Editorial

ജയില്‍ കലാപം ഓര്‍മിപ്പിക്കുന്നത്

കഴിഞ്ഞ ദിവസം വാരണാസി ജില്ലാ ജയിലില്‍ ക്ഷുഭിതരായ തടവുകാരും ജയില്‍ ജീവനക്കാരും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലുകള്‍ നടന്നെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ജയില്‍ സൂപ്രണ്ടിനെ ബന്ദിയാക്കിയ തടവുകാര്‍ പിന്നീട് അയാളെ വിട്ടയച്ചെങ്കിലും കലാപത്തില്‍ ഡെപ്യൂട്ടി സൂപ്രണ്ടിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ജയില്‍ ബാരക്കുകളില്‍ ഒരുഭാഗത്തിന്റെ നിയന്ത്രണം കൈക്കലാക്കിയ തടവുകാര്‍ അവ അകത്തുനിന്നു ബന്ധിച്ചിരിക്കുകയാണ്. രണ്ടു തടവുകാരെ ജയില്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കംകുറിച്ചതെന്നാണ് പോലിസ് പറയുന്നത്. ഇത്തരം സംഭവങ്ങള്‍ ഇന്ത്യയില്‍ ആദ്യത്തേതല്ല. ഇന്ത്യയിലെ തടവറകളെക്കുറിച്ചു നിരവധി പരാതികള്‍ വിവിധ കോണുകളില്‍നിന്ന് നിരന്തരം ഉയര്‍ന്നുകേള്‍ക്കുന്നതാണ്. ഒരു ജനാധിപത്യരാജ്യത്തിന്റെ മൂല്യങ്ങളോട് പൊരുത്തപ്പെടും വിധമല്ല രാജ്യത്തെ തടവുകാര്‍ കൈകാര്യം ചെയ്യപ്പെടുന്നതെന്ന ആക്ഷേപം രാജ്യത്തിനകത്തും പുറത്തുമുള്ള മനുഷ്യാവകാശസംഘടനകളും പ്രവര്‍ത്തകരും ഇപ്പോഴും ഉന്നയിച്ചുകൊണ്ടിരിക്കുന്നു. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഏകാധിപത്യ ഭരണസംവിധാനം നിലനില്‍ക്കുന്ന രാജ്യങ്ങളിലുള്ളതിനേക്കാള്‍ ഭീകരമാണ് ഇന്ത്യന്‍ ജയിലുകളിലെ അവസ്ഥയെന്നു പറയുന്നു. തടവുപുള്ളികള്‍ക്കു മനുഷ്യത്വപരമായ മാന്യതയോ നിയമപരമായ പരിരക്ഷയോ കല്‍പിക്കപ്പെടുന്നില്ല. തടവുകാര്‍ക്കുനേരെയുള്ള ശാരീരിക പീഡനങ്ങള്‍ ഒരു അനുഷ്ഠാനംപോലെ സര്‍വസാധാരണമാണ്. മതപരവും ജാതീയവുമായ വിവേചനങ്ങളും അതിന്റെ പേരിലുള്ള അവഹേളനങ്ങളും പതിവാണ്.
തെറ്റിലേക്ക് വഴുതിപ്പോയ ഒരു പൗരന് ശിക്ഷാകാലാവധിക്കുശേഷം മാന്യവും സമാധാനപൂര്‍ണവുമായ മറ്റൊരു ജീവിതം സാധ്യമാക്കുകയാണ് പരിഷ്‌കൃതസമൂഹം ചെയ്യേണ്ടത്. അതിനുതകുന്നതരത്തിലുള്ള നിയമങ്ങള്‍ രാജ്യത്തുണ്ടുതാനും. തടവുകാരുടെ അവകാശങ്ങളെക്കുറിച്ച അന്താരാഷ്ട്ര പ്രഖ്യാപനങ്ങള്‍ ഈ വസ്തുത ഊന്നിപ്പറയുന്നു. ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാനാവുന്ന തരത്തില്‍ തടവുകാരുടെ വ്യക്തിപരവും സാമൂഹികവുമായ മാന്യതയും അന്തസ്സും തടവറകള്‍ക്കകത്തും സുരക്ഷിതമാവണം. തടങ്കല്‍ നിരന്തരമായ പീഡനമായി മാറുമ്പോള്‍ തടവുകാരില്‍ അതുണ്ടാക്കുന്ന പ്രതിഫലനങ്ങള്‍ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ചെറിയ കുറ്റവാളികള്‍ കൊടുംകുറ്റവാളികളായി പുറത്തുവരാന്‍ ഇന്ത്യന്‍ ജയിലുകള്‍ക്കകത്തെ സാഹചര്യം കാരണമാവുന്നുവെന്ന യാഥാര്‍ഥ്യം ഗൗരവപൂര്‍വം കാണേണ്ടതുണ്ട്.
രാജ്യത്തെ ഇത്തരം സംഭവങ്ങള്‍ നമ്മുടെ ജനാധിപത്യസങ്കല്‍പങ്ങളുടെ മേല്‍ കരിനിഴലായി വീണുകിടക്കുന്നു. അതിനാല്‍ തന്നെ ഇതൊരു ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാതെ ജയില്‍സംവിധാനം സമൂലമായ പരിഷ്‌കരണത്തിനു വിധേയമാക്കാന്‍ അധികൃതര്‍ തയ്യാറാവേണ്ടതുണ്ട്.
Next Story

RELATED STORIES

Share it