ജയില്‍ ഉദ്യോഗസ്ഥനെതിരേ നടപടി വേണം: സിപിഎം

കണ്ണൂര്‍/കൊച്ചി: പി ജയരാജനെ വിദഗ്ധ ചികില്‍സയ്ക്കായി തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് കൊണ്ടുപോവാന്‍ വൈകിയതും അര്‍ധരാത്രി യാത്രതിരിക്കാന്‍ ഇടയാക്കിയതുമായ സംഭവത്തില്‍ ജയില്‍ ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
പി ജയരാജന് അടിയന്തരമായി വിദഗ്ധ ചികില്‍സ ലഭ്യമാക്കണമെന്ന് കാണിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ ഫെബ്രുവരി 20ന് ജയിലധികൃതര്‍ക്ക് ശുപാര്‍ശ നല്‍കിയതാണ്. എന്നാല്‍, മൂന്നുദിവസത്തിനുശേഷം മാത്രമാണ് ശ്രീചിത്രയിലേക്ക് അയക്കുന്നത്. ജയരാജനോട് മനുഷ്യത്വപരമായ സമീപനം സര്‍ക്കാരും സിബിഐയും ജയിലധികൃതരും സ്വീകരിച്ചില്ലെന്നും സിപിഎം ആരോപിച്ചു.
ജയരാജനെ വേട്ടയാടുന്നതിന് പിന്നില്‍ ആര്‍എസ്എസ്-കോണ്‍ഗ്രസ് ഗൂഢാലോചനയാണ്. അതില്‍ ഒരു ജയിലുദ്യോഗസ്ഥന്‍ ഏര്‍പ്പെടുന്നത് ഒട്ടും ആശാസ്യമല്ല. തന്റെ രാഷ്ട്രീയ യജമാനന്മാരെ തൃപ്തിപ്പെടുത്താനാണ് ജയിലുദ്യോഗസ്ഥന്‍ ജയരാജന് വിദഗ്ധ ചികില്‍സ ലഭ്യമാക്കാന്‍ വൈകിപ്പിച്ചത്. മെഡിക്കല്‍ ബോര്‍ഡിന്റെ റിപോര്‍ട്ട് കിട്ടിയാല്‍ കഴിയുന്നതും വേഗത്തില്‍ ശുപാര്‍ശ ചെയ്ത ആശുപത്രിയില്‍ എത്തിക്കാനുള്ള ബാധ്യത ജയിലധികൃതര്‍ക്കാണ്. എന്നാല്‍, ജയില്‍ സൂപ്രണ്ടാവട്ടെ കാര്യമായ അസുഖമൊന്നും ജയരാജിനില്ലെന്ന് മാധ്യമങ്ങളോട് പറയുകയാണ് ചെയ്തതെന്നും വാര്‍ത്താക്കുറിപ്പില്‍ ആരോപിക്കുന്നു.
പി ജയരാജന്‍ സഞ്ചരിച്ച ആംബുലന്‍സ് അപകടത്തില്‍പ്പെട്ടതു ഗൗരവതരമായി പരിഗണിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും എം വി ജയരാജന്‍ കൊച്ചിയില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it