച്ചിരുന്നില്ലെന്നും കമ്മീഷന്‍ പറഞ്ഞു.
ഒരു തെറ്റ് മറയ്ക്കാന്‍ നൂറു കള്ളത്തരം കാണിക്കുകയാണ് സൂപ്രണ്ട് ചെയ്തിരിക്കുന്നത്. ബിജുവിന്റെ ഒത്തുതീര്‍പ്പാണോ, ഉത്തരവാദിത്തപ്പെട്ട കമ്മീഷനെക്കാള്‍ സൂപ്രണ്ടിനു വലിയ കാര്യം? ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍ നിരുത്തരവാദപരമായി പെരുമാറിയതു ചൂണ്ടിക്കാണിച്ചപ്പോള്‍, അതിലും മോശമായ വിശദീകരണമാണു നല്‍കിയത്. ഇതു തൃപ്തികരമല്ല. അബദ്ധം പറ്റിയെങ്കില്‍ കമ്മീഷനെ കുറ്റംപറയുകയല്ല, അബദ്ധം സമ്മതിക്കുകയാണു വേണ്ടത്. ജയിലില്‍നിന്നു കേള്‍ക്കുന്ന കഥകള്‍ വളരെ മോശമാണ്. ഒരു രേഖയും കൃത്യമായി സൂക്ഷിക്കുന്നില്ല. സൂപ്രണ്ടിനെ വീണ്ടും വിളിച്ചുവരുത്തേണ്ടിവരുമെന്നു കമ്മീഷന്‍ പറഞ്ഞു.
ഈ വിവരം ഡിജിപിയുടെയും അദ്ദേഹത്തിന്റെ ഓഫിസിന്റെയും ശ്രദ്ധയില്‍പെടുത്തണമെന്ന് ഗവ. പ്ലീഡറോഡ് കമ്മീഷന്‍ നിര്‍ദേശിച്ചു. ബിജു രാധാകൃഷ്ണന്റെ പേരില്‍ 58 കേസുകള്‍ നിലവിലുണ്ടെന്ന ജയില്‍ സൂപ്രണ്ടിന്റെ വാദം പരിശോധിക്കണമെന്നും കമ്മീഷന്‍ ഗവ. പ്ലീഡര്‍ക്ക് നിര്‍ദേശം നല്‍കി. ഇന്നലെ മൊഴി നല്‍കാന്‍ ഹാജരാവേണ്ടിയിരുന്ന സരിത എസ് നായരും സരിതയുടെ ഡ്രൈവറായിരുന്ന അനുകുമാറും എത്തിയില്ല. സരിതയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാലാണു ഹാജരാവാത്തതെന്നും രണ്ടാഴ്ചയ്ക്കു ശേഷം സമയം അനുവദിക്കണമെന്നും അനുകുമാര്‍ ചെന്നൈയിലാണെന്നും ഇവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍, സാക്ഷികളുടെ കളിക്കു നില്‍ക്കാന്‍ കഴിയില്ലെന്നു കമ്മീഷന്‍ വ്യക്തമാക്കി. തുടര്‍ന്ന് അടുത്തമാസം ഏഴിനു സരിതയും അനുകുമാറും ഹാജരാവണമെന്നു കമ്മീഷന്‍ ഉത്തരവിട്ടു. സാക്ഷികള്‍ സമയത്തു ഹാജരാവാത്തതു കമ്മീഷന്റെ സമയബന്ധിതമായ അന്വേഷണത്തെ ബാധിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ടു സര്‍ക്കാരിനു കത്തയയ്ക്കുമെന്നും ജസ്റ്റിസ് ശിവരാജന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it