Kollam Local

ജയില്‍ ശിക്ഷ അനുഭവിക്കുന്നവരില്‍ ഭൂരിഭാഗം പേരും നിരക്ഷരര്‍: ജസ്റ്റിസ് ബി കെമാല്‍ പാഷ

കൊല്ലം: വിവിധ കേസുകളില്‍പ്പെട്ട് ശിക്ഷ അനുഭവിക്കുന്നവരില്‍ ഭൂരിഭാഗം പേരും നിരക്ഷരരാണെന്നും പുസ്തകവായനയില്‍ നിന്ന് ടിവിയിലേക്കുള്ള പുതിയ തലമുറയുടെ പോക്ക് അവരെ എങ്ങുമെത്തിക്കില്ലെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി കെമാല്‍ പാഷ അഭിപ്രായപ്പെട്ടു.
കൊല്ലം പബ്ലിക് ലൈബ്രറിയിലെ സരസ്വതി ഹാളില്‍ നടന്ന സത്കര്‍മ പുരസ്‌കാര സമര്‍പ്പണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘടനാപരവും വ്യക്തിപരവുമായ സേവനപ്രവര്‍ത്തനങ്ങളെ  സമൂഹം അംഗീകരിക്കണം.നല്ല മനസുള്ളവര്‍ക്കെ ജീവകാരുണ്യ പ്രവര്‍ത്തനം നടത്താന്‍ കഴിയൂ. ആര്‍ക്കും ഒന്നിനും സമയമില്ലാത്തതാണ് ഇന്നത്തെ നമ്മുടെ പ്രശ്‌നം. ഈ പ്രശ്‌നങ്ങള്‍ക്കിടയിലും സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ അംഗീകരിക്കേണ്ടതുണ്ട്. വൃദ്ധസദനങ്ങള്‍ ഇന്ന് നമ്മുടെ സംസ്ഥാനത്ത് വര്‍ധിച്ചുവരികയാണ്. സമ്പത്ത് നഷ്ടപ്പെട്ട് അവഗണനയും പേറി നിരവധി വയോജനങ്ങള്‍ മാനസികമായി വേദനിക്കുന്നുണ്ട്. വയസായ ആളുകളെ ആര്‍ക്കും വേണ്ടാതായി. ഇവരെ സംരക്ഷിക്കാന്‍ നമ്മുടെ നാട്ടില്‍ നിയമം തന്നെ വേണ്ടിവന്നു എന്നത് ഏറെ ഖേദകരമാണ്. നാമെല്ലാം വയസാകും, ഈ ബോധം എപ്പോഴും നമ്മുടെ ഉള്ളിലുണ്ടായിരിക്കണം. വയസായവരെ സംരക്ഷിക്കാന്‍ മക്കളെ മാതാപിതാക്കള്‍ ചെറുപ്പത്തിലേ പറഞ്ഞുമനസിലാക്കിപ്പിക്കണം.  നാം വൃദ്ധമാതാപിതാക്കളെ സംരക്ഷിക്കുന്നത് നമ്മുടെ മക്കളെ കാണിച്ചുകൊടുക്കണം. എന്നാലെ അവര്‍ നമ്മളേയും സംരക്ഷിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ അഡ്വ. ടി രഘുനാഥന്‍നായര്‍ അധ്യക്ഷത വഹിച്ചു. മേയര്‍ വി രാജേന്ദ്രബാബു, ഗവ.സെക്രട്ടറി ഡോ.ബി അശോക്, സിറ്റി പോലിസ് കമ്മീഷണര്‍ പി പ്രകാശ്, പ്രഫ. ജി ശരശ്ചന്ദ്രന്‍നായര്‍, എസ് ജയമോഹന്‍, കെ എസ് വിമല്‍കുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it